മുന്‍ മന്ത്രിയുടെ സ്വത്ത് തട്ടിയെടുക്കല്‍; പ്രേമചന്ദ്രനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി
കൊല്ലം: ആര്‍ എസ് പി നേതാവും കൊല്ലം എം പിയുമായ എന്‍ കെ പ്രേമചന്ദ്രനെതിരായ കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പൊലീസ്. മുന്‍ മന്ത്രിയും ആര്‍ എസ് പി സംസ്ഥാന സെക്രട്ടറിയുമായിരുന്ന ആര്‍ എസ് ഉണ്ണിയുടെ സ്വത്ത് തട്ടാന്‍ ശ്രമിച്ച കേസിലാണ് പ്രേമചന്ദ്രനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചേര്‍ത്തിരിക്കുന്നത്.
വഞ്ചനാകുറ്റം, മോഷണം, ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രേമചന്ദ്രനടക്കമുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വിഷയത്തില്‍ ശക്തികുളങ്ങര പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. തുടരന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് പുതിയ വകുപ്പുകള്‍ ചുമത്തിയത്.
ആര്‍ എസ് ഉണ്ണിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന ചെറുമകളുടെ പരാതിയിലാണ് പ്രേമചന്ദ്രന്‍ എം പി അടക്കം നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്‍ സെക്രട്ടറി കെ പി ഉണ്ണിക്കൃഷ്ണന്‍, ചെയര്‍മാന്‍ എന്‍ കെ പ്രേമചന്ദ്രന്‍ എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കിയായിരുന്നു കേസ്.

അതിക്രമിച്ചു കടക്കല്‍, അസഭ്യം പറയല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ആദ്യം കേസെടുത്തത്. ആര്‍ എസ് ഉണ്ണിയുടെ ശക്തികുളങ്ങരയിലെ കുടുംബസ്വത്തില്‍ ഫൗണ്ടേഷന്‍ വ്യാജരേഖ ചമച്ച് വൈദ്യുതി കണക്ഷന്‍ എടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
ശക്തികുളങ്ങര സ്വദേശികളായ ഹരികൃഷ്ണന്‍, പുഷ്പന്‍ എന്നിവരും കണ്ടാലറിയാവുന്ന ആര്‍ എസ് പി പ്രവര്‍ത്തകരുമാണ് കേസിലെ മറ്റ് പ്രതികള്‍. ആര്‍ എസ് ഉണ്ണിയുടെ ചെറുമകള്‍ അഞ്ജന വി ജയ് ആണ് പരാതി നല്‍കിയത്.
പ്രാദേശിക ആര്‍ എസ് പി നേതാവിന്റെ നേതൃത്വത്തില്‍ ആര്‍ എസ് ഉണ്ണിയുടെ കൊല്ലത്തെ കുടുംബവീട് കൈയ്യടക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ആര്‍ എസ് ഉണ്ണിയുടെ ചെറുമക്കളായ അമൃതയ്ക്കും അഞ്ജനയ്ക്കുമാണ് വീടിന്റെ നിയമപരമായ അവകാശം. എന്നാല്‍ ശക്തികുളങ്ങരയിലെ പ്രാദേശിക ആര്‍ എസ് പി നേതാക്കള്‍ ഈ അവകാശം അംഗീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിന്റെ പേരിലാണ് പ്രശ്നങ്ങള്‍ ഉണ്ടായത്.
ഇതില്‍ എന്‍ കെ പ്രേമചന്ദ്രനും ഇടപെട്ടുവെന്നും അദ്ദേഹം പ്രതികള്‍ക്കൊപ്പം നിലകൊണ്ടൂവെന്നുമാണ് ആരോപണം. ഇതിനിടെ ആര്‍ എസ് ഉണ്ണി ഫൗണ്ടേഷന്റെ പേരില്‍ തട്ടിപ്പ് നടത്തിയ കാര്യം അറിഞ്ഞിട്ടും ആര്‍ എസ് പി നേതാക്കള്‍ പ്രശ്നപരിഹാരത്തിന് ഇടപെട്ടില്ലെന്നും ആരോപണമുണ്ട്. ഫൗണ്ടേഷന്റെ പേരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നീക്കം ചെയ്യാന്‍ തയ്യാറാകാതെ തങ്ങളെ ആര്‍ എസ് പിക്കാര്‍ ബുദ്ധിമുട്ടിക്കുകയാണെന്നും പരാതിക്കാര്‍ വ്യക്തമാക്കി.












Click it and Unblock the Notifications