നിയമസഭാ തിരഞ്ഞെടുപ്പ്: സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിംഗ് ഫലപ്രദമെന്ന് കൊല്ലം ജില്ലാ കളക്ടർ
കൊല്ലം: സ്‌പെഷ്യല്‍ പോസ്റ്റല്‍ വോട്ടിംഗ് ഫലപ്രദം - ജില്ലാ കലക്ടര്‍
മുതിര്‍ന്ന പൌരന്മാര്‍, ഭിന്നശേഷിക്കാര്‍, കോവിഡ് പോസിറ്റീവായവര്‍ തുടങ്ങിയവരുടെ സമ്മതിദാനാവകാശം രേഖപെടുത്തുന്നതിനുള്ള സ്‌പെഷ്യല്‍ ബാലറ്റ് വോട്ട് ശേഖരണം ജില്ലയില്‍ സജീവമായി മുന്നോട്ട് പോകുന്നെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന ഗൂഗിള്‍ യോഗത്തിലാണ് അറിയിച്ചത്.
അവശ്യ സര്‍വീസ് ജീവനക്കാര്‍ക്കുള്ള വോട്ടെടുപ്പ് അതത് നിയോജക മണ്ഡലങ്ങളിലെ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 28ന് ആരംഭിക്കാനിരിക്കെ നടപടിക്രമങ്ങള്‍ കൃത്യതയോടെയാണെന്ന് ഉറപ്പ് വരുത്താന്‍ കലക്ടര്‍ നിര്‍ദ്ദേശിച്ചു. കൊട്ടാരക്കര, ചടയമംഗലം, പുനലൂര്‍, പത്തനാപുരം നിയോജക മണ്ഡലങ്ങളില്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഇന്നലെ സന്ദര്‍ശനം നടത്തി.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍, സ്വീകരണ-വിതരണ കേന്ദ്രങ്ങള്‍, പരിശീലന ഹാളുകള്‍ എന്നിവിടങ്ങളിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. തുടര്‍ ദിവസങ്ങളില്‍ ശേഷിക്കുന്ന മണ്ഡലങ്ങളിലും പരിശോധന നടത്തും. സബ് കലക്ടര്‍ ശിഖ സുരേന്ദ്രന്‍, എ.ഡി.എം. അലക്‌സ് പി. തോമസ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ സി.എസ്. അനില്‍, ജൂനിയര്‍ സൂപ്രണ്ട് അജിത്ത് ജോയി, വരണാധികാരികള്‍, ഉപവരണാധികാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം ജില്ലയിൽ ആകെയുള്ളത് 21,35,830 വോട്ടര്‍മാര്‍ ആണ്. 11,18,407 സ്ത്രീകളും 10,17,406 പുരുഷന്മാരും 17 ഭിന്നലിംഗക്കാരുമാണ് പട്ടികയിലുള്ളത്. കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലാണ് കൂടുതല്‍ വോട്ടര്‍മാര്‍ - 2,13,993 പേര്‍. 1,75,832 വോട്ടര്‍മാരുള്ള ഇരവിപുരത്താണ് ഏറ്റവും കുറവ്.