പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; 15 പേര്‍ക്ക് പരിക്ക്
കോട്ടയം: പാലാ-തൊടുപുഴ റോഡില്‍ അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 15 ഓളം പേര്‍ക്ക് പരിക്കേറ്റു. ബെംഗളൂരുവില്‍ നിന്ന് തിരുവല്ലയിലേക്ക് വരുകയായിരുന്ന സൂരജ് ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. പാല കുറിഞ്ഞി കുഴുവേലി വളവില്‍ വെച്ച് ഉച്ചയ്ക്ക് 12.20 -ഓടെയായിരുന്നു അപകടം. ബെംഗളൂരു-തിരുവല്ല-ആലപ്പുഴ റൂട്ടില്‍ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്.
പരിക്കേറ്റവരില്‍ ഡ്രൈവറടക്കം മൂന്നു പേര്‍ക്ക് സാരമായ പരിക്കുണ്ട് എന്നാണ് വിവരം. പരിക്കേറ്റവരെ തൊടുപുഴയിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ്. ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു അപകടം. അതിനാല്‍ തന്നെ ഇതുവഴി എത്തിയ യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് രാമപുരം പൊലീസ് എത്തിയാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. വൈകാതെ പൊലീസിന്റെയും അഗ്നിരക്ഷാസേനയുടേയും സംഘങ്ങളെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

26 യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. കൊടുംവളവും കുത്തനെയുള്ള ഇറക്കവുമുള്ള പ്രദേശത്ത് വെച്ച് വളവ് ഇറങ്ങി വന്ന ബസ് മഴയത്ത് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. സമീപം അമ്പതടി താഴ്ചയുള്ള കുഴിയുണ്ടായിരുന്നു. ബസ് മറിഞ്ഞ് റോഡിലെ ക്രാഷ് ബാരിയറില്‍ ഇടിച്ച് നിന്നതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബസിന്റെ ആറു ചക്രങ്ങളില്‍ രണ്ടെണ്ണത്തിന് തേയ്മാനം സംഭവിച്ചിരുന്നു.
കനത്ത മഴയ്ക്കും വളവിനുമൊപ്പം ഇതും അപകട കാരണമായിട്ടുണ്ടാകാം എന്നാണ് അധികൃതരുടെ വിലയിരുത്തല്‍. മാണി സി കാപ്പന്‍ എംഎല്‍എ സംഭവ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ബെംഗളൂരുവില്‍ നിന്ന് വരികയായിരുന്നു ബസ്.












Click it and Unblock the Notifications