• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കടലാക്രമണത്തെ പ്രതിരോധിക്കാന്‍ തീരത്ത് കടല്‍ഭിത്തിക്ക് പകരം ഇനി ജിയോ ടെക്‌സ്റ്റല്‍ ട്യൂബുകള്‍; തിരമാലകളുടെ ശക്തി കുറയുകയും... മണല്‍ തീരത്തേക്ക് കയറാതെ തടഞ്ഞു നിർത്തും, പ്രത്യേകതകൾ ഇങ്ങനെ...

  • By Desk

മലപ്പുറം: കടലാക്രമണത്തെ പ്രതിരോധിക്കാന്‍ പൊന്നാനിയില്‍ തീരത്ത് കടല്‍ഭിത്തിക്ക് പകരമായി ജിയോ ടെക്‌സ്റ്റല്‍ ട്യൂബുകള്‍ സ്ഥാപിക്കുന്ന പദ്ധതിക്ക് സര്‍ക്കാറിന്റെ അനുമതി. പുതുപൊന്നാനി മുതല്‍ പൊന്നാനി അഴിമുഖം വരെ കടലാക്രമണം രൂക്ഷമായ അഞ്ച് കേന്ദ്രങ്ങളിലേക്കാണ് 2.81 കോടി രൂപ അനുവദിച്ചത് . കടല്‍ക്ഷോഭത്തില്‍ കൂടുതല്‍ വീടുകള്‍ തകര്‍ന്ന മുറിഞ്ഞഴി, ഹിളര്‍ പള്ളി, മൈലാഞ്ചിക്കാട് എന്നിവിടങ്ങളിലേക്ക് മുന്‍ഗണന നല്‍കും.

വാക്കുകള്‍ കൊണ്ടോ കവിതകള്‍കൊണ്ടോ പ്രകീര്‍ത്തിച്ചു തീര്‍ക്കാവുന്നതല്ല ഞങ്ങള്‍ക്ക് ജയരാജേട്ടന്‍; തളിപ്പറമ്പില്‍ പി ജയരാജനെ വെട്ടിലാക്കി വീണ്ടും ഫ്ലക്‌സ് ബോര്‍ഡുയര്‍ന്നു

അടിയന്തര പ്രവൃത്തികള്‍ നടത്തേണ്ട സ്ഥലങ്ങളിലേക്ക് ഫണ്ട് ലഭിക്കുന്നതിനും നടപടിയായി . കടലാക്രമണത്തെ പ്രതിരോധിച്ച് തീരത്തെ മണ്ണൊലിപ്പ് തടയുന്ന എന്ന ലക്ഷ്യത്തോടെ കടല്‍ഭിത്തിക്ക് ബദലായാണ് പദ്ധതി. ആലപ്പുഴയിലെ നീര്‍ക്കുന്നം തീരദേശ മേഖലയില്‍ പരീക്ഷിച്ചു വിജയിച്ച പദ്ധതിയാണിത്. 20 മീറ്റര്‍ നീളവും മൂന്നു മീറ്റര്‍ വിസ്തീര്‍ണ്ണമുമുള്ള വൃത്താകൃതിയിലുള്ള ട്യൂബുകളാണ് പദ്ധതിയുടെ ജാഗമായി സ്ഥാപിക്കുക .

Ponnani

ഒരു ട്യൂബിന് മുകളില്‍ ഒരു ട്യൂബ് എന്ന നിലയിലായിരിക്കും ക്രമീകരിക്കുക. ട്യൂബുകള്‍ക്കകത്ത് മണല്‍ നിറക്കും. 4.4 മീറ്റര്‍ ഉയരത്തിലായിരിക്കും സ്ഥാപിക്കുക . തിരമാലകള്‍ ട്യൂബില്‍ അടിക്കുമ്പോള്‍ ശക്തി കുറയുകയും തിരമാലകള്‍ക്കൊപ്പമുള്ള മണല്‍ തീരത്തേക്ക് കയറാതെ ട്യൂബ് തടഞ്ഞു നിര്‍ത്തുകയും ചെയ്യും. തിരമാലകളുടെ ശക്തി കുറക്കുന്നതിനാല്‍ തീരത്തു നിന്ന് മണല്‍ ഒലിച്ചുപോകുന്നത് ഇല്ലാതാക്കാനും കഴിയും.

