കൈക്കൂലി ഗൂഗിള്‍ പേ വഴി, ലോറി ഒന്നിന് 7500; എംവിഡി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
ഉദ്യോഗസ്ഥര്‍ താമസിക്കുന്ന വീടിന്റെ വാടകയും രാജീവനാണ് നല്‍കിയിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിജിലന്‍സ് കേസെടുത്തിട്ടുണ്ട്

കോട്ടയം: കൈക്കൂലി വാങ്ങിയ എന്‍ഫോഴ്സ്മെന്റ് ആര്‍ ടി ഓഫിസിലെ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ (എ എം വി ഐ) വി ഷാജന്‍, എം ആര്‍ അനില്‍കുമാര്‍, അജിത് ശിവന്‍ എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇവര്‍ക്കെതിരെ കൈക്കൂലി വാങ്ങിയതിന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പ് മൂന്ന് പേരെയും സസ്‌പെന്റ് ചെയ്തത്. അമിത ഭാരം കയറ്റി എത്തുന്ന വാഹനങ്ങള്‍ പരിശോധിക്കാതിരിക്കാന്‍ ഏജന്റ് മുഖേന ആണ് മൂവരും കൈക്കൂലി വാങ്ങിയിരുന്നത്.
ഇവര്‍ക്കൊപ്പം ഏജന്റ് പട്ടുകുളം സ്വദേശി രാജീവനേയും വിജിലന്‍സ് കേസില്‍ പ്രതിയാക്കിയിട്ടുണ്ട്. ജനുവരി 20 ന് വിജിലന്‍സ് ഓപ്പറേഷന്‍ ഒാവര്‍ലോഡ് എന്ന പേരില്‍ പരിശോധന നടത്തിയിരുന്നു. ഇതിനിടെ ആണ് ഉദ്യോഗസ്ഥരുടെ ക്രമക്കേട് കണ്ടെത്തിയത്.
എം സി റോഡില്‍ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ അമിതവേഗത്തില്‍ കടന്ന് പോയ ലോറി വിജിലന്‍സ് പരിശോധനാ സംഘം പിടികൂടി. ലോറി ഉടമ കൂടിയായ രാജീവന്റെ ഫോണ്‍ പരിശോധിച്ചതോടെയാണ് കൈക്കൂലി വിവരം പുറത്തറിയുന്നത്.
എം വി ഡി ഉദ്യോഗസ്ഥര്‍ ലോറി ഒന്നിന് 7500 രൂപ വീതം കൈക്കൂലിയായി വാങ്ങി എന്നാണ് കണ്ടെത്തിയത്. ഗൂഗിള്‍ പേ വഴിയാണ് കൈക്കൂലി അയച്ച് കൊടുത്തത്. ഇത്തരത്തില്‍ രാജീവന്‍ വഴി മറ്റ് ലോറി ഉടമകളില്‍ നിന്ന് 6 ലക്ഷത്തോളം രൂപയാണ് മൂന്ന് പേരും കൈപ്പറ്റിയത്. ഇതോടെ വിജിലന്‍സ് വിശദമായ പരിശേധന നടത്തി. ഇതില്‍ നിന്ന് എം വി ഡി ഉദ്യോഗസ്ഥര്‍ താമസിക്കുന്ന വീടിന്റെ വാടക അടയ്ക്കുന്നത് രാജീവനാണ് എന്നും കണ്ടെത്തുകയായിരുന്നു.












Click it and Unblock the Notifications