വെളിച്ചവും ആള്‍ക്കാരും ഉണ്ടായിട്ടും മോഷണം; കൊണ്ടുപോയത് 40 ലക്ഷം രൂപയുടെ ചെമ്പ് കേബിളുകള്‍
കേബിളുകള്‍ നഷ്ടമായതോടെ പലയിടത്തും ടെലിഫോണ്‍ സേവനം തടസപ്പെട്ടു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാനൊരുങ്ങുകയാണ് പൊലീസ്

കോട്ടയം: ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് കീഴിലെ ചെമ്പ് കേബിളുകള്‍ കടത്തിക്കൊണ്ട് പോയി മോഷണം. കോട്ടയം ജില്ലയിലെ കുമരകത്താണ് സംഭവം. കുമരകം റൂട്ടിലെ പാലങ്ങളിലൂടെ കടന്ന് പോകുന്ന കേബിളുകള്‍ ആണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത്. ഏകദേശം 35 ലക്ഷം മുതല്‍ 40 ലക്ഷം വരെയുള്ള രൂപയുടെ ചെമ്പ് കേബിളുകളാണ് മോഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ബി എസ് എന്‍ എല്‍ അധികൃതര്‍ പറഞ്ഞു.
കേബിളുകള്‍ പോയതോടെ വിവിധയിടങ്ങളില്‍ ടെലിഫോണ്‍ ബന്ധവും തകരാറിലായി. ബി എസ് എന്‍ എല്‍ ജീവനക്കാര്‍ എന്ന വ്യാജേനയാണ് മോഷ്ടാക്കളുടെ സംഘം എത്തിയത്. മോഷണം നടന്ന പാലങ്ങളില്‍ എല്ലാം രാത്രി ലൈറ്റുകള്‍ കത്തിയിരുന്നതാണ്. ഇന്നലെ പുലര്‍ച്ചെ ഈ ലൈറ്റിന്റെ വെളിച്ചത്തിലാണ് മോഷണം നടന്നത്.
അതിനാല്‍ തന്നെ ബി എസ് എന്‍ എല്‍ ജീവനക്കാരാണ് എന്നാണ് യാത്രക്കാരും കരുതിയിട്ടുണ്ടാകുക എന്നാണ് നിഗമനം. പഞ്ചായത്ത് ഓഫീസിനു സമീപത്തെ കവലയ്ക്കല്‍ പാലത്തില്‍ നിന്ന് മാത്രം 170 മീറ്റര്‍ കേബിള്‍ കട്ടര്‍ ഉപയോഗിച്ചു മുറിച്ചെടുത്തിട്ടുണ്ട് എന്ന് അധികൃതര്‍ പറഞ്ഞു.

ഇതേ പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഗവ. യുപി സ്‌കൂളിലെ ഓഫീസിലും മോഷണ ശ്രമം ഉണ്ടായിട്ടുണ്ട്. ഓഫീസിന്റെ ജനല്‍ തുറന്ന് മുറിക്ക് ഉള്ളിലുണ്ടായിരുന്ന സാധനങ്ങളെല്ലാം തള്ളിയിട്ട നിലയിലാണ്. ഇത് കൂടാതെ ബോട്ട് ജെട്ടി, ചക്രംപടി, ചീപ്പുങ്കല്‍ പാലങ്ങളില്‍ കൂടി കടന്ന് പോകുന്ന കേബിളുകളും മോഷണം പോയിട്ടുണ്ട്.
ഇരുമ്പ് പൈപ്പുകള്‍ക്കുള്ളിലൂടെയായിരുന്നു കേബിളുകള്‍ വെച്ചിരുന്നത്. രണ്ട് പൈപ്പുകള്‍ ചേരുന്ന ഭാഗം ഇളക്കി മാറ്റി അറുത്താണ് ചെമ്പ് കേബിളുകള്‍ മോഷ്ടിച്ചിരിക്കുന്നത്. ചിലയിടങ്ങളില്‍ പൈപ്പും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബോട്ട് ജെട്ടി പാലത്തിനു താഴെയുള്ള ബി എസ് എന്‍ എല്‍ പോസ്റ്റ് ഊരിയെടുക്കാനും ശ്രമമുണ്ടായി.
പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മറ്റ് എക്‌സ്‌ചേഞ്ചുകളുടെ കീഴിലും സമാനമായ മോഷണം നടന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചെമ്പ് കേബിളുകള്‍ നഷ്ടമായതിനെ തുടര്‍ന്ന് പൊലീസ് സ്റ്റേഷന്‍, പഞ്ചായത്ത് ഓഫീസ്, വൈ എ ംസി എ, അട്ടിപ്പീടിക, ബസാര്‍, ഗുരുമന്ദിരം, ബോട്ട് ജെട്ടി, പുഷ്പ, ചക്രംപടി, ചീപ്പുങ്കല്‍ ഫില്ലറുകളുടെ കീഴിലുള്ള ഫോണുകള്‍ പ്രവര്‍ത്തനരഹിതമായി.












Click it and Unblock the Notifications