'വറുത്തതോ പൊരിച്ചതോ ആയ ഇനങ്ങളൊന്നുമില്ല, ഏത് കാര്യം പറഞ്ഞാലും കേൾക്കും'; രാഹുലിനെക്കുറിച്ച് ഡോ പി എം വാരിയർ
മലപ്പുറം: കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്ക് എത്തിയ രാഹുൽ ഗാന്ധി മടങ്ങിപ്പോയിരിക്കുകയാണ്. കഴിഞ്ഞദിവസമാണ് രാഹുൽ ആര്യവൈദ്യശാല വിട്ടത്. ഡോക്ടർമാരുടെ ചികിത്സ നിർദ്ദേശങ്ങൾ അതേപടി അനുസരിക്കുന്ന രോഗി എന്നാണ് രാഹുൽ ഗാന്ധിയെക്കുറിച്ച് കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അഭിപ്രായപ്പെട്ടത്. മനോരമയോടായിരുന്നു പ്രതികരണം.
രാഹുലിന്റെ ചികിത്സയ്ക്ക് നേതൃത്വം നൽകിയതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഡോക്ടർ ഇക്കാര്യം പറഞ്ഞത്. 21ന് ആണ് രാഹുൽ ആര്യവൈദ്യശാലയിൽ എത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കൂടെ ഉണ്ടായിരുന്നു. രാഹുലും വേണുഗോപാലുമാണ് ഒന്നിച്ച് ഡൽഹിയിലേക്ക് മടങ്ങിയത്.

ചികിത്സയെ-രോഗി ഗൗരവമായി കാണുമ്പോഴാണ് കൂടുതൽ ഫലം ലഭിക്കുന്നത് എന്നാണ് ഡോ പി എം വാരിയർ പറയുന്നത്. മരുന്ന്, ഭക്ഷണം തുടങ്ങിയ ഘടകങ്ങളെല്ലാം രോഗ ശമനത്തെ സ്വാധീനിക്കും. എല്ലാ അർത്ഥത്തിലും നല്ലൊരു രോഗി എന്ന വിശേഷമാണ് ഡോ പി എം വാരിയർ രാഹുലിനെക്കുറിച്ച് പറയുന്നത്.
ചികിത്സയ്ക്ക് എത്തുമ്പോഴേ അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം വളരെ ലളിതമാണെന്നാണ് ഡോക്ടർ പറയുന്നത്. വറുത്തതോ പൊരിച്ചതോ ആയ ഇനങ്ങൾ ഒന്നും ഇല്ലാത്ത ഭക്ഷണം. ചികിത്സ കഴിഞ്ഞപ്പോൾ കൂടുതൽ ചിട്ട വന്നുവെന്നും വാരിയർ പറഞ്ഞു. ഏതു കാര്യം പറഞ്ഞാലും രാഹുൽ അത് കൃത്യമായി അനുസരിക്കുന്ന ആളാണ് രാഹുലെന്നാണ് അദ്ദേഹം പറയുന്നത്. റൗണ്ട്സിന്റെ ഭാഗമായി എല്ലാ ദിവസവും മുറിയിൽ എത്തുമ്പോൾ സംശയങ്ങൾ ഉണ്ടെങ്കിൽ രാഹുൽ ചോദിക്കുമായിരുന്നുവെന്നും അതൊക്കെ ചികിത്സയ്ക്ക് കൂടുതൽ ഗുണകരമായെന്നും ഡോക്ടർ പറയുന്നു.
ആയുർവേദ ചികിത്സയ്ക്ക് പറ്റിയ രീതികളാണ് രാഹുലിന്റേത് എന്നാണ് ഡോ. പി എം വാരിയർ പറയുന്നത്. അതുകൊണ്ട് തന്നെ ചികിത്സാഫലം
ഉടൻ കൈവരും. ചികിത്സയ്ക്ക് ശേഷമുള്ള പഥ്യം ഒരാഴ്ച എങ്കിലും തുടരണമെന്ന് അദ്ദേഹത്തോട് നിർദ്ദേശിച്ചതായും ഡോ വാരിയർ പറഞ്ഞു.
കർക്കിടക മാസം ആയർവേദ ചികിത്സയ്ക്ക് പറ്റിയ സമയമാണെന്നും അതിനാൽ പ്രമുഖർ അടക്കമുള്ളവർ ചികിത്സയ്ക്കെത്തുന്നുണ്ട് എന്നും ആര്യവൈദ്യശാല ഇതിനായി പുതിയ പാക്കേജ് തയ്യാറാക്കിയിട്ടില്ലെന്നും ഡോ പി എം വാരിയർ പറഞ്ഞു.












Click it and Unblock the Notifications