പ്രവാസിയുടെ ഭാര്യയോട് യുവാവിന്റെ ക്രൂരത; ശരീരത്തിൽ 31 കുത്ത്, നാട്ടുകാർ എത്തിയിട്ടു മാറാതെ പ്രതി!
കൊല്ലം: മകളെ സ്കൂളിലാക്കി മടങ്ങി വരവേ, യുവതിയെ പതിയിരുന്ന അയൽവാസി കുത്തിക്കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവിരങ്ങൾ പുറത്ത്. രാവിലെ 9.35 ഓടെ കുണ്ടറ കേരളപുരം അഞ്ചുമുക്കിലാണ് സംഭവം നടന്നത്. അഞ്ചുമുക്ക് സ്വദേശി ഷൈലയാണ് (40) മരിച്ചത്. കേരളപുരം സ്വദേശി അനീഷാണ് യുവതിയെ കുത്തിക്കൊന്നത്. പ്രവാസിയുടെ ഭാര്യയാണ് കൊല്ലപ്പെട്ടത്. പ്രതിയുമായി ഇവർ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നും പിന്നീട് തമ്മിൽ തെറ്റിയതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമായിരുന്നു കഴിഞ്ഞ ദിവസം വാർത്തൾ വന്നിരുന്നത്.
ഇളയ മകളെ സ്‌കൂളിലേക്ക് ബസ് കയറ്റിവിട്ടശേഷം പാൽ വാങ്ങാനായി പുറത്തേക്കിറങ്ങിയതായിരുന്നു യുവതി. ഒളിഞ്ഞുനിൽക്കുകയായിരുന്ന പ്രതി പിന്നിൽനിന്നെത്തിയാണ് കുത്തിവീഴ്ത്തിയത്. അയൽ വീടിന്റെ ഗേറ്റിനുമുന്നിലാണ് കുത്തേറ്റുവീണത്. അതിക്രൂരമായ കൊലപാതകം അനീഷ് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ലഹരിപദാർത്ഥങ്ങൾക്ക് അടിമ
ടെമ്പോ ലോറി ഡ്രൈവറായ അനീഷ് നിരവധി കേസുകളിൽ പ്രതിയാണ്. ലഹരിപദാർത്ഥങ്ങൾക്ക് അടിമയായിരുന്ന പ്രതി യുവതിയെ നിരന്തരം ശല്യംചെയ്തിരുന്നതായി പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച് യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ആക്രമിച്ചതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. യുവതി മകളെ സ്‌കൂളിലാക്കാൻ പുറത്തിറങ്ങുമെന്ന് അറിയാവുന്ന പ്രതി ബൈക്കിൽ വന്ന് പരിസരത്ത് ഒളിച്ചു നിൽക്കുകയായിരുന്നു അനീഷ്.

തലങ്ങും വിലങ്ങും 31 കുത്തുകൾ
എന്നാൽ മകളെ സ്കൂളിൽ വിട്ട് യുവതി വീട്ടിൽ കയറിയിരുന്നു. ഇതിന് പിന്നാലെ പാൽ വാങ്ങാനായി പുറത്തേക്ക് വരുകയും ചെയ്തു. യുവതി പുറത്തേക്ക് പോകുന്നതു കണ്ട് പിന്നാലെ എത്തി കുത്തിവീഴ്ത്തുകയായിരുന്നു. 31 കുത്തുകളാണ് ശരീരത്തിലേറ്റത്. നിലത്തുവീണ യുവതിയെ തലങ്ങും വിലങ്ങും കുത്തുകയായിരുന്നു. ഴുത്തിന്റെ ഇരുവശത്തും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളായിരുന്നു. പിന്നീട് മരണം ഉറപ്പുവരുത്തുന്നതുവരെ അവിടെ തന്നെ നിലിയുറപ്പിക്കുകയായിരുന്നു അനീഷ്.

നാട്ടുകാർ കൂടിയിട്ടും മാറാതെ അനീഷ്
മരണം ഉറപ്പാക്കിയശേഷം അതിനോട് ചേർന്നുള്ള വീടിന്റെ ഗേറ്റ് തുറന്ന് കയറി ടാപ്പിൽനിന്ന് വെള്ളമെടുത്ത് കത്തിയിലെ ചോരപ്പാടുകൾ കഴുകിക്കളഞ്ഞു. പുറത്തിറങ്ങി വീണ്ടും യുവതിക്കു സമീപം നിലയുറപ്പിച്ചു. സമീപത്തെ വീടുകളെല്ലാം മതിൽകെട്ടുകൾക്ക് ഉള്ളിലാണ്. ആക്രമണ ശേഷമാണ് സംഭവം അയൽക്കാർ അറിഞ്ഞത്. ആ വീടുകളിലെ സ്ത്രീകൾ നിലവിളിച്ചു ബഹളംകൂട്ടിയെങ്കിലും അനീഷ് പിന്മാറാൻ തയ്യാറായില്ല.

ഓടിരക്ഷപ്പെടാൻ ശ്രമം
പ്രദേശവാസികൾ വിവരം അറിയിച്ചതനുസരിച്ചു കുണ്ടറയിൽ നിന്നും പൊലീസ് എത്തിയാണ് ഷാജിലയെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. യുവതിയെ പോലീസ് വാഹനത്തിൽ കയറ്റിയതിന് ശേഷമാണ് അനീഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. തുടർന്ന് പോലിസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബൈക്കിൽ കത്തിയോടൊപ്പം മുളകുപൊടിയും പ്രതി കരുതിയിരുന്നുവെന്ന് പോലീസ് പറയുന്നു.

ഇതിന് മുമ്പും ആക്രമിക്കാൻ ശ്രമിച്ചു
ഇത് ആദ്യമല്ല യുവതിയെ ആക്രമിക്കാൻ അനീഷ് മുതിരുന്നത്. ആറുമാസം മുമ്പ് വീട്ടിനുള്ളിൽ കയറി യുവതിയെ ആക്രമിക്കാൻ അനീഷ് ശ്രമിച്ചിരുന്നു. ഇവർ അയൽവീട്ടിലേക്ക് ഓടിക്കയറിയാണ് അന്ന് രക്ഷപ്പെട്ടത്. രോഷാകുലനായ അനീഷ് അന്ന് വീട്ടുടമയെ അവരുടെ വീട്ടിൽ കയറി മർദ്ദിച്ചിരുന്നു. ഇതിനെതിരേ കുണ്ടറ പോലിസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച രാത്രിയിലും പ്രതി യുവതിയുടെ വീടിനുമുന്നിലെത്തി ബഹളമുണ്ടാക്കിയിരുന്നുവെന്നാണ് റിപ്പോർട്ട്.