ശിവസേന എംഎൽഎമാരുടെ വൈ കാറ്റഗറി സുരക്ഷ എടുത്ത് കളഞ്ഞു; ഫഡ്നാവിസ്-ഷിൻഡെ തർക്കം രൂക്ഷമാകുന്നു
മഹാരാഷ്ട്രയിൽ ബി ജെ പി-ശിവസനേ സഖ്യത്തിൽ തർക്കം രൂക്ഷമാകുന്നുവെന്ന് റിപ്പോർട്ട്. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ ശിവസേന പക്ഷത്തുള്ള 20 എംഎൽഎമാരുടെ വൈ കാറ്റഗറി സെക്യൂരിറ്റി സുരക്ഷ എടുത്ത് കളഞ്ഞ നടപടിയാണ് ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്ക് ആക്കം കൂട്ടുന്നത്. ബി ജെ പിയിലേയും അജിത് പവാർ നയിക്കുന്ന എൻ സി പിയിലേയും എംഎൽഎമാരുടെ സുരക്ഷ എടുത്ത് കളഞ്ഞിട്ടുണ്ടെങ്കിലും കൂടുതലും ശിവേസന എം എൽ എ മാരുടേതാണെന്നാണ് ആക്ഷേപം.
2022 ൽ ഉദ്ധവിന്റെ ശിവസേനയുമായി പിരിഞ്ഞ് ബി ജെ പിക്ക് കൈകൊടുത്ത് സർക്കാരിന്റെ ഭാഗമായത് മുതൽ ഷിൻഡെ പക്ഷത്തുള്ള 44 എം എൽ എമാർക്കും 11 ലോക്സഭ എംപിമാർക്കും സർക്കാർ വൈ കാറ്റഗറി സുരക്ഷ നൽകിയിരുന്നു. എന്നാൽ സുരക്ഷ നടപടികൾ വിലയിരുത്തിയതിന് ശേഷം ഇവരുടേതുൾപ്പെടെ പല എം എൽ എമാരുടേയും സുരക്ഷ എടുത്ത് കളയാൻ സർക്കാർ തീരിമാനിക്കുകയായിരുന്നുവെന്നാണ് പാർട്ടി വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം സുരക്ഷ സംബന്ധിച്ചുള്ള കാര്യത്തിൽ തീരുമാനം കൈക്കൊള്ളുന്നത് സെക്യൂരിറ്റി റിവ്യൂ കമ്മിറ്റിയാണെന്നും പാനൽ കാലാകാലങ്ങളിൽ സുരക്ഷ അവലോകനം ചെയ്യുകയും അതിനനുസരിച്ച് തീരുമാനിക്കുകയും ചെയ്യാറുണ്ടെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. സമിതിയുടെ തീരുമാനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഇല്ലെന്നും ഇപ്പോഴത്തെ നടപടിയിൽ രാഷ്ട്രീയം കലർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ തമ്മിൽ യാതൊരു പ്രശ്നും ഇല്ലെന്ന് ഏക്നാഥ് ഷിൻഡെയും പ്രതികരിച്ചു. മഹാവികാസ് അഘാഡിയെ പോലെ ഏതെങ്കിലും പദവിയല്ല മഹയുതിക്ക് പ്രധാനമെന്നും മറിച്ച് നാടിന്റെ വികസനവും ജനങ്ങളുടെ ഉന്നമനവുമാണെന്നും ഷിൻഡെ പറഞ്ഞു. 'മഹാരാഷ്ട്രയുടെ വികസനത്തിനെതിരെ നിൽക്കുന്നവർക്കെതിരെയാണ് ഞങ്ങളുടെ യുദ്ധം. ഞങ്ങൾ ഠണ്ടാ ഠണ്ടാ കൂൾ കൂൾ ആണ്. സംസ്ഥാനത്തിന്റെ ഉന്നതിക്ക് വേണ്ടിയാണ് ഞഹ്ങൾ കൈകോർത്തത്', ഷിൻഡെ പറഞ്ഞു. അതേസമയം എം എൽ എമാരുടെ സുരക്ഷ ഒഴിവാക്കിയ നടപടി ഒരു വിഭാഗം നേതാക്കളിൽ അതൃപ്തിക്ക് കാരണമാകുന്നുണ്ട്.
റായ്ഗഡിലേക്കും നാസിക്കിലേക്കും ഗാർഡിയൻ മന്ത്രി സ്ഥാനങ്ങൾ അനുവദിക്കാത്തതുമായി ബന്ധപ്പെട്ടാണ് ബി ജെ പിയും ഷിൻഡെ പക്ഷവും തമ്മിലുള്ള അതൃപ്തി തുടങ്ങിയത്. അടുത്തിടെ മഹാകുംഭമേളയുമായി ബന്ധപ്പെട്ട് ഫഡ്നാവിസ് വിളിച്ച് ചേർത്ത യോഗത്തിലും ഷിൻഡെ പങ്കെടുത്തിരുന്നില്ല. ഇതെല്ലാം ഇരുപാർട്ടികളും തമ്മിലുള്ള അതൃപ്തികൾ ഉയർത്തിയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.












Click it and Unblock the Notifications