ഹര്‍ത്താല്‍ ദിനത്തിലാണ് അവര്‍ പുറത്തുപോയത്... രണ്ടുപേരും പിന്നീട് തിരിച്ചുവന്നില്ല
കോട്ടയം: താഴത്തങ്ങാടി അറുപറയില്‍ നിന്ന് കാണാതയ ദമ്പതികള്‍ എവിടെ എന്ന ചോദ്യത്തിന് അഞ്ച് വര്‍ഷം പിന്നിട്ടിട്ടും ഉത്തരമില്ല. 2017 ഏപ്രിലിലെ ഹര്‍ത്താല്‍ ദിനത്തില്‍ രാത്രിയാണ് ഇരുവരും പുതിയ കാറില്‍ പുറത്തിറങ്ങിയത്. ഭക്ഷണം വാങ്ങാനെന്ന പേരില്‍ പോയ രണ്ടു പേരും പിന്നീട് തിരിച്ചുവന്നില്ല. പഴ്‌സ്, എടിഎം കാര്‍ഡ് ഉള്‍പ്പെടെ എല്ലാ രേഖകളും വീട്ടില്‍ വച്ചാണ് പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

കുമരകം പോലീസ് അന്വേഷിച്ചെങ്കിലും തുമ്പുണ്ടായില്ല. തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തു. ഇലന്തൂര്‍ നരബലിയുടെ പശ്ചാത്തലത്തില്‍ എല്ലാ മിസ്സിങ് കേസുകളും കാര്യക്ഷമമായി അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ എന്തെങ്കിലും തുമ്പ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. കോട്ടയം, ഇടുക്കി ജില്ലകളിലെ ജലാശയങ്ങള്‍ മുഴുവന്‍ പോലീസ് പരിശോധിച്ചിരുന്നു.
പുതിയ കാറിലാണ് യാത്ര ചെയ്തത് എന്നതിനാല്‍ നമ്പര്‍ ലഭിച്ചിരുന്നില്ല. മിക്ക മത കേന്ദ്രങ്ങളിലും ദര്‍ഗകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. ദക്ഷിണേന്ത്യയിലെ മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളിലും നോക്കി. കാറുകള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളിലും പരിശോധിച്ചു. ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. സിബിഐ അന്വേഷണം തേടി ബന്ധുക്കള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്.
പുതിയ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്ന് കുടുംബം പറയുന്നുണ്ടെങ്കിലും ഇതുവരെ വ്യക്തമായ തെളിവില്ലാത്തതും ആശങ്കയുണ്ടാക്കുന്നു. ഇലന്തൂര്‍ നരബലി കേസ് തെളിയിച്ച പോലീസ് അന്വേഷണം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഹാഷിം-ഹബീബ ദമ്പതികളുടെ കാര്യത്തില്‍ എന്തെങ്കിലും തുമ്പുണ്ടാക്കാന്‍ സാധിച്ചാല്‍ പോലീസിന് മറ്റൊരു പൊന്‍തൂവലായി മാറും. സമാനമായ രീതിയില്‍ ദുരൂഹ സാഹചര്യത്തില്‍ കാണാതായ പത്തനംതിട്ട മുക്കൂട്ടുത്തറയിലെ ജസ്‌നയുടെ തിരോധാനവും ഉത്തരംകിട്ടാത്ത ചോദ്യമായി നില്‍ക്കുകയാണ്.












Click it and Unblock the Notifications