അതേ സമയം മലപ്പുറം ജില്ലയില്‍ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളില്‍ ജിയോ ബാഗുകള്‍ വിന്യസിക്കുന്ന പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. കലക്ടറേറ്റില്‍ ചേര്‍ന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, പുത്തന്‍ കടപ്പുറം, വളപ്പില്‍ മഖാം, അരിയല്ലൂര്‍, പരപ്പാല്‍, എടക്കടപ്പുറം, ചീരാന്‍ കടപ്പുറം, തേവര്‍ കടപ്പുറം, മൈലാഞ്ചിക്കാട്, താനൂര്‍ ഹാര്‍ബര്‍, ഒസ്സാന്‍ കടപ്പുറം, കെട്ടുങ്ങല്‍ ബീച്ച്, ആവിയില്‍ ബീച്ച്, കെ.ടി നഗര്‍, മൂരക്കടവ്, മുറിഞ്ഞഴി, അലിയാര്‍ പള്ളിക്ക് സമീപം, ഹിളര്‍ മസ്ജിദ് പരിസരം, മുല്ല റോഡ്, തണ്ണീര്‍തുറ, അജ്മീര്‍ നഗര്‍, പാലപ്പെട്ടി എന്നീ സ്ഥലങ്ങളിലാണ് ജിയോ ബാഗുകള്‍ സ്ഥാപിക്കുക. ഇതിനായി രണ്ട് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. പ്രദേശവാസികളുടെ കൂടി തൊഴില്‍ പങ്കാളിത്തത്തോടെയാണ് ജിയോ ബാഗുകള്‍ വിന്യസിക്കുക.

പി അബ്ദുള്‍ ഹമീദ് എംഎല്‍എ, സ്പീക്കര്‍ പി. ശ്രീരാമ കൃഷ്ണന്റെ പ്രതിനിധി പി വിജയന്‍, ഇടി മുഹമ്മദ് ബഷീര്‍ എംപിയുടെ പ്രതിനിധി അഷ്റഫ് കോക്കൂര്‍, പൊന്നാനി നഗരസഭാ ചെയര്‍മാന്‍ സിപി മുഹമ്മദ് കുഞ്ഞി, പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ ജമീല ടീച്ചര്‍, താനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ സുബൈദ, വിവിധ പഞ്ചായത്തുകളുടെ പ്രസിഡന്റുമാര്‍ ഡപ്യൂട്ടി കലക്ടര്‍ (ഡി.എം) കെ. മധു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

കടലാക്രമണം മൂലം നിരന്തരമായ നാശ നഷ്ടങ്ങളും ഭീഷണിയും നേരിടുന്ന ജില്ലയിലെ തീരദേശ മേഖലയിലൊന്നായ പൊന്നാനിയെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ചേര്‍ത്തു പിടിക്കുകയാണ് സര്‍ക്കാര്‍. സ്ഥലം എം.എല്‍ എ ആയിട്ടു കൂടിയുള്ള സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ തീരദേശ ഉന്നമനത്തിനായി വിവിധ വികസന പദ്ധതികളാണ് നടപ്പാക്കി വരുന്നത് പൊന്നാനിയില്‍ ഏഴ് റീച്ചുകളിലായി കടല്‍ഭിത്തിയുടെ അടിയന്തിര നിര്‍മ്മാണം തുടരുകയാണ്.

കൂടാതെ കടലാക്രമണ ഭീഷണി ഒഴിവാക്കാനായി 2.81 കോടി രൂപ ചെലവഴിച്ച് തീരത്ത് കടല്‍ഭിത്തിക്ക് പകരമായി ജിയോ ടെക്‌സ്റ്റല്‍ ട്യൂബുകള്‍ സ്ഥാപിക്കുന്ന പദ്ധതിയും പൊന്നാനിയില്‍ നടപ്പാക്കുന്നുണ്ട്. മറ്റൊരു തീരദേശ മണ്ഡലത്തിലുമില്ലാത്ത സമാനതകളില്ലാത്ത പുനരധിവാസ പദ്ധതികളാണ് പൊന്നാനിയിലുള്ളത്. 180 ലധികം തീരദേശ കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന ഫ്ലാറ്റ് നിര്‍മ്മാണത്തിന്റെ പ്രാരംഭ നടപടികള്‍ പൊന്നാനിയില്‍ ആരംഭിച്ചു കഴിഞ്ഞു. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പിന്റെ അധീനതയിലുള്ള രണ്ട് ഏക്കര്‍ സ്ഥലത്താണ് പാര്‍പ്പിട സമുച്ചയം നിര്‍മ്മിക്കുന്നത്.

