സംഘപരിവാറിനൊപ്പം കൂടിയ പിസി ജോർജ് നീലകുറുക്കന്റെ രൂപത്തെയാണ് ഓർമ്മപ്പെടുത്തുന്നത്: പൂഞ്ഞാർ എംഎല്‍എ
കോട്ടയം: ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന, മതേതരത്വത്തെ സ്നേഹിക്കുന്ന ആരും നടത്താൻ പാടില്ലാത്ത വിദ്വേഷ പ്രചരണം നടത്തിയ പി സി ജോർജ് സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ് എം നേതാവും പൂഞ്ഞാർ എംഎല്‍എയുമായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍. ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കുടുംബത്തെയും ചുട്ടുകൊന്നതും, വിശുദ്ധയായ മലയാളി സന്യാസിനി സിസ്റ്റർ റാണി മരിയയെ 54 തവണ കുത്തി കൊലപ്പെടുത്തുകയും,കൂടാതെ നിരവധി ക്രിസ്ത്യൻ പുരോഹിതരെയും, സന്യസ്തരെയും, മിഷനറിമാരെയും ആക്രമിക്കുകയും, കൊലപ്പെടുത്തുകയും, പള്ളികളും, ആരാധനാലയങ്ങളും, തല്ലിത്തകർക്കുകയും, ആരാധന സ്വാതന്ത്ര്യവും, ക്രിസ്മസ്-ഈസ്റ്റർ ആഘോഷങ്ങൾ പോലും വിലക്കുകയും ചെയ്ത് ക്രൈസ്തവ വേട്ട നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാർ ശക്തികളെ കൂട്ടുപിടിച്ച് ക്രൈസ്തവ സംരക്ഷകനായി വേഷം കെട്ടുന്ന പി.സി ജോർജ് നീലച്ചായത്തിൽ മുങ്ങി വേഷംമാറി കോഴിയെ സംരക്ഷിക്കാൻ വരുന്ന കുറുക്കന്റെ രൂപത്തെയാണ് ഓർമ്മപ്പെടുത്തുന്നതെന്നും അദ്ദേഹം പ്രസ്താവനയിലൂടെ വിമർശിക്കുന്നു. സെബാസ്റ്റ്യന്‍ കുളത്തിങ്കലിന്റെ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..
മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂകരാകുക
മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തേണ്ടതല്ല. ഒരാളുടെ രാഷ്ട്രീയ നിലപാടും, മതവിശ്വാസവും രണ്ടായി പോകേണ്ടതാണ്. ദൗർഭാഗ്യവശാൽ സമകാലീന ഇന്ത്യയിൽ മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തപ്പെടുകയാണ്.
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഹിന്ദു മഹാസമ്മേളനത്തിൽ ശ്രീ. പി സി ജോർജ് നടത്തിയ ചില പ്രസ്താവനകൾ വലിയ വിവാദമായിരിക്കുകയാണല്ലോ. ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്ന, മതേതരത്വത്തെ സ്നേഹിക്കുന്ന ആരും നടത്താൻ പാടില്ലാത്ത വിദ്വേഷ പ്രചരണം നടത്തിയ ശ്രീ.പി.സി ജോർജ് സ്വയം മഹത്വവത്കരിക്കാൻ ശ്രമിക്കുകയാണ്. തന്റെ സ്ഥാപിത താൽപര്യങ്ങൾക്കും രാഷ്ട്രീയ നേട്ടങ്ങൾക്കും വേണ്ടി വർഗീയത തരം പോലെ ഉപയോഗിക്കുകയും നിലപാടുകൾ മാറി മാറി പറയുകയും തന്റെ നേട്ടങ്ങൾക്ക് വേണ്ടി ആരെയും അധിക്ഷേപിക്കുകയും ചെയ്യുന്ന കാപട്യക്കാരനാണ് പൂഞ്ഞാറിന്റെ മുൻ എം എൽ എ. ഇപ്പോൾ അദ്ദേഹം മുസ്ലിം സമുദായത്തെ അടച്ച് ആക്ഷേപിക്കുമ്പോൾ മറ്റു ചില അജണ്ടകളാണ് അദ്ദേഹം ലക്ഷ്യംവയ്ക്കുന്നത്. പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തോൽവി ഏറ്റുവാങ്ങിയതോടെ അദേഹത്തിന്റെ കാലിനടിയിലെ മണ്ണ് ഒലിച്ചുപൊയ്ക്കൊ ണ്ടിരിക്കുകയാണ്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ അദേഹത്തിന്റെ ഭൂരിപക്ഷം അണികളും മറ്റ് പാർട്ടികളിൽ ചേക്കേറുകയും അദ്ദേഹത്തെ വിട്ടുപോവുകയും ചെയ്തു കഴിഞ്ഞു.
തൃക്കാക്കര ബിജെപി എടുക്കുമോ ?; തിരക്കിട്ട ചർച്ചകൾ; സ്ഥാനാർഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കും
ഇപ്പോൾ കേരളസംസ്ഥാനത്ത് ജനപക്ഷം പാർട്ടിക്ക് ആകെ അധികാരമുള്ളത് രണ്ട് സഹകരണ ബാങ്കുകളിൽ മാത്രമാണ്. ആ ബാങ്കുകളാണ് അദ്ദേഹത്തിന്റെയും പാർട്ടിയുടെയും സാമ്പത്തിക സ്രോതസ്സ്. കൂടാതെ ആ ബാങ്കുകളിലെ ജീവനക്കാരും, ഭരണസമിതി അംഗങ്ങളും മാത്രമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ പാർട്ടിയിൽ ഉള്ളത്. അതിൽ ഒന്നായ തിടനാട് സർവീസ് സഹകരണ ബാങ്കിൽ ഇപ്പോൾ തെരഞ്ഞെടുപ്പ് നടക്കുകയാണ്. യുഡിഎഫുമായി ചേർന്നു മത്സരിക്കുന്നതിന് എല്ലാ ശ്രമവും നടത്തിയെങ്കിലും യുഡിഎഫ് അടുപ്പിക്കാതിരുന്നതിനെ തുടർന്ന് ഇപ്പോൾ ഒറ്റയ്ക്ക് മത്സരിക്കുകയാണ്. എൽഡിഎഫ് പിന്തുണയ്ക്കുന്ന സഹകരണ സംരക്ഷണ മുന്നണിയുടെ വിജയം തിടനാട് സർവീസ് സഹകരണ ബാങ്കിൽ സുനിശ്ചിതമാണ്. ആ ബാങ്കും കൈമോശം വരുമെന്ന് ഉറപ്പായപ്പോൾ തിടനാട് ബാങ്കിൽ എങ്ങനെയും വിജയിക്കാൻ പറ്റുമോ എന്ന് പരീക്ഷിക്കുന്നതിനു വേണ്ടി അറ്റകൈ പ്രയോഗം എന്ന നിലയിൽ വർഗീയ കാർഡ് ഇറക്കി കളിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവനകൾ. കേവലം ഒരു ബാങ്ക് തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് കേരളമാകെ വർഗ്ഗീയത ആളിക്കത്തിക്കുന്ന, അപലപനീയമായ നിലപാടാണ് അദ്ദേഹം കൈക്കൊണ്ടിരിക്കുന്നത്. മുമ്പ് ന്യൂനപക്ഷ വർഗ്ഗീയതയ്ക്ക് വെള്ളവും വളവും നൽകി ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിച്ചിരുന്ന പി.സി ജോർജ് ഇപ്പോൾ തന്റെ കാര്യസാധ്യത്തിനായി ഭൂരിപക്ഷ വർഗീയതയെ ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. ക്രിസ്ത്യൻ മിഷനറി ഗ്രഹാം സ്റ്റെയിൻസിനെയും പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പെടെ കുടുംബത്തെയും ചുട്ടുകൊന്നതും, വിശുദ്ധയായ മലയാളി സന്യാസിനി സിസ്റ്റർ റാണി മരിയയെ 54 തവണ കുത്തി കൊലപ്പെടുത്തുകയും,കൂടാതെ നിരവധി ക്രിസ്ത്യൻ പുരോഹിതരെയും, സന്യസ്തരെയും, മിഷനറിമാരെയും ആക്രമിക്കുകയും, കൊലപ്പെടുത്തുകയും, പള്ളികളും, ആരാധനാലയങ്ങളും, തല്ലിത്തകർക്കുകയും, ആരാധന സ്വാതന്ത്ര്യവും, ക്രിസ്മസ്-ഈസ്റ്റർ ആഘോഷങ്ങൾ പോലും വിലക്കുകയും ചെയ്ത് ക്രൈസ്തവ വേട്ട നടത്തിക്കൊണ്ടിരിക്കുന്ന സംഘപരിവാർ ശക്തികളെ കൂട്ടുപിടിച്ച് ക്രൈസ്തവ സംരക്ഷകനായി വേഷം കെട്ടുന്ന പി.സി ജോർജ് നീലച്ചായത്തിൽ മുങ്ങി വേഷംമാറി കോഴിയെ സംരക്ഷിക്കാൻ വരുന്ന കുറുക്കന്റെ രൂപത്തെയാണ് ഓർമ്മപ്പെടുത്തുന്നത്.
