യൂണിഫോമും ഐഡി കാര്‍ഡുമില്ലാതെ എസ്ടി; ചോദ്യം ചെയ്ത കണ്ടക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം
കോട്ടയം: വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കാത്തതുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടര്‍ക്ക് മര്‍ദ്ദനം. കോട്ടയം ജില്ലയിലാണ് സംഭവം. മാളിയക്കടവ് - കോട്ടയം റൂട്ടിലോടുന്ന ബസിലെ കണ്ടക്ടറായ പ്രദീപിനാണ് മര്‍ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ പൊലീസിന്റേയും പെണ്‍കുട്ടിയുടേയും പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ് ടി നല്‍കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കണ്ടക്ടര്‍ക്ക് മര്‍ദനമേറ്റത്. യൂണിഫോം, ഐഡി കാര്‍ഡ്, കണ്‍സെഷന്‍ കാര്‍ഡ്, ബാഗ് തുടങ്ങിയവയൊന്നുമില്ലാതെ വിദ്യാര്‍ത്ഥിനി എസ് ടി ആവശ്യപ്പെട്ടുവെന്നാണ് കണ്ടക്ടര്‍ പറയുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇത് അനുവദിക്കാനാകില്ലെന്നും പറഞ്ഞതായി പ്രദീപ് പറഞ്ഞു.

ഇത് ചോദ്യം ചെയ്തതിന് പെണ്‍കുട്ടി സുഹൃത്തുക്കളേയും ബന്ധുക്കളേയും കൂട്ടി വന്ന് ബസിന്റെ മടക്കയാത്രയില്‍ തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. 'എസ് ടി ടിക്കറ്റാണെന്ന് പറഞ്ഞ് രണ്ട് രൂപയാണ് പെണ്‍കുട്ടി തന്നത്. ഐ ഡി കാര്‍ഡ് ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്ന് പറഞ്ഞു. യൂണിഫോമും ധരിച്ചിരുന്നില്ല. നാളെ മുതല്‍ ഇത് അനുവദിക്കാനാവില്ലെന്ന് പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടി സ്റ്റോപ്പില്‍ ഇറങ്ങി,' പ്രദീപ് പറഞ്ഞു.
ബസ് തിരിച്ചുവരുമ്പോള്‍ 40 ഓളം പേര്‍ ചേര്‍ന്ന് ബസ് തടയുകയായിരുന്നു എന്നും പെണ്‍കുട്ടിയും നാല് പേരും ബസിനുള്ളില്‍ കയറി മര്‍ദിക്കുകയായിരുന്നു എന്നും പ്രദീപ് പറഞ്ഞു. പെണ്‍കുട്ടിയേയും കൊണ്ട് അടിപ്പിക്കുകയും തന്റെ കൂടെ ഇരുന്നിരുന്ന മകന് മര്‍ദനമേറ്റതായും പ്രദീപ് കൂട്ടിച്ചേര്‍ത്തു. ഹെല്‍മറ്റ് ഉപയോഗിച്ചുള്ള അടിയില്‍ പ്രദീപിന്റെ തല പൊട്ടി. തലയ്ക്ക് മൂന്ന് സ്റ്റിച്ചുള്ള പ്രദീപ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.
മര്‍ദ്ദനത്തില്‍ പ്രദീപ് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ തന്റെ മൊഴി പൂര്‍ണ്ണമായും പൊലീസ് രേഖപ്പെടുത്തിയില്ലെന്നും മകന് മര്‍ദനമേറ്റ കാര്യവും ബാഗില്‍ നിന്ന് പണം പോയ കാര്യവും മൊഴിയായി നല്‍കിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനിടെ മര്‍ദനത്തെ തുടര്‍ന്ന് പ്രദീപ് തന്നെ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച് പെണ്‍കുട്ടിയും ചിങ്ങവനം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications