പോലീസിന്റെ തോക്ക് പരിശീലനത്തിനിടെ ഉന്നംതെറ്റി; വീടിനുള്ളിലേക്ക് തുളച്ചുകയറി
കോട്ടയം: പോലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെ ഉന്നംതെറ്റി വെടിയുണ്ട അയൽവീട്ടിലെ ജനൽ ചില്ല് തുളച്ചുകയറി. തലനാരിഴയ്ക്കാണ് വെടിയുണ്ട കൊള്ളാതെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. വെടിയുള്ള ഉന്നം തെറ്റി പതിക്കുന്ന സമയത്ത് മുറിക്കുള്ളിലിരുന്ന് പഠിക്കുകയായിരുന്നു കുട്ടി. നാട്ടകത്താണ് സംഭവം.
ശനിയാഴ്ച രാവിലെ പത്തേ മുക്കാലോടെ ജില്ലാ പോലീസിന്റെ വെടിവെപ്പ് പരിശീലനത്തിനിടെയാണ് സംഭവം. പോളിടെക്നിക്ക് കോളേജിനോട് ചേർന്നുള്ള ചെറിയ ഗ്രൗണ്ടിലായിരുന്നു പരീശീലനം. സമീപത്തെ ഉള്ളാട്ടിൽ എന്ന വീട്ടിലേക്കാണ് വെടിയുണ്ട പതിച്ചത്.

നാട്ടകം ബിന്ദു നഗർ ഹൗസിങ്ങ് കോളനിയിൽ നഗറിൽ ഉള്ളാട്ടിൽ ജേക്കബിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്നത് ഇടപ്പാലയിൽ സോണി- ജിൻസി കുര്യാച്ചൻ ദമ്പതികളും ഇവരുടെ മക്കളായ അൽക്കയും ആത്‌മികയുമാണ് . എറണാകുളം സ്വദേശിയാണ് സോണി.
നാട്ടകത്ത് വർക്ക്‌ഷോപ്പ് നടത്തുന്ന സോണി ഈ സമയത്ത് ജോലി സ്ഥലത്താണ് ഉണ്ടായിരുന്നത്. വെടിയുണ്ട് തുളച്ചുകയറിയ ശബ്ദം കേട്ട് ഈ മുറിയിൽ പഠിച്ചുകൊണ്ടിരുന്ന അൽക്ക അമ്മയോട് പറഞ്ഞു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് ജനൽച്ചില്ല് പൊട്ടിയത് ശ്രദ്ധയിൽപ്പെട്ടത്. മുറിക്കുള്ളിൽ വെടിയുണ്ടയും കണ്ടെത്തി. ഉടൻ പരീശിലനം നിർത്തി വെച്ചു.
വീട്ടകാർ അറിയിച്ചതിനെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശീലനത്തിനിടെ വെടിയുണ്ട പാറക്കല്ലിൽ തട്ടി തെറിച്ച് വീട്ടിലേക്ക് പതിക്കുകയായിരുന്നു എന്നാണ് ചിങ്ങവനം പോലീസ് പറഞ്ഞത്. കുറച്ച് നാളായി ഇവിടെ പരശീലനം നടത്തുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ അനുമതിയില്ലാതെയാണ് ഇതെന്നും നിർത്തിവെക്കണമെന്നും സമീപവാസികൾ പറഞ്ഞു.












Click it and Unblock the Notifications