കേരളത്തിൽ സംഘപരിവാർ ശക്തികൾ ക്രൈസ്തവരെ സംരക്ഷിക്കുന്നതായി നടിക്കുമ്പോൾ , ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ സംഘപരിവാർ ശക്തികൾ ക്രൈസ്തവർക്കെതിരെ വലിയതോതിലുള്ള അക്രമമാണ് അഴിച്ചുവിടുന്നത്. ക്രൈസ്തവരെ ആക്രമിച്ചതായി 2015 ൽ 148 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ക്രമാതീതമായി വർദ്ധിച്ച് 2021 അയപ്പോൾ 478 ആയി. ഈ വർഷം ഇതിനോടകംതന്നെ 305 സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു. ഇതിൽ തന്നെ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് യോഗി ആദിത്യനാഥിന്റെ ഉത്തർപ്രദേശിലാണ്. നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയും ഇന്ന് സംഘപരിവാറിന്റെ ക്രൈസ്തവ വേട്ടയുടെ വേദിയായിക്കൊണ്ടിരിക്കുകയാണ്.
അതുപോലെതന്നെ ഇപ്പോൾ ക്രൈസ്തവ സംരക്ഷണത്തിന്റെ കാവൽക്കാരൻ ആയി വേഷം കെട്ടുന്ന അദ്ദേഹം 90 കളിൽ അന്നത്തെ അഭിവന്ദ്യ പാലാ ബിഷപ്പിനെ അധിക്ഷേപിച്ചതും, ഞാൻ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി രൂപതയുടെ അഭിവന്ദ്യ മുൻ ബിഷപ്പിനെ തെറിയഭിഷേകം നടത്തിയതും, ക്രിസ്ത്യൻ സർവീസ് സൊസൈറ്റി എന്ന CSS ന്റെ രൂപീകരണ സമയത്ത് അതിനെതിരെ ആക്രോശം മുഴക്കി അട്ടഹസിച്ചു തകർക്കാൻ ശ്രമിച്ചതും, അകാരണമായി അനുവാദമില്ലാതെ അരുവിത്തുറ പള്ളിയുടെ മതിൽ പൊളിച്ച് അതിക്രമം കാട്ടിയതും, വർഗീയ ശക്തികൾ കൈവെട്ടിയ തിടനാടുകാരനായ പ്രൊഫ.
