റിയല്‍ എസ്റ്റേറ്റ് ഏജന്റായി പൊലീസിന്റെ ആള്‍മാറാട്ടം: ഒടുവില്‍ ബുള്ളറ്റ് മോഷണക്കേസ് പ്രതി പിടിയില്‍
കോഴിക്കോട്: ബുള്ളറ്റ് മോഷണക്കേസ് പ്രതിയെ അതിവിദഗ്ധമായി പിടികൂടി കോഴിക്കോട് പൊലിസ്. രണ്ടുമാസം മുൻപ് നഗരത്തിലെ സിനിമാ തിയേറ്ററിനടുത്തുള്ള പാർക്കിങ്ങിൽനിന്ന് ബുള്ളറ്റ് മോഷ്ടിച്ച ഫസലുദ്ദീൻ തങ്ങളാണ് പിടിയിലായിരിക്കുന്നത്. മറ്റ് നിരവധി കേസുകളിലും ഇയാള്‍ പ്രതിയാണ്. ടൗൺ എസിപി പി.ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും ടൗൺപൊലീസുമാണ് തന്ത്രപരമായ നീക്കത്തിലൂടെ മോഷ്ടാവിനെ പിടികൂടുന്നത്.
റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡില്‍ സ്ഥിതി ചെയ്യുന്ന അപ്സര തിയേറ്ററിന് സമീപത്ത് പാർക്കിങ്ങില്‍ നിന്നാണ് ബുള്ളറ്റ് മോഷണം പോയത്. ഓഗസ്റ്റ് 18 ന് രാത്രിയോടെയായിരുന്നു സംഭവം. പിന്നീട് ബുള്ളറ്റ് നഗരത്തില്‍ തന്നെ ഒളിപ്പിച്ച ശേഷം പ്രതി വയനാട്ടിലേക്ക് കടന്നു. ഇടക്ക് വാഹനം മാറ്റുന്നതിനായി കോഴിക്കോടേക്ക് തിരിച്ചെത്തിയെങ്കിലും അന്വേഷണം ശക്തമായതറിഞ്ഞ് പ്രതി വീണ്ടും ജില്ല വിട്ടു. ഇത്തവണ കർണാടക അതിർത്തിയിലേക്കായിരുന്നു യാത്ര.

വാവാട്, താമരശ്ശേരി, അടിവാരം ഭാഗങ്ങളിൽ രാത്രിയിൽ ഫസലുദ്ദീനെ കണ്ടതായി വിവരം കിട്ടിയെങ്കിലും അന്വേഷണ സംഘം എത്തുമ്പോഴേക്കും സ്ഥലം വിട്ടു. പിന്നീട്, റിയൽ എസ്റ്റേറ്റ് ഏജന്റുമാരായി താമരശ്ശേരിയില്‍ തങ്ങിയായിരുന്നു പൊലീസ് നീക്കം. ഇയാളുമായി ബന്ധമുള്ളവരെ കണ്ടെത്തി അന്വേഷണ സംഘം കണ്ണികള്‍ ഓരോന്നായി മുറുക്കുകയായിരുന്നു. അവസാനം വാവാട് എത്തിയ പ്രതി പൊലീസ് ഒരുക്കിയ വലയില്‍ വീഴുകയും ചെയ്തു. ടൗൺ എസ്ഐ സുഭാഷ് ചന്ദ്രൻ പ്രതിയെ അറസ്റ്റ് ചെയ്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വാഹനം ഒളിപ്പിച്ച സ്ഥലം ഉള്‍പ്പടെ കണ്ടെത്തിയത്.












Click it and Unblock the Notifications