കോട്ടയത്ത് യുഡിഎഫ് നീക്കം പാളി; മാണി സി കാപ്പന്റെ നിലപാട് ഇങ്ങനെ... അവഗണന ആവര്‍ത്തിച്ചു
കോട്ടയം: എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ എല്‍ഡിഎഫുമായി ഉടക്കുമോ. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പാലായില്‍ തന്നെ മല്‍സരിക്കുമോ. ജോസ് കെ മാണിയുടെ വരവോടെ മുന്നണിയില്‍ അപ്രസക്തരായ എന്‍സിപി എല്‍ഡിഎഫ് വിടുമോ. അവസരം മുതലെടുത്ത് യുഡിഎഫ് മാണി സി കാപ്പനുമായി ചര്‍ച്ച നടത്തിയോ... അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായി പാലാ മാറുന്നത് ഇത്തരം ഒട്ടേറെ ചോദ്യങ്ങള്‍ കൊണ്ട് തന്നെയാണ്.
ജോസ് കെ മാണിയുടെ വരവോടെ പാലാ പലര്‍ക്കും ശ്രദ്ധാകേന്ദ്രമാകുകയാണ്. ഇക്കാര്യത്തില്‍ മാണി സി കാപ്പന്‍ ശക്തമായ നിലപാടിലുമാണ്. അദ്ദേഹത്തിന്റെ പുതിയ പ്രതികരണം കൃത്യമായ ചിത്രം നല്‍കുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ....

എല്‍ഡിഎഫ് നേതൃത്വം പറഞ്ഞിട്ടില്ലല്ലോ
ഏറെ കാലത്തെ ശ്രമത്തിനൊടുവിലാണ് പാലാ മണ്ഡലം എന്‍സിപി എംഎല്‍എ മാണി സി കാപ്പന്‍ പിടിച്ചത്. വര്‍ഷങ്ങളോളം കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി കൈവശം വച്ച മണ്ഡലം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പാലായില്‍ തന്നെ മല്‍സരിക്കുമെന്ന് മാണി സി കാപ്പന്‍ ആവര്‍ത്തിക്കുന്നു. പാലാ കിട്ടില്ലെന്ന് എല്‍ഡിഎഫ് നേതൃത്വം പറഞ്ഞിട്ടില്ലല്ലോ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അവഗണിച്ചുവെന്നത് ശരിയാണ്
തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് തങ്ങളുടെ പാര്‍ട്ടിയെ അവഗണിച്ചുവെന്ന് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതില്‍ അതൃപ്തിയുണ്ട് എന്നും അദ്ദേഹം പറഞ്ഞതാണ്. അക്കാര്യം മാണി സി കാപ്പന്‍ ഇന്നും ആവര്‍ത്തിച്ചു. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

വിട്ടുകൊടുക്കില്ല
നിമയസഭാ തിരഞ്ഞെടുപ്പില്‍ പാലാ വിട്ടുകൊടുക്കില്ല. എല്‍ഡിഎഫിനൊപ്പം തന്നെ തുടരും. മറിച്ചുള്ള വാര്‍ത്തകള്‍ ശരിയല്ല. നിയമസഭാ തിരഞ്ഞെടിപ്പിലും അവഗണിക്കും എന്ന് കരുതുന്നില്ലെന്നും മാണി സി കാപ്പന്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരനെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍സിപിയെ പുറത്താക്കി വിടുമോ
പാലാ സീറ്റിന്റെ കാര്യത്തില്‍ അസ്വസ്ഥതയില്ല. എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കും. തുടര്‍ഭരണത്തിന് വേണ്ടിയാണ് എല്‍ഡിഎഫ് ശ്രമം നടത്തുന്നത്. ആ സാഹചര്യത്തില്‍ എന്‍സിപിയെ പുറത്താക്കി വിടുമോ എന്നും മാണി സി കാപ്പന്‍ ചോദിക്കുന്നു. അതേസമയം, പാലാ മണ്ഡലം ആവശ്യപ്പെടാനുള്ള നീക്കങ്ങള്‍ ജോസ് കെ മാണി പക്ഷവും ആരംഭിച്ചിട്ടുണ്ട് എന്നാണ് വിവരം.

ചര്‍ച്ച നടത്തിയില്ല
യുഡിഎഫ് നേതാക്കളുമായി മാണി സി കാപ്പന്‍ ചര്‍ച്ച നടത്തി എന്ന വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് മാണി സി കാപ്പന്‍ പറഞ്ഞു. എന്‍സിപിയും കേരള കോണ്‍ഗ്രസും തര്‍ക്കമുണ്ടായാല്‍ മാണി സി കാപ്പനെ യുഡിഎഫ് പിന്തുണയ്ക്കുമെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

ജോസ് പക്ഷം മാത്രമല്ല
കേരള കോണ്‍ഗ്രസ് ജോസ് പക്ഷം എല്‍ഡിഎഫിലെത്തിയതോടെ മുന്നണി കൂടുതല്‍ ശക്തമായി എന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് മുന്നേറ്റം നടത്താന്‍ എല്‍ഡിഎഫിന് സാധിച്ചത് ജോസ് പക്ഷത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്നും വിലയിരുത്തലുണ്ടായിരുന്നു. എന്നാല്‍ ജോസ് പക്ഷം മാത്രം ശ്രമിച്ചിട്ടല്ല എല്‍ഡിഎഫ് മുന്നേറിയത് എന്നാണ് നേരത്തെ മാണി സി കാപ്പന്‍ പറഞ്ഞത്.












Click it and Unblock the Notifications