മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ചെറിയ പെരുന്നാള്‍ വെള്ളത്തില്‍: മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ പ്രവേശന വിലക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശക്തമായ മഴയെ തുടര്‍ന്ന് ചെറിയ പെരുന്നാള്‍ വെള്ളത്തിലായി. മഴക്കാല ദുരിതങ്ങളാണ് മിക്കപ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കനത്ത മഴയേയും ഉരുള്‍പൊട്ടലിനേയും തുടര്‍ന്ന് മലപ്പുറത്തെ ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള ആഡ്യന്‍പാറ, കേരളാംകുണ്ട് എന്നീ സ്ഥലങ്ങളില്‍ മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് സഞ്ചാരികള്‍ക്ക് ജൂണ്‍ 15, 16 തിയ്യതികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

മഴയില്‍ മഞ്ചേരി നഗരം വെള്ളക്കെട്ടിലായി. നഗരമധ്യത്തില്‍ നിലമ്പൂര്‍ റോഡ്, സിഎച്ച് ബൈപ്പാസ് റോഡ്, കച്ചേരിപടി ബൈപ്പാസ്, ജസീല ജംങ്ഷന്‍, തുറക്കല്‍, വല്ല്യട്ടിപറമ്പ് എന്നിടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. സമീപപ്രദേശത്തെ താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലാണ്. ചിലയിടങ്ങളില്‍ മരം വീണു. പലയിടത്തും വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഉള്ളില്‍ വെള്ളം കയറി. ഓടകളില്‍ മാലിന്യം നിറഞ്ഞ് വെള്ളം ഒഴുകിപ്പോകുന്നതു തടസ്സപ്പെട്ടതാണ് വെള്ളം നിറയാന്‍ കാരണമായത്.

floodinmalappuram-

പലയിടങ്ങളിലും പാര്‍ക്കുചെയ്തിരുന്ന ഇരുചക്രവാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി തകരാറിലായി. ചിലയിടങ്ങളില്‍ പാര്‍ക്കുചെയ്ത കാറുകളും വെള്ളത്തില്‍ മുങ്ങി. കടകള്‍ക്കുള്ളിലേക്കു വെള്ളമെത്തിയതോടെ കച്ചവടക്കാരും ദുരിതത്തിലായി. മഴയ്ക്കു ശേഷം മണിക്കൂറോളം കഴിഞ്ഞാണ് വെള്ളമിറങ്ങിയത്. ഇത് പെരുന്നാള്‍ കച്ചവടത്തെയും ബാധിച്ചു. മഴ ആരംഭിച്ചതു മുതല്‍ നഗരത്തിലെ ഗതാഗതം കുരുങ്ങി. പ്രധാന റോഡുകളെല്ലാം വെള്ളത്തിലായതോടെ ഗതാഗത പ്രശ്‌നവും രൂക്ഷമായി. വാഹനങ്ങള്‍ക്ക് നഗരം വിടാനായി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവന്നു. വെള്ളം നിറഞ്ഞുകിടക്കുന്ന ഓടകളില്‍ കോരിയിട്ട മാലിന്യം റോഡില്‍ പരന്നൊഴുകുന്നതും തകര്‍ന്നുകിടക്കുന്ന സ്ലാബുകളും ദുരിതം ഇരട്ടിയാക്കി. തോട്ടില്‍നിന്ന് പ്ലാസ്റ്റിക് കുപ്പികളും മാലിന്യവും നിറഞ്ഞൊഴുകി സമീപറോഡുകളിലേക്ക് കടന്നു. മഴ കനത്താല്‍ ഏതുനിമിഷവും വീടുകളിലും വെള്ളം കയറാമെന്ന അവസ്ഥയാണ്.

നഗരസഭയില്‍ മിക്ക വാര്‍ഡുകളിലും മഴക്കാലപൂര്‍വ ശുചീകരണം യഥാസമയം നടത്താത്തത് ദുരിതം വര്‍ധിപ്പിച്ചു. പ്രദേശത്തെ കാനകള്‍ കൃത്യസമയത്ത് ചളികോരി വൃത്തിയാക്കാത്തതാണ് വിനയായത്. മഴ തുടങ്ങിയ ശേഷമാണ് ഓടകള്‍ വൃത്തിയാക്കാന്‍ ശ്രമം ആരംഭിച്ചത്. പഴയബസ്സ്റ്റാന്റ്, മെഡിക്കല്‍ കോളേജിന്‌സമീപത്തെ റോഡുകളും വെള്ളക്കെട്ടിലമര്‍ന്നു. കാല്‍നടയാത്ര ദുഷ്‌കരമായി. രൂക്ഷമായ ദുര്‍ഗന്ധവുമുണ്ട്.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജസീല ജങ്ഷനിലെ ആറു കുടുംബങ്ങളെ റവന്യൂ ഉദ്യോഗസ്ഥരെത്തി ബന്ധു വീടുകളിലേക്ക് മാറ്റി താമസിപ്പിച്ചു. ഇവര്‍ക്കുള്ള ഭക്ഷണവും വിതരണം ചെയ്തു. വലിയട്ടിപ്പറമ്പിലെ പാടവും തോടും ഒന്നായതോടെ സമീപത്തെ അമ്പതോളം വീടുകള്‍ വാസ യോഗ്യമല്ലാതായി. പലരും ബന്ധുവീടുകളില്‍ അഭയം തേടി. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഇവിടെ വെള്ളം കയറിയത്. മെഡിക്കല്‍ കോളേജ് അടക്കം വിവിധ ആശുപത്രികള്‍, ലാബുകള്‍, തൊഴില്‍ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍ മറ്റു സ്വകാര്യ സംരംഭങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും മാലിന്യം ഒഴുകി വലിയട്ടിപറമ്പിലെ പാടത്ത് തള്ളുന്നുവെന്ന ആരോപണം നേരത്തെയുണ്ട്. ഇന്നലെ മഴവെള്ളപ്പാച്ചിലില്‍ കുത്തിയൊഴുകിയ മാലിന്യം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകളും മലിനമാക്കി. വീടുകള്‍ക്കകത്ത് വെള്ളം കയറിയതോടെ ഭക്ഷണം കഴിക്കാനുള്ള പാത്രങ്ങള്‍ വരെ മാലിന്യത്താല്‍ ഉപയോഗ ശൂന്യമായി.

പുല്ലാര - മുതിരിപ്പറമ്പ് - പൂക്കോട്ടൂര്‍ റോഡ് വെള്ളത്തിനടിയിലായി. താഴ്ന്ന പ്രദേശത്തെ 30 ഓളം കുടുംബങ്ങള്‍ ദുരിതത്തിലായി. വെള്ളുവമ്പ്രം ടൗണിലെ കടകളിലും വീടുകളിലും വെള്ളം കയറി. അത്താണിക്കലില്‍ തോട് കരകവിഞ്ഞ് വെള്ളം സമീപത്തെ പള്ളിയിലും കടകളിലും കയറി. പയ്യനാട്, പിലാക്കല്‍ ഭാഗങ്ങളില്‍ അഞ്ചു വീടുകള്‍ വെള്ളത്തിലായി. വേട്ടേക്കോട്, പയ്യനാട് സ്റ്റേഡിയം ഭാഗങ്ങള്‍ രൂക്ഷമായ മണ്ണിടിച്ചില്‍ ഭീഷണി നേരിടുകയാണ്.

മഴക്കെടുതികള്‍ക്ക് അറുതിയായില്ല


മഞ്ചേരി : ഇന്നലെ പെയ്ത ശക്തമായ മഴയില്‍ ഏറനാട് താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ ആറ് വീടുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് പെരകമണ്ണ വില്ലേജില്‍ ആറു കുടുംബങ്ങളെയും വെള്ളപൊക്കം കണക്കിലെടുത്ത് മഞ്ചേരി അയനികുത്ത് കോളനിയിലെ ഏഴു കുടുംബങ്ങളെയും മാറ്റി പാര്‍പ്പിച്ചു. കിഴുപറമ്പ്, ഊര്‍ങ്ങാട്ടി, പെരകമണ്ണ, മഞ്ചേരി വില്ലേജ് പരിധികളില്‍ താഴ്ന്നയിടങ്ങളില്‍ വെള്ളം കയറി. വീടുകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും നഷ്ടമുണ്ടായി. മഴയിലും കാറ്റിലും വ്യാപകമായ കൃഷി നാശമുണ്ടായി. പലയിടത്തും റബര്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. വാഴകളും മരച്ചീനി ഉള്‍പ്പെടെയുള്ളവയും നശിച്ചു. 17 ലക്ഷം രൂപയുടെ കൃഷി പൂര്‍ണമായും നശിച്ചതായി റവന്യൂ വകുപ്പ് അറിയിച്ചു. കൃഷിനാശം സംബന്ധിച്ച നഷ്ടം കണക്കുകൂട്ടി വരികയാണെന്നും നഷ്ടം ഇനിയും ഇരട്ടിയാകുമെന്നും അധികൃതര്‍ പറഞ്ഞു.

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെമ്പ്രശ്ശേരി വില്ലേജില്‍ കാരിപറമ്പന്‍ ആമിനയെയും കുടുംബത്തെയും റവന്യൂ അധികൃതരെത്തി ബന്ധുവീട്ടില്‍ മാറ്റിപ്പാര്‍പ്പിച്ചു. ശക്തമായ കാറ്റില് മരം വീണ് വണ്ടൂര്‍ കാരാട് കുഴിച്ചിലില്‍ വാണിയംകുന്നത്ത് വിജയകുമാരിയുടെ വീട് ഭാഗികമായി തകര്‍ന്നു. പുല്‍പ്പറ്റ മംഗലന്‍ അഹമ്മദ്കുട്ടിയുടെ ഭാര്യ ആമിനക്കുട്ടിയുടെ കിണര്‍ ഇടിഞ്ഞ് താഴ്ന്ന് 20000രൂപയുടെ നഷ്ടമുണ്ടായി. പുക്കൊളത്തൂര്‍ കുനിക്കല്‍ തങ്കയുടെ മകന്‍ വേലായുധന്റെ വീട് ഭാഗികമായി തകര്‍ന്ന് 30000 രൂപയുടെ നഷ