രണ്ടര വയസ്സുകാരിയുടെ മരണം: പിതാവിന്റെ ക്രൂര മർദ്ദനം, വാരിയെല്ല് പൊട്ടി; സിഗരറ്റ് വെച്ച് കുത്തി
മലപ്പുറം: മലപ്പുറം കാളികാവില്‍ രണ്ടര വയസ്സുകാരി ദാരുണമായി കൊല്ലപ്പെട്ടത് പിതാവിന്റെ ക്രൂര മർദ്ദനത്തെ തുടന്ന്. കുഞ്ഞിന്റെ മരണത്തില്‍ ആദ്യം തന്നെ പിതാവിനെതിരെ ആരോപണവുമായി ബന്ധുക്കളും മാതാവും രംഗത്ത് വന്നിരുന്നു. ഇന്നലെ വൈകീട്ട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടി പുറത്ത് വന്നതോടെയാണ് കുട്ടിക്ക് ക്രൂരമായ രീതിയില്‍ മർദ്ദനമേറ്റിരുന്നുവെന്നും ഇതാണ് മരണത്തിന് കാരണമായതെന്നും വ്യക്തമായത്.
കാളികാവ് ഉദരംപൊയിലില്‍ ഫാത്തിമ നസ്റിന്‍ എന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിലായിരുന്നു പിതാവിനെ സംശയിച്ച് ബന്ധുക്കള്‍ രംഗത്ത് വന്നത്. ഉദരംപൊയിൽ സ്കൂളിന് സമീപം താമസിക്കുന്ന കോന്തൊത്തൊടിക മുഹമ്മദ് ഫായിസിനെതിരെയായിരുന്നു ആരോപണം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൂടെ പുറത്ത് വന്നതോടെ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞ് കുഞ്ഞിനെ ഞായറാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഉച്ചക്ക് ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങിയെന്നാണ് പിതാവ് ഡോക്ടർമാരോട് പറഞ്ഞിരുന്നത്. കുട്ടിയെ ആദ്യം കാളികാവ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും റിപ്പോർട്ടുണ്ട്.
മരണത്തിന് പിന്നാലെ തന്നെ പിതാവിനെതിരെ ആരോപണവുമായി മാതാവ് ഉള്‍പ്പെടേയുള്ളവർ രംഗത്ത് വരികയായിരുന്നു. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടായിരുന്നു.കുട്ടിയ കൊലപ്പെടുത്തുന്നതു കണ്ടതായും ഇവർ വെളിപ്പെടുത്തി. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിയുകയായിരുന്നു. കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇതോടെയാണ് വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ പഴയതും പുതിയതുമായ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കത്തിച്ച സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു. മർദ്ദനത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടി. മർദ്ദനമേറ്റപ്പോൾ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമായിരുന്നു മരണകാരണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിലവില്‍ അസ്വാഭാവിക മരണത്തിനാണ് കാളികാവ് പൊലീസ് കേസെടുത്തിരിക്കുന്നതെങ്കിലും . ഉടന്‍ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. ഫായിസിന്റെ ഉപദ്രവം സഹിക്കാന്‍ കഴിയാതെ ഭാര്യ ഷഹാനത്തും മക്കളും സ്വന്തം വീട്ടിലാണ് ഏറെ നാളായി കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവരെ ഫായിസ് നിര്‍ബന്ധിച്ച് സ്വന്തം വീട്ടിലേക്ക് കൊണ്ടു പോവുകയായിരുന്നു. നേരത്തേയും ഫായിസിനെതിരെ ഷഹനത്ത് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മർദ്ദനം.












Click it and Unblock the Notifications