പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം: 104 കേന്ദ്രങ്ങളിൽ മതനിരപേക്ഷ കൂട്ടായ്മ നടത്തും
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഎം: 104 കേന്ദ്രങ്ങളിൽ മതനിരപേക്ഷ കൂട്ടായ്മ നടത്തും!!
കണ്ണൂർ: മതാടിസ്ഥാനത്തിൽ പൗരത്വം നിർണയിക്കുന്ന നിയമം ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിച്ച് കണ്ണൂർജില്ലയിൽ 104 കേന്ദ്രങ്ങളിൽ ഭരണഘടനാസംരക്ഷണ കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്ന് സിപി.എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. പ്രാദേശികമായി രൂപീകരിച്ച ഭരണഘടനാ സംരക്ഷണ സമിതികളുടെ നേതൃത്വത്തിലാണ് ബഹുജന കൂട്ടായ്‌മ. വർഗീയ–തീവ്രവാദ സംഘടനകൾ ഒഴികെ മതനിരപേക്ഷ, ജനാധിപത്യ നിലപാടുകൾ സ്വീകരിക്കുന്ന പാർടികളും സംഘടനകളും വ്യക്തികളും ഉൾക്കൊള്ളുന്നതാണ് ഈ സമിതികൾ. ജില്ലയിലെ 25 കേന്ദ്രങ്ങളിൽ ഇതിനകം കൂട്ടായ്‌മ സംഘടിപ്പിച്ചു. ഇതിൽ പങ്കെടുത്ത വ്യത്യസ്ത വിഭാഗം ജനങ്ങളുടെ വൻപങ്കാളിത്തമാണ് മറ്റിടങ്ങിൽകൂടി പരിപാടി സംഘടിപ്പിക്കാൻ പ്രചോദനമായതെന്നും ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
13ന് വൈകിട്ട് നാലിന് തലശേരിയിൽ നടക്കുന്ന ഭരണഘടനാ സംരക്ഷണ ബഹുജനറാലിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ,എൽഡിഎഫ് നേതാക്കൾ, വിവിധ സമുദായ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. തലശേരിക്കു പുറമെയാണ് 104 കേന്ദ്രങ്ങളിൽ കൂട്ടായ്മകൾ.

'പൗരത്വഭേദഗതി നിയമം അറബിക്കടലിൽ’ എന്ന സന്ദേശമുയർത്തി നടത്തിയ മാർച്ചുകളെ അഭിവാദ്യം ചെയ്തും കുടിവെള്ളവും ലഘുഭക്ഷണവും നൽകിയും മുസ്ലിംലീഗ്, കോൺഗ്രസ് തുടങ്ങിയ പാർടികളുടെ പ്രവർത്തകരും അനുഭാവികളും ഉൾപ്പെടെ രംഗത്തുവന്നു. പുന്നോൽ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ ലീഗ് പ്രവർത്തകർ കൊടി പിടിച്ചാണ് അഭിവാദ്യം ചെയ്യാനെത്തിയത്.
മതാടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതിനെതിരെയും ഭരണഘടനാ സംരക്ഷണ കാര്യത്തിലും സങ്കുചിത രാഷ്ട്രീയമല്ല, വിശാല മതനിരപേക്ഷ ഐക്യമാണ് വേണ്ടത്. അതേസമയം, വർഗീയ–- തീവ്രവാദ നിലപാട് സ്വീകരിക്കുന്ന സംഘടനകളെ ഈ സമരത്തിന്റെ ഭാഗമാക്കാതിരിക്കാനും ജാഗ്രതയുണ്ടാകണം. അല്ലെങ്കിൽ, സമരത്തിന്റെ വിശ്വാസ്യത തകരും.
മതന്യൂനപക്ഷത്തിന്റെ ഉൽക്കണ്‌ഠ ആർഎസ്‌എസ്സിന്റെ മറുപതിപ്പുകളായ മതവർഗീയ, തീവ്രവാദ ശക്തികളുടെ സഹായത്തോടെയല്ല, ജാതിക്കും മതത്തിനും അതീതമായി, മതനിരപേക്ഷമായി ജനങ്ങളെ അണിനിരത്തിയാണ് പരിഹരിക്കേണ്ടതെന്നും ജയരാജൻ പറഞ്ഞു. ഭരണഘടനസംരക്ഷണ റാലിയും ഈ മാസം21 വരെയുള്ള ദിവസങ്ങളിൽ നടക്കുന്ന കൂട്ടായ്മകളും വിജയിപ്പിക്കാൻ മുഴുവൻ ജനാധിപത്യ, മതനിരപേക്ഷ വിശ്വാസികളോടും ജയരാജൻ ആവശ്യപ്പെട്ടു.












Click it and Unblock the Notifications