എംആര്‍പിയില്‍ മൂന്ന് രൂപ അധികം വാങ്ങി; സൂപ്പര്‍മാര്‍ക്കറ്റിന് 10000 രൂപ പിഴ
2021 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 235 രൂപ എംആര്‍പി ഉള്ള വെളിച്ചെണ്ണക്ക് 238 രൂപ വാങ്ങി എന്നാണ് പരാതി.

കോട്ടയം: ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് പരമാവധി വിലയേക്കാള്‍ കൂടുതല്‍ തുക വില ഈടാക്കിയ സംഭവത്തില്‍ പിഴ വിധിച്ച് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റിന് ആണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ പിഴയീടാക്കിയത്.
ഉപഭോക്താവിന് സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റ് 10000 രൂപ പിഴ നല്‍കണം എന്നാണ് കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചിരിക്കുന്നത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണക്ക് എം ആര്‍ പിയേക്കാള്‍ മൂന്ന് രൂപയാണ് ചങ്ങനാശ്ശേരിയിലെ സ്വകാര്യ സൂപ്പര്‍മാര്‍ക്കറ്റ് ഈടാക്കിയത്.
മാമ്മൂട് സ്വദേശി വിനോദ് ആന്റണിയില്‍ നിന്നാണ് ഇത്തരത്തില്‍ വില ഈടാക്കിയത്. ഇതിന് എതിരെ വിനോദ് ആന്റണി കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനെ സമീപിക്കുകയായിരുന്നു. 2021 സെപ്റ്റംബറിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
ചങ്ങനാശ്ശേരി പാറേല്‍പ്പള്ളിയിലുള്ള സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് കെ എല്‍ എഫിന്റെ ഒരു ലിറ്റര്‍ വെളിച്ചെണ്ണയാണ് വിനോദ് ആന്റണി വാങ്ങിയത്. ഇതിന് പാക്കറ്റില്‍ 235 രൂപയാണ് എം ആര്‍ പിയായി നല്‍കിയിരുന്നത്. എന്നാല്‍ തന്റെ പക്കല്‍ നിന്ന് 238 രൂപ സൂപ്പര്‍മാര്‍ക്കറ്റ് അധികൃതര്‍ ഈടാക്കി എന്നാണ് വിനോദ് ആന്റണി പറയുന്നത്.
ഇത് സംബന്ധിച്ച പരാതി അന്വേഷിച്ച ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിശദമായ തെളിവെടുപ്പ് നടത്തി. എം ര്‍ പിയില്‍ നിന്ന് അധികവില ഈടാക്കുന്നത് നിലവിലുള്ള നിയമങ്ങളുടെ ലംഘനമാണെന്ന് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ നിരീക്ഷിച്ചു.

എം ആര്‍ പിയേക്കാള്‍ അധികമായ വില ഈടാക്കാന്‍ വ്യാപാരികള്‍ക്ക് അവകാശമില്ല. വിനോദ് ആന്റണിയില്‍ നിന്ന് അധികമായി വാങ്ങിയ മൂന്ന് രൂപയും 2021 സെപ്റ്റംബര്‍ ഏഴ് മുതലുള്ള ഒന്‍പത് ശതമാനം പലിശയും സഹിതം തിരികെ നല്‍കാനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചത്.
കൂടാതെ നിയമ നടപടികള്‍മൂലമുള്ള കഷ്ടനഷ്ടങ്ങളും തുകയും വഹിക്കണം. ഇത്തരത്തില്‍ 10000 രൂപ പിഴയായി നല്‍കാനാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍ വിധിച്ചത്. അഡ്വ. വി എസ് മനുലാല്‍ പ്രസിഡന്റും കെ എം ആന്റോ അംഗവുമായുള്ള കോട്ടയം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷനാണ് ഉത്തരവ് പുറപ്പെടുവിച്ചത്.












Click it and Unblock the Notifications