കട്ടിപ്പാറ ഉരുള്‍പൊട്ടല്‍; മാറ്റിപ്പാര്‍പ്പിച്ച വീടുകളുടെ വാടകപോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് ഡിസിസി നേതൃത്വം
കോഴിക്കോട്: കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്ന് മാറ്റിപ്പാര്‍പ്പിച്ച വീടിന്റെ വാടകപോലും നല്‍കുന്നില്ലെന്ന് ഡിസിസി പ്രസിഡന്റ് ടി. സിദ്ദിഖ്. ദുരന്തത്തില്‍ പറമ്പ് പൂര്‍ണമായും നഷ്ടപ്പെട്ട ഏതാനും പേര്‍ക്ക് വീടുണ്ടാക്കാന്‍ ഒരുലക്ഷം രൂപ നല്‍കി സഹായിക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ പറമ്പ് ഒലിച്ചുപോയവര്‍ എവിടെയാണ് വീടിന് തറയിടേണ്ടതെന്നും സിദ്ദിഖ് ചോദിച്ചു.
ഈ ഭരണകൂടത്തിന് സാന്ത്വനത്തിന്റെ മുഖമില്ല. ഹിംസയുടെ മുഖമാണുള്ളത്. ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് നാലാം ദിവസം 14ാമത്തെ മൃതശരീരം പുറത്തെടുക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാളിന്റെ സമരത്തില്‍ പങ്കെടുക്കുകയായിരുന്നു. ഒരു ദിവസം പോലും അദ്ദേഹം ദുരന്തത്തില്‍ തിരിഞ്ഞുനോക്കിയില്ല. മന്ത്രിയും പരിവാരങ്ങളും ദൂരസ്ഥലങ്ങളില്‍ സന്ദര്‍ശിക്കുകയല്ലാതെ ഉരുള്‍പൊട്ടല്‍ നക്കിത്തുടച്ച താഴ് വരയിലേക്ക് എത്തിനോക്കിയതു പോലുമില്ല. സര്‍ക്കാര്‍ സൗജന്യ റേഷന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതല്ലാതെ റേഷന്‍ കടകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയില്ല.
ഉരുള്‍പൊട്ടിയ ഭാഗത്ത് ഇപ്പോഴും മണ്ണൊലിപ്പ് തുടരുന്നുണ്ട്. മഴപെയ്യുമ്പോള്‍ പാറക്കല്ലുകള്‍ വരെ ഉരുണ്ടുനീങ്ങുന്നു. സര്‍ക്കാര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നില്ല. യുപിഎ ഭരണകാലത്ത് കോഴിക്കോട്ട് അനുവദിച്ച ദുരന്തനിവാരണ യൂണിറ്റ് അടിയന്തിരമായി കൊണ്ടുവരണം. മഴക്കെടുതിയിലായ ജനതയോട് സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരതയ്ക്കും കര്‍ഷകദ്രോഹ നടപടികള്‍ക്കും എതിരെ ഓഗസ്റ്റ് 18ന് താമരശേരി താലൂക്ക് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സിദ്ദിഖ് പറഞ്ഞു.
റാഫേല്‍ ഇടപാടിലൂടെ രാജ്യസുരക്ഷ വിറ്റുകാശാക്കുന്ന മോദി സര്‍ക്കാരിനെ ഓഗസ്റ്റ് 26ന് ബ്ലോക്കടിസ്ഥാനത്തില്‍ ജനകീയവിചാരണ ചെയ്യും. ഓഗസ്റ്റ് 14ന് വൈകുന്നേരം നാലുമുതല്‍ അര്‍ധരാത്രി വരെ എരഞ്ഞിപ്പാലം ആശീര്‍വാദ് ലോണ്‍സില്‍ ഫ്രീഡം@മിഡ്‌നൈറ്റ് എന്ന പരിപാടി സംഘടിപ്പിക്കും. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍, ക്യാപ്റ്റന്‍ വിക്രം, നിരഞ്ജന്‍ തുടങ്ങിയവരുടെ കുടുംബാംഗങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് കെ.സി അബു, കെ. പ്രവീണ്‍, കെ.പി ബാബു എന്നിവരും പങ്കെടുത്തു.