കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് തന്നെ; ഞെട്ടിച്ച് ബിജെപി, യുഡിഎഫ് മൂന്നാം സ്ഥാനത്ത്
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് മുന്നേറ്റം. ആകെയുള്ള 75 വാര്‍ഡുകളിലെ ആദ്യ 32 വാര്‍ഡുകളിലെ ഫല സൂചന പുറത്തു വന്നപ്പോള്‍ എല്‍ഡിഎഫിന് വ്യക്തമായ മുന്‍തൂക്കമാണ് ഉള്ളത്. 21 സീറ്റിലാണ് വോട്ടെണ്ണല്‍ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇടതുമുന്നണി മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം, യുഡിഎഫിനെ ഞെട്ടിച്ചു കൊണ്ട് ബിജെപിയാണ് രണ്ടാം സ്ഥാനത്ത്. 8 വാര്‍ഡുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 2 സീറ്റുകളില്‍ മാത്രമാണ് യുഡിഎഫ് ഇത്തവണ മുന്നിട്ട് നില്‍ക്കുന്നത്.
നിലവിലെ സാഹചര്യം വെച്ചു നോക്കുമ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച വിജയം തങ്ങള്‍ സ്വന്തമാക്കുമെന്നാണ് ഇടത് നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. 2015 ല്‍ ആകെയുള്ള 75 വാര്‍ഡുകളില്‍ മൂന്നില്‍ രണ്ട് വാര്‍ഡുകളും സ്വന്തമാക്കിയായിരുന്നു എല്‍ഡിഎഫ് അധികാരം പിടിച്ചത്. 51 വാര്‍ഡുകള്‍ എല്‍ഡിഎഫിന് ലഭിച്ചപ്പോള്‍ യുഡിഎഫിന് അതിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചടികളിലൊന്നായിരുന്നു നേരിടേണ്ടി വന്നത്.
17 സീറ്റുകള്‍ മാത്രമായിരുന്നു കഴിഞ്ഞ തവണ യുഡിഎഫ് വിജയിച്ചത്. 7 സീറ്റുകള്‍ നേടിയ ബിജെപി മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. 2010 ല്‍ അവര്‍ക്ക് ഒരു സീറ്റ് മാത്രമായിരുന്നു ഉണ്ടായിരുന്നുള്ളു. യുഡിഎഫ് കേന്ദ്രങ്ങളിലായിരുന്നു ബിജെപി മുന്നേറ്റം നടത്തിയത്. ചില വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു. ഇത്തവണയും ബിജെപി മുന്നേറുന്ന് യുഡിഎഫ് വാര്‍ഡുകളിലാണെന്നാണ് ആദ്യ സൂചനകള്‍ നല്‍കുന്നത്.