മൂന്ന് ബസുകള്‍ നിര്‍ത്തിയില്ല, പരാതിയുമായി ആറാം ക്ലാസുകാരന്‍ ആര്‍.ടി ഓഫീസില്‍; പിന്നീട് സംഭവിച്ചത്...
കോഴിക്കോട്: സ്‌കൂളില്‍ പോകാന്‍ ഏറെ നേരം കാത്തിരുന്നിട്ടും ബസ് നിര്‍ത്താതെ പോയതോടെ ആര്‍ ടി ഒയ്ക്ക് പരാതി നല്‍കി വിദ്യാര്‍ത്ഥി. കോഴിക്കോട് ജില്ലയിലെ വടകരയിലാണ് സംഭവം. തുടര്‍ച്ചയായി മൂന്ന് ബസുകള്‍ നിര്‍ത്താതെ പോയതോടെയാണ് ആറാം ക്ലാസുകാരനായ വിദ്യാര്‍ത്ഥി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ബന്ധപ്പെട്ടത്.
ബസുകള്‍ നിര്‍ത്താതിനെ തുടര്‍ന്ന് മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ആറാംക്ലാസ് വിദ്യാര്‍ഥിയായ കോട്ടപ്പള്ളി കൊളക്കോട്ട് സായ് ഗിരീഷിന് സ്‌കൂളില്‍ പോകാന്‍ സാധിച്ചിരുന്നില്ല. ബസ് നിര്‍ത്താതായപ്പോള്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു സായ് ഗിരീഷ്. വ്യാഴാഴ്ച രാവിലെ ആയിരുന്നു സംഭവം. സ്‌കൂളില്‍ പോകുന്നതിനായി ബസ് സ്‌റ്റോപ്പിലെത്തിയ സായ് ഗിരീഷ് കൈ കാണിച്ചിട്ടും മൂന്ന് ബസ് ആണ് നിര്‍ത്താതെ പോയത്.

കോട്ടപ്പള്ളിക്ക് സമീപമുള്ള മലയില്‍ പൊക്കു സ്മാരക ബസ് സ്റ്റോപ്പില്‍ നിന്ന സായ് ഗിരീഷിനായി 8.30, 8.40, 8.55 എന്നീ സമയങ്ങളില്‍ വന്ന മൂന്ന് ബസുകളും നിര്‍ത്തിയില്ല. ഇതോടെ വീട്ടിലേക്ക് മടങ്ങിയ സായ് ഗിരീഷ് ജോലിക്ക് പോയ അച്ഛനെ വിളിച്ച് കാര്യം പറഞ്ഞു. ഇതോടെ അച്ഛനും വീട്ടിലേക്ക് എത്തി. തുടര്‍ന്ന് സായ് ഗിരീഷ് തന്നെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ വിളിച്ച് പരാതി പറഞ്ഞത്. ഇവിടെ നിന്ന് പരാതി വടകര ആര്‍ ടി ഒയ്ക്ക് കൈമാറി.
ഗുജറാത്ത് മുതല് ഫുജൈറ വരെ കടലിനടിയിലൂടെ കേബിള്; വമ്പന് പദ്ധതിക്കൊരുങ്ങി ഇന്ത്യയും സൗദിയും

വൈകാതെ സായ് ഗിരീഷും പിതാവും ആര്‍ ടി ഓഫീസിലെത്തി പരാതി രേഖാമൂലം എഴുതി നല്‍കി. ബസ് നിര്‍ത്താതെ പോയതിനാല്‍ ആ ദിവസം സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല എന്ന് സായ് കൃഷ്ണ വ്യക്തമാക്കി. പരാതിയുടെ ഗൗരവം ബോധ്യപ്പെട്ട മോട്ടോര്‍ വാഹന വകുപ്പ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മൂന്ന് ബസിനെതിരേയും നടപടി സ്വീകരിക്കുകയായിരുന്നു.
'മെമ്മറി കാര്ഡ് അവസാനം ആക്സസ് ചെയ്തത് പള്സര് സുനിയുടെ വക്കീല്, ടാംപറിംഗില്ല'; ശ്രീജിത് പെരുമന

ആദികൃഷ്ണ, അമൃത, മഹാലക്ഷ്മി എന്നീ ബസുകളാണ് നിര്‍ത്താതെ പോയത് എന്ന് പരാതിയില്‍ സായ് ഗിരീഷ് ചൂണ്ടിക്കാട്ടി. വടകര ആര്‍ ടി ഒ സഹദേവന്റെ നിര്‍ദേശ പ്രകാരം എ എം വി ഐ മാരായ ഇ കെ അജീഷും വിവേക് രാജും കോട്ടപ്പള്ളിയിലെ സ്റ്റോപ്പിലെത്തി ഉച്ചയോടെ മൂന്ന് ബസുകളും പിടികൂടു കയും പിഴ ഈടാക്കുകയുമായിരുന്നു.

സ്റ്റേജ് കാരിയര്‍ വാഹനങ്ങള്‍ സ്റ്റോപ്പില്‍ നിര്‍ത്താതെ പോയാലുള്ള വകുപ്പ് പ്രകാരമാണ് മൂന്ന് ബസുകള്‍ക്കെതിരേയും പിഴ ചുമത്തിയത്. അതേസമയം ബസില്‍ നിറയെ ആളുകളായതിനാലാണ് നിര്‍ത്താതെ പോയത് എന്നാണ് ബസുകാര്‍ പറയുന്നത്. അതേസമയം സായ് ഗിരീഷിന്റെ പ്രവൃത്തിയെ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചു. സമാനമായ അനുഭവം നേരിടുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും വേണ്ടിയാണ് പരാതിയുമായി മുന്നോട്ടുപോയത് എന്ന് പിതാവ് ഗിരീഷ് കൂട്ടിച്ചേര്‍ത്തു.