ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ സാക്ഷി; നടി റോമ മൊഴി നല്‍കി: കൃത്യമായി പ്രതിഫലം ലഭിച്ചു
തിരുവനന്തപുരം: ടോട്ടല്‍ ഫോര്‍ യു എന്ന നിക്ഷേപക സ്ഥാപനം തുടങ്ങി കോടിക്കണക്കിന് രൂപ തട്ടിയ കേസ് കേരളത്തില്‍ വലിയ വിവാദമായിരുന്നു. സ്ഥാപനം തുടങ്ങിയ ശബരീനാഥ് ചുരുങ്ങിയ കാലം കൊണ്ട് 50 കോടിയിലേറെ രൂപയാണ് 700ലധികം നിക്ഷേപകരില്‍ നിന്നായി തട്ടിയെടുത്തത്. സ്ഥാപനത്തിന് റിസര്‍വ് ബാങ്കിന്റെ ലൈസന്‍സ് ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടിയത്.
2007-08 കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോള്‍ ഈ കേസില്‍ നടി റോമയെ കോടതി വിസ്തരിച്ചു. കമ്പനിയുമായി യാതൊരു ബന്ധവുമില്ല എന്നാണ് റോമ മൊഴി നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഈ കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നത്. കേസില്‍ ഒന്നാംപ്രതി ശബരീനാഥ് നേരത്തെ തന്നെ കുറ്റം സമ്മതിച്ചിരുന്നു.

കേസില്‍ റോമ 179-ാം സാക്ഷിയായിട്ടാണ് മൊഴി നല്‍കിയത്. കേസിലെ 320 സാക്ഷികളില്‍ ഒരാളാണ് നടി. ടോട്ടല്‍ ഫോര്‍ യു കമ്പനിയുടെ മ്യൂസിക് ആല്‍ബത്തില്‍ റോമ അഭിനയിച്ചിരുന്നു. ഈ ആല്‍ബം പുറത്തിറക്കുന്നതിനാണ് തന്നെ ക്ഷണിച്ചത്. പരിപാടിയില്‍ പങ്കെടുത്ത് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മടങ്ങുകയും ചെയ്തു. സ്ഥാപനത്തിന്റെ ഉടമ ശബരീനാഥിനെയോ മറ്റ് ടോട്ടല്‍ ഫോര്‍ യു അംഗങ്ങളെയോ പരിചയമില്ലെന്നും നടിയുടെ മൊഴിയില്‍ പറയുന്നു.
ജനങ്ങളില്‍ നിന്ന് തട്ടിപ്പ് നടത്തി സമ്പാദിച്ച പണം ഉപയോഗിച്ചാണ് ശബരീനാഥ് മ്യൂസിക് ആല്‍ബം നിര്‍മ്മിച്ചത്. ആല്‍ബത്തില്‍ ശബരീനാഥും അഭിനയിച്ചിരുന്നു. തനിക്ക് കൃത്യമായ പ്രതിഫലം നല്‍കിയത് കൊണ്ടാണ് ആല്‍ബത്തില്‍ അഭിനയിച്ചതെന്ന് റോമ മൊഴി നല്‍കി. അതിനപ്പുറത്തേക്ക് ഈ കമ്പനിയുമായി യാതൊരു ബന്ധവുമില്ലെന്നും റോമ വ്യക്തമാക്കി. ഉദ്ഘാടനം കഴിഞ്ഞ് ഉടനെ മടങ്ങുകയും ചെയ്തു. മലയാള സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസില്‍ റോമയുടെ പേരും ഉയര്‍ന്നു കേട്ടത്.
അന്ന് കൗമാരക്കാരനായിരുന്ന ശബരീനാഥിന്റെ വാക്കു കേട്ട് നിരവധി പേരാണ് തട്ടിപ്പില്‍ വീണത്. കുറുക്കു വഴികളിലൂടെ പണം ഇരട്ടിയായി സമ്പാദിക്കാന്‍ ശ്രമിച്ചവരാണ് ശബരീനാഥിന്റെ വലയില്‍ വീണത്. ചലച്ചിത്ര താരങ്ങളും ബിസിനസുകാരും ദിവസ വേതനക്കാരും ഉള്‍പ്പെടെ ശബരീനാഥിന്റെ തട്ടിപ്പിന് ഇരയായിരുന്നു.


Click it and Unblock the Notifications