10 മണി കഴിഞ്ഞിട്ടും കസേരകള്‍ കാലി; സമയത്തിനെത്താത്ത ഉദ്യോഗസ്ഥര്‍ക്ക് എട്ടിന്റെ പണികൊടുത്ത് മെമ്പര്‍
കൊല്ലം: പലപ്പോഴും സർക്കാർ ഓഫീസുകളെക്കുറിച്ച് വ്യാപകമായി രീതിയിൽ കേൾക്കുന്ന പരാതിയാണ് കൃത്യസമയത്ത് ഓഫീസിൽ എത്താറില്ല എന്നത്. ഇതിന്റെ പേരിൽ പലപ്പോഴും വഴക്കും തർക്കവും നടന്നിട്ടുണ്ട്. എന്നിട്ടും പ്രത്യേകിച്ച് മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് പല സംഭവങ്ങളും തുറന്നുകാട്ടുന്നത്.
ഇപ്പോൾ സമയം വൈകി ഉദ്യോഗസ്ഥർ വന്നതിന്റെ പേരിൽ പഞ്ചായത്ത് ഓഫീസിൽ നടന്ന ഒരു സംഭവമാണ് ചർച്ച ചെയ്യപ്പെടുന്നത്....

രാവിലെ 10 മണി കഴിഞ്ഞിട്ടും പഞ്ചായത്ത് ഓഫീസിൽ ഹാജരാകാത്ത ഉദ്യോഗസ്ഥരെ പഞ്ചായത്തംഗം ഓഫീസനകത്തേക്ക് കയറാൻ വിട്ടില്ല. കവാടത്തിൽ വെച്ചു തന്നെ തടഞ്ഞു. കൊല്ലം അഞ്ചൽ പഞ്ചായത്തിലാണ് സിപിഎം നേതാവും സ്ഥിരംസമിതി അധ്യക്ഷനുമായ ചന്ദ്രബാബു
ഉദ്യോഗസ്ഥരെ അകത്തുകയറ്റാതെ പ്രതിഷേധം നടത്തിയത്. പഞ്ചായത്ത് ഓഫീസിലെത്തുന്ന സാധാരണക്കാർക്ക് സേവനം നൽകാതെ കൃത്യസമയത്ത് എത്താത്ത ജോലിക്കുവരുന്നവരെ കയ്യോടെ പിടികൂടാൻ ആയിരുന്നു പ്രതിഷേധം.
ചന്ദ്രബാബു രാവിലെ പത്തോടെ പഞ്ചായത്ത് ഓഫീസിലെത്തിയപ്പോൾ ആകെ കുറച്ചു ജീവനക്കാർ മാത്രമാണ് ഓഫീസിൽ ഉണ്ടായിരുന്നത്. തുടർന്ന് ഓഫിസിലേക്കുളള പ്രവേശന കവാടം അടച്ച ചന്ദ്രബാബു, താമസിച്ചു വന്നവരെ പുറത്തുനിർത്തി. കൃത്യസമയത്ത് ഓഫിസിൽ എത്താത്തവർ അവധിയെടുക്കട്ടെ എന്നതായിരുന്നു ചന്ദ്രബാബു പറഞ്ഞത്.
പഞ്ചായത്ത് സെക്രട്ടറി ഉൾപ്പെടെയുളളവർ പതിവായി ഓഫീസിൽ കൃത്യസമയത്ത് എത്താറില്ലെന്ന് ചന്ദ്രബാബു പറഞ്ഞു. ജോലിക്ക് ഹാജരാകാത്തവരും ഹാജർ പുസ്തകത്തിൽ ഒപ്പ് രേഖപ്പെടുത്തും. ചിലർ സംഘടനാപ്രവർത്തനത്തിന് ഇറങ്ങുന്നതാണ് രീതി, നിലവിൽ 18 ജീവനക്കാരിൽ 8 പേരാണ് സമയം പാലിക്കുന്നവർ. മറ്റുള്ളവർ ജോലിയിൽ വീഴ്ച വരുത്തുന്നതായും ജനപ്രതിനിധികൾ പറയുന്നു.
അതേസമയം, സംസ്ഥാനത്തെ സർക്കാർ, അർധസർക്കാർ, സ്വയംഭരണ, ഗ്രാൻഡ് ഇൻ എയ്ഡ് സ്ഥാപനങ്ങളിൽ ജനുവരി മുതൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം നിലവിൽ വന്നിരുന്നു. കളക്ടറേറ്റുകൾ, ഡയറക്ടറേറ്റ്, വകുപ്പു മേധാവികളുടെ ഓഫീസുകൾ എന്നിവിടങ്ങളിൾ ആണ് പഞ്ചിങ് ഏർപ്പെടുത്തുന്നത്.
അതോടൊപ്പം ഹാജർ സ്പാർക്കുമായി ബന്ധപ്പെടുത്തുകയും ചെയ്യും. കൃത്യമായി ഓഫീസിൽ എത്തുകയും പോകുകയും ചെയ്യുന്നവർക്കും അധികസേവനം ചെയ്യുന്നവർക്കും കൂടുതൽ ആനുകൂല്യം ലഭിക്കാൻ സംവിധാനമൊരുങ്ങും.. വൈകി എത്തുന്നവരുടെ അവധി ഓട്ടോമാറ്റിക്കായി സ്പാർക്കിൽ രേഖപ്പെടുത്തും. ഇതിനുസരിച്ച് ശമ്പളത്തിൽ കുറവുവരികയും ചെയ്യും. മാർച്ച് 31 ന് മുമ്പായി സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളിലും പഞ്ചിങ് നടപ്പാക്കാനാണ് സർക്കാർ തീരുമാനം.












Click it and Unblock the Notifications