ടി.ജെ ജോസഫിനെ അധിക്ഷേപിച്ചും ആക്രമിച്ചും കൈവെട്ടുകാരെ സംരക്ഷിക്കാൻ രംഗത്തിറങ്ങിയതും, വിശുദ്ധ അൽഫോൻസാമ്മയുടെ നാമകരണ ചടങ്ങിൽ പങ്കെടുക്കുന്നതിന് റോമിലേക്ക് പോയ അവസരത്തിൽ ഞാൻ മാർപാപ്പയെ കുമ്പസാരിപ്പിക്കാൻ ആണ് പോകുന്നത് എന്ന വിശ്വാസ ലംഘന അഹങ്കാരം പറഞ്ഞതും, ബിഷപ്പുമാരെയും അച്ചന്മാരെയും, കന്യാസ്ത്രീകളെയും കാലങ്ങളോളം വ്യക്തിഹത്യ നടത്തിയിരുന്നതും ഒന്നും കേരളത്തിലെ ക്രൈസ്തവ സമൂഹം മറക്കില്ല. ക്രൈസ്തവ സമൂഹത്തിന് ജോർജിനെ പോലെയുള്ള, തരം പോലെ നിറം മാറുന്ന വിടുവായൻമാരുടെ സംരക്ഷണത്തിന്റെ ആവശ്യവുമില്ല. ഇപ്പോൾ ഹൈന്ദവ സ്നേഹം നടിക്കുന്ന ജോർജ് ഹൈന്ദവ സമൂഹത്തിലെ പ്രബല വിഭാഗമായ ഈഴവരെ അടച്ച് ആക്ഷേപിച്ചത് നിഘണ്ടുവിലില്ലാത്ത വാക്കുപയോഗിച്ചാണ്. ഹൈന്ദവ വിഭാഗത്തിലെ ദലിത് സമൂഹത്തെ അതിലും മ്ലേച്ചമായി ആക്ഷേപിച്ച പാരമ്പര്യമാണ് പി.സി ജോർജിന് ഉള്ളത്.
ഭിന്നിപ്പിച്ച് ഭരിക്കൽ തന്ത്രവുമായി രംഗത്ത് വന്ന ബ്രിട്ടീഷുകാരെ പോലെ
ഓരോ സമയത്തും തരംപോലെ വാക്കുമാറ്റിയും, നിലപാട് മാറ്റിയും, മലക്കം മറിഞ്ഞും നാട് കുട്ടിച്ചോറാക്കാൻ വിദ്വേഷം പ്രചരണം നടത്തുന്ന അദ്ദേഹത്തിന്റെ ഹീന തന്ത്രങ്ങളിൽ പൂഞ്ഞാർ ജനത വീഴില്ല. ഒരിക്കൽ സ്വാമി വിവേകാനന്ദൻ കേരളത്തെ വർഗീയ ഭ്രാന്തന്മാരുടെ ഭ്രാന്താലയം എന്നു വിശേഷിപ്പിക്കുകയുണ്ടായി.വീണ്ടും അതേ പോലെ കേരളത്തെ ഭ്രാന്താലയം ആക്കുവാൻ ശ്രമിക്കുന്നവരുടെ കയ്യിലെ ചട്ടുകം ആകാതിരിക്കാൻ എല്ലാവരും ജാഗരൂകരാകണം എന്ന് അഭ്യർത്ഥിക്കുന്നു. ഇപ്പോൾ വിദ്വേഷപ്രസംഗം നടത്തുന്നവരുടെ ഉദ്ദേശശുദ്ധി ഒട്ടും നല്ലതല്ല എന്നും, കേവലം രാഷ്ട്രീയ നേട്ടത്തിനും നിലനിൽപ്പിനും വേണ്ടി വർഗീയത ആളിക്കത്തിക്കുക എന്ന ഹീന തന്ത്രത്തിൽ ആരും വീഴരുത് എന്നും അഭ്യർത്ഥിക്കുന്നു. ഭൂരിപക്ഷ - ന്യൂനപക്ഷ വർഗീയതകൾ ഒരു പോലെ നാടിനാപത്താണ്. ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതുപോലെ "ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ ഏവരും സോദരദ്ദേന വാഴുന്ന മാതൃകാസ്ഥാനമായി" നമ്മുടെ നാടിനെ മാറ്റി തീർക്കുവാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം. മതസാഹോദര്യത്തിന്റെ ലോക മാതൃകയായ എരുമേലി ഉൾക്കൊള്ളുന്ന നിയോജകമണ്ഡലമാണ് പൂഞ്ഞാർ എന്നും ഓർമ്മിപ്പിക്കട്ടെ. പൂഞ്ഞാറിന്റെ മണ്ണിൽ വർഗീയവിഷം കലർത്താൻ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്താൻ പ്രതിജ്ഞാബദ്ധമായ നിലപാടുകളോടെ, മതസാഹോദര്യത്തിന്റെ കാവലാളായി എംഎൽഎ എന്ന നിലയിൽ ഞാൻ ഉണ്ടാവും എന്നും അറിയിക്കട്ടെ.