മുട്ടത്തറ മാതൃകയില്‍ നിര്‍മ്മിക്കുന്ന ഓരോ വീടിനും 540 ചതുരശ്ര അടി വിസ്തീര്‍ണ്ണം ഉണ്ടാകും. ഊരാലുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റിയാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. കൂടാതെ പൊന്നാനിയില്‍120 കുടുംബങ്ങള്‍ക്കായി ഫിഷര്‍മെന്‍ കോളനിയും സജ്ജമാക്കുന്നുണ്ട്. ഫിഷിംഗ് ഹാര്‍ബര്‍ പ്രവര്‍ത്തിപ്പിക്കാനായി 2.4 കോടി ചെലവഴിച്ച് മത്സ്യ ഷെഡുകള്‍ നിര്‍മ്മിച്ചു. മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം പരിഗണിച്ച് അഞ്ച് കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന വാര്‍ഫിന്റെ പണി പൊന്നാനി ഹാര്‍ബറില്‍ നടന്നു കൊണ്ടിരിക്കുകയാണ്.

തീരദേശ റോഡുകള്‍ക്കായി ഏഴ് കോടി രൂപയാണ് ചെലവഴിച്ചത് . പൊന്നാനി നഗരസഭയുടെ പരിശ്രമത്തില്‍ 14 കോടി രൂപ ചെലവഴിച്ച് എംഎസ്ഡിപി പദ്ധതിയിലൂടെ തീരദേശത്തെ വിദ്യാലയങ്ങളുടെ കെട്ടിട നിര്‍മ്മാണം നടന്നു വരികയാണ്. ആധുനിക രീതിയില്‍ സജ്ജീകരിച്ച സ്ത്രീകളുടെയും കുട്ടികളുടെയും മാതൃ ശിശുആശുപത്രിയും തീരദേശത്തിന്റെ ഹൃദയ സ്ഥാനത്താണ് സ്ഥാപിച്ചിരിക്കുന്നത് . പൈതൃക സംരക്ഷണ പദ്ധതിയായ മുസരിസ് പദ്ധതിയിലും പൊന്നാനിയുണ്ട്.

കൂടാതെ മത്സ്യബന്ധന രംഗത്ത് ഏറെക്കാലത്തെ ആവശ്യമായ പുതുപൊന്നാനി ഫിഷ് ലാന്റിംഗ് സെന്ററിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.വേലിയേറ്റ സമയത്ത് 50 മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്ക് വര്‍ഷം തോറുമുളള കടലാക്രമണത്തില്‍ നിന്നും രക്ഷ നേടുന്നതിനായി ഭൂമി വാങ്ങി വീട് വെയ്ക്കുന്നതിനായി 10 ലക്ഷം രൂപയുടെ പദ്ധതിയും ജില്ലയില്‍ നടപ്പാക്കി കൊണ്ടേയിരിക്കുകയാണ്. 5.20 കോടി രൂപയാണ് സര്‍ക്കാര്‍ ഇതിനായി വകയിരുത്തിയിരിക്കുന്നത്.

കടല്‍ അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് തുക അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമാക്കി വര്‍ദ്ധിപ്പിക്കുകയും 15 മീറ്ററില്‍ താഴെയുളള വളളങ്ങള്‍ക്കായി ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്തു. ഇതോടെ മൂന്ന് ലക്ഷം രൂപവരെയുളള വളളങ്ങള്‍ക്ക് വെറും 450/ രൂപയ്ക്ക് ഇന്‍ഷൂര്‍ ചെയ്യാനാകും. മത്സ്യത്തൊഴിലാളികള്‍ക്ക് കുടുതല്‍ സുരക്ഷ ഉറപ്പാക്കാനായി ലൈഫ് ജാക്കറ്റുകള്‍ , ലൈഫ് ബോയ്, ജി.പി.എസ് , സാറ്റലൈറ്റ് ഫോണ്‍, നാവിക് യന്ത്രവും ഫിഷറീസ് വകുപ്പ് നല്‍കുന്നുണ്ട്. മത്സ്യത്തൊഴിലാളി ഭവന നിര്‍മ്മാണ പദ്ധതി എട്ട് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

കൂടാതെ കാലങ്ങളായി പണിതീര്‍ക്കാനാകാതെ കിടന്നിരുന്ന വീടുകള്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് വീട് നിര്‍മ്മിച്ചു നല്‍കി. മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ ആധുനിക രീതിയി്ല്‍ വൈദ്യൂതീകരിക്കുന്നതിനായി 40 കോടിയും മത്സ്യത്തൊഴിലാളി ഭവന അറ്റകുറ്റപ്പണികള്‍ മൂന്ന് കോടിയും അനുവദിച്ചു.

Malappuram

English summary
Geotextile tubes to combat Coastal erosion
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X