നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുളള കൊവിഡ് വ്യാപനം, കൊല്ലത്ത് പ്രത്യേക കോവിഡ് പരിശോധന
കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയില്‍ രണ്ടാഴ്ച്ചത്തെ പ്രത്യേക കോവിഡ് പരിശോധന (സ്‌പെഷ്യല്‍ കോവിഡ് ടെസ്റ്റ് ഡ്രൈവ്) സൗകര്യം വെള്ളിയാഴ്ച മുതല്‍ ഏര്‍പ്പെടുത്തും. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുത്ത ഉദേ്യാഗസ്ഥര്‍, സ്ഥാനാര്‍ഥികള്‍, പോളിംഗ് ഏജന്റുമാര്‍, പൊലീസ്, റവന്യൂ, ബാങ്ക് ജീവനക്കാര്‍, പ്രചാരണത്തില്‍ ഏര്‍പ്പെട്ടവര്‍, പോസ്റ്റല്‍ ബാലറ്റ് ഡ്യൂട്ടി ചെയ്തവര്‍, ആശ, അങ്കണവാടി പ്രവര്‍ത്തകര്‍ തുടങ്ങി തിരഞ്ഞെടുപ്പു സംബന്ധമായ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട എല്ലാവര്‍ക്കും നിര്‍ബന്ധിത കോവിഡ് പരിശോധന നടത്തും.
ഗവണ്‍മെന്റ് വിക്‌ടോറിയ ആശുപത്രി, ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം, കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂര്‍, ശാസ്താംകോട്ട, കടയ്ക്കല്‍, നീണ്ടകര കുണ്ടറ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇന്നു മുതല്‍ നടത്തുന്ന സൗജന്യ പരിശോധന സൗകര്യം ബന്ധപ്പെട്ടവര്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. ശ്രീലത അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0474-2797609. പരിശോധന നടത്താത്തവര്‍ 14 ദിവസം കര്‍ശന ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്നും ഡി.എം.ഒ അറിയിച്ചു.
കോവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടിയ സ്ഥലങ്ങളില്‍ ഗ്രാമപഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കോവിഡ് നിര്‍ണയ മെഗാ ക്യാമ്പും 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കുള്ള മെഗാ വാക്‌സിനേഷന്‍ ക്യാമ്പും നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ശ്രീലത അറിയിച്ചു. വാക്‌സിനേഷന്‍ കൂട്ടുന്നതിനായി ഇ.എസ്.ഐ ഡിസ്‌പെന്‍സറികളിലും ക്യാമ്പ് ആരംഭിക്കും. ഇന്‍ഡ്യന്‍ മെഡിക്കല്‍ അസോസിയോഷന്‍, റോട്ടറി ക്ലബ്ബ്, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് മെഗാ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച ബൂത്തുതല കമ്മിറ്റികള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമാകുന്നവിധം നിലനിര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് പ്രാദേശികതലത്തില്‍ ആവശ്യമായ സഹായം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു.