അഴിയൂരിൽ എസ്ഡിപിഐ പിന്തുണച്ചത് എൽഡിഎഫിനെ: ഭാഗ്യം തുണച്ചത് ജനകീയ മുന്നണിയെ, പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ!!
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ എസ്ഡിപിഐ രണ്ട് സീറ്റുകളിൽ വിജയിച്ച അഴിയൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം യുഡിഎഫും ആർഎംപിയും നയിക്കുന്ന ജനകീയ മുന്നണിയ്ക്ക് ലഭിച്ചിട്ടുള്ളത്.
യുഡിഎഫിനെ പുറത്താക്കാൻ സിപിഎം-ബിജെപി കൂട്ടുകെട്ട്; രൂക്ഷവിമർശനവുമായി പികെ ഫിറോസ്

സീറ്റ് നില തുല്യം
ചുങ്കം സൌത്തിൽ നിന്ന് മത്സരിച്ച് വിജയിച്ചിട്ടുള്ള ആയിഷ ഉമ്മറാണ് ഇതോടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അഴിയൂരിലെ 18 സീറ്റുകളിൽ ആറ് സീറ്റുകളിൽ എൽഡിഎഫും ആറ് സീറ്റുകളിൽ യുഡിഎഫും ഒരു സീറ്റിൽ ബിജെപിയുമാണ് വിജയിച്ചത്. മറ്റ് പാർട്ടികൾക്ക് അഞ്ച് സീറ്റുകളും ലഭിച്ചിട്ടുണ്ട്.

കൊവിഡ് ചതിച്ചു
എൽഡിഎഫിന് ലഭിച്ച ആറ് സീറ്റുകൾക്ക് പുറമേ രണ്ട് സീറ്റുകളിൽ വിജയിച്ച എസ്ഡിപിഐയുടെ പിന്തുണ ലഭിച്ചെങ്കിലും എൽഡിഎഫിന്റെ ഒരംഗത്തിന് കൊറോണ വൈറസ് ബാധിച്ചതോടെ എത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ സീറ്റ് നില എട്ടിലേക്ക് ചുരുങ്ങുകയായിരുന്നു. ആർഎംപി സ്ഥാനാർത്ഥികളുടെ പിന്തുണ കൂടി ലഭിച്ചതോടെ യുഡിഎഫിന്റെ കക്ഷിനില എട്ടിലേക്ക് ഉയർന്നു. ഇതോടെയാണ് നറുക്കെടുപ്പിലേക്ക് നീങ്ങുന്നത്.

പ്രസിഡന്റ് തിരഞ്ഞെടുപ്പ്
അച്ചംപീടിക, അണ്ടിക്കമ്പനി വാർഡിൽ നിന്ന് മത്സരിച്ച വിജയിച്ച എസ്ഡിപിഐ സ്ഥാനാർത്ഥികളായ സീനത്ത് ബഷീർ , സാലിം പൂനത്തിൽ എന്നിവർ ചേർന്ന് ചോമ്പാൽ വാർഡിൽ നിന്ന് വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥി കെ ലീലയുമാണ് എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത്. ഇതാണ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിക്കാൻ നിർണ്ണായകമായിത്തീർന്നത്.

ജനകീയ മുന്നണി സഖ്യം
കോറോത്ത് വാർഡിൽ നിന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ആർഎംപി സ്ഥാനാർത്ഥി അനിഷ ആനന്ദസദനം, ചുങ്കം സൌത്തിൽ നിന്ന് മത്സരിച്ച് വിജയിച്ച ജനകീയമുന്നണിയുടെ സ്ഥാനാർത്ഥിയായ ആയിഷ ഉമ്മറും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ തന്നെ വടകരയിലെ ജനകീയ മുന്നണി സഖ്യം ചർച്ചയായിരുന്നു.

എൽഡിഎഫിന് നഷ്ടം
2010ന് മുമ്പ് അഴിയൂർ പഞ്ചായത്തിൽ എൽഡിഎഫായിരുന്നു അധികാരത്തിലിരുന്നത്. എന്നാൽ ജനതാദളിൽ നിന്ന് ഒരു വിഭാഗം യുഡിഎഫിലേക്ക് എത്തുകയും സിപിഎമ്മിലെ ഒരു വിഭാഗം ആർഎംപിയ്ക്ക് രൂപം നൽകുകയും ചെയ്തതോടെയാണ് ഈ ചരിത്രം തിരുത്തിക്കുറിച്ചത്. 2010ലും 2015ലും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. എന്നാൽ എൽജെഡി ഇടതുപക്ഷത്തേക്ക് എത്തിയതോടെയാണ് ഇവിടെ വീണ്ടും എൽഡിഎഫ് അധികാരത്തിലേക്കെത്തുന്നത്. ഇതാണ് വീണ്ടും എൽഡിഎഫിന് കൈമോശം വന്നിട്ടുള്ളത്.