പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു: അമ്മാക്ക് ഗുരുതര പരിക്ക്; ഇന്ന് സിപിഎം ഹർത്താല്‍
പാലക്കാട്: മുണ്ടൂരില്‍ കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വീട്ടിലേക്ക് നടന്നു പോകുകയായിരുന്ന കയറംകോടം കണ്ണാടൻച്ചോല അത്താണിപ്പറമ്പിൽ കണ്ണാടൻച്ചോല കുളത്തിങ്കൽ ജോസഫ് മാത്യുവിന്റെ മകൻ അലൻ ജോസഫ്(23) ആണ് മരിച്ചത്. അലന്‍ ജോസഫിനോടൊപ്പം ഉണ്ടായിരുന്ന അമ്മ വിജിക്ക് (46) ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. വിജിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട്‍ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സംഭവം നടന്നയുടൻ ആനയുടെ ചിന്നം വിളി കേട്ടതായി നാട്ടുകാർ പറയുന്നുണ്ട്. ആനപ്പേടിയില്‍ ആളുകള്‍ പുറത്ത് ഇറങ്ങിയില്ലെങ്കിലും വിജി ഫോണിൽ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും അലന്റെ ജീവന്‍ നഷ്ടമായിരുന്നു. പുതുപ്പരിയാരത്തുള്ള ബന്ധു വീട്ടിൽ പോയി വരുമ്പോള്‍ ഇന്നലെ രാത്രി എട്ടോടെയായിരുന്നു സംഭവം. വീട് എത്തുന്നതിന്റെ 50 മീറ്റർ മുൻപാണ് ദാരുണമായ അപകടം. കൊല്ലത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്ന അലൻ, ഞായറാഴ്ച രാവിലെയായിരുന്നു വീട്ടിലെത്തിയെത്. ആന്‍മേരിയാണ് അലന്റെ സഹോദരി.

വിഷയത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ദിവസങ്ങളായി മേഖലയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരുന്നു. എന്നാല്‍ കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ല എന്ന് മുണ്ടൂർ പഞ്ചായത്തിലെ സി പി എം നേതാവ് പി എ ഗോകുല്‍ ദാസ് പറഞ്ഞു. കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂർ പഞ്ചായത്തിൽ ഉച്ചവരെ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും , വനമന്ത്രിയോട് അടിയന്തരം നടപടി ആവശ്യപ്പെട്ടെന്നും സ്ഥലം എം എൽ എ പ്രഭാകരന്‍ അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബി ജെ പി ഇന്ന് ഡി എഫ് ഓഫീസിലേക്ക് ഉപരോധിക്കും.
അതേസമയം കാട്ടാന ആക്രമിച്ച് ഒരാൾ മരണപ്പെട്ട സംഭവത്തില്‍ ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും ജില്ലാ കളക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആനയെ പ്രദേശത്ത് നിന്നും ഉള്‍ക്കാട്ടിലേക്ക് തുരത്താനും ആവശ്യമായ പോലീസ് സഹായം ഉള്‍പ്പെടെ നല്‍കാനുമാണ് നിർദേശം. പ്രതിരോധ പരിപാടിയില്‍ കൂടുതല്‍ ആർആർടി അംഗങ്ങളെ പങ്കെടുപ്പിക്കും. ഫെൻസിങ്ങ് ഉള്ളതായി ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്. മരണപ്പെട്ട ആളുടെ കുടുംബത്തിന് ഉടന്‍ നഷ്ട പരിഹാരം നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications