കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസ്: വിധി നവംബർ 4 ന് പറയും, സ്ഫോടനം നടന്നത് 2016ൽ
കൊല്ലം: കൊല്ലം കളക്ടറേറ്റ് ബോംബ് സ്ഫോടന കേസിൽ നവംബർ 4 ന് വിധി പറയും. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി ആയിരിക്കും വിധി പറയുക. 2016 ജൂൺ 15 നാണ് കൊല്ലം കളക്ടറേറ്റിൽ സ്ഫോടനമുണ്ടായത്. മധുര സ്വദേശികളായ അബ്ബാസ്, ദാവൂദ് സുലൈമാൻ, ഷംസൂൺ കരിം രാജ, ഷംസുദ്ദിൻ എന്നിവരാണ് കേസിലെ പ്രതികൾ.
നാല് പേരെയും കോടതിയിൽ നേരിട്ട് ഹാജരാക്കും. ഒക്ടോബർ 29 ന് വിധി പറയാനിരുന്ന കേസിൽ പ്രതികളുടെ മൊഴികളിൽ കോടതി കൂടുതൽ വ്യക്തത തേടിയിരുന്നു. ഇന്നലെയും ഇന്നുമായി കേസിൽ വാദം നടന്നു. വാദത്തിന് പിന്നാലെയാണ് നാലാം തീയതി വിധി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്.

മുൻസിഫ് കോടതിക്കും സബ് ട്രഷറിക്കുമിടയിൽ നിർത്തിയിട്ടിരുന്ന ജീപ്പിന് സമീപത്തായിരുന്നു സ്ഫോടനം. രണ്ട് ചോറ്റുപാത്രങ്ങൾക്കുള്ളിൽ ഡിറ്റണേറ്റുകളും ബാറ്ററിയും വെടിമരുന്നും നിറച്ചാണ് സ്ഫോടനം നടത്തിയത്. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.
ആന്ധ്രപ്രദേശിലെ ചിറ്റൂർ, നെല്ലൂർ, കർണാടകത്തിലെ മൈസൂരു എന്നിവിടങ്ങളിലെ കോടതി വളപ്പിൽ ആ വർഷം സ്ഫോടനം നടന്നിരുന്നു.
ഷംസൂൺ കരിം രാജയാണ് എല്ലായിടത്തും ബോംബ് സ്ഥാപിച്ചത് എന്നാണ് പോലീസ് കണ്ടെത്തിയത്.
സ്ഫോടന കേസിൽ ബേസ് മൂവ്മന്റ് പ്രവർത്തകനായ മുഹമ്മദ് അയൂബിനെ മാപ്പ് സാക്ഷിയാക്കിയിരിക്കുന്നു. ചോദ്യം ചെയ്യലിലും മറ്റ് അന്വേഷണങ്ങളിലും മുഹമ്മദ് അയൂബ് മാത്രമാണ് പോലീസുമായി സഹകരിച്ചത്. സ്ഫോടനത്തിൽ മറ്റ് നാല് പേർക്കുള്ള പങ്കാളിത്തം വ്യക്തമാക്കുന്ന മൊഴിയാണ് മുഹമ്മദ് അയൂബ് നൽകിയത്.












Click it and Unblock the Notifications