ഓണ്‍ലൈന്‍ റമ്മിക്കായി സ്വര്‍ണം പണയം വെച്ചു, നഷ്ടം കോടികള്‍; യുവതിയുടെ ആത്മഹത്യയില്‍ ഞെട്ടിക്കുന്ന കണ്ടെത്തല്‍
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളി എന്ന് കണ്ടെത്തല്‍. വിശദമായ അന്വേഷണത്തിലൂടെ ക്രൈം ബ്രാഞ്ചാണ് ഈ കണ്ടെത്തലില്‍ എത്തിയിരിക്കുന്നത്. ചേലയില്‍ സ്വദേശി മലയില്‍ ബിജിഷയുടെ മരണമാണ് ഓണ്‍ലൈന്‍ റമ്മി കളിമൂലമുണ്ടായ സാമ്പത്തിക നഷ്ടമാണ് എന്ന് കണ്ടെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് ബിജിഷ നടത്തിയതെന്ന ഞെട്ടിക്കുന്ന കണ്ടെത്തലാണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ വെളിവായത്.
ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ ലക്ഷക്കണക്കിന് രൂപ ബിജിഷയ്ക്ക് നഷ്ടമായിട്ടുണ്ട് എന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. 2021 ഡിസംബര്‍ 12 - നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. യാതൊരു വിധ പ്രശ്നങ്ങളുമില്ലാതിരുന്ന ബിജിഷ എന്തിനാണ് ആത്മഹത്യ ചെയ്തത് എന്ന് വീട്ടുകാര്‍ക്കും മനസിലായിരുന്നില്ല. പിന്നീടാണ് ബിജിഷ 35 പവന്‍ സ്വര്‍ണം പണയം വെച്ചിരുന്നു എന്നും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തിയത്.

എന്നാല്‍ ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. ഇതോടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം രംഗത്തെത്തി. ബിജിഷയുടെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. കൊവിഡ് വ്യാപന സമയത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ ചെറിയരീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് പണം മുടക്കി കളിച്ചത്.
ഫോട്ടോയും കിടു ക്യാപ്ഷനും കിടു നവ്യയുടെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് ബിജിഷ കടന്നു. ആദ്യ ഘട്ടത്തില്‍ കളികള്‍ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകള്‍ക്ക് വേണ്ടി പണം നിക്ഷേപിക്കുകയായിരുന്നു. യു പി ഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയത്. എന്നാല്‍ ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടു. ഇതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം പണയം വെച്ചും കളി തുടര്‍ന്നു. ഇതിനിടെ ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് ആരുമറിയാതെ വായ്പയും വാങ്ങി.
ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു എന്ന് ക്രൈം ബ്രാഞ്ച് പറയുന്നു. വായ്പ തിരിച്ചടക്കാത്ത ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് സന്ദേശങ്ങള്‍ അയച്ചിരുന്നത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ബിജിഷയുടെ ഒരു സുഹൃത്തും ഓണ്‍ലൈന്‍ ഗെയിമില്‍ പങ്കാളിയായിരുന്നു. ഇവരില്‍ നിന്നും അന്വേഷണ സംഘത്തിന് വിവരങ്ങള്‍ ലഭിച്ചു. എന്നാല്‍, ബിജിഷ മരിച്ചതിന് ശേഷം പണം ചോദിച്ച് ആരും ബന്ധപ്പെട്ടിട്ടില്ല എന്നാണ് വീട്ടുകാര്‍ പറയുന്നത്.












Click it and Unblock the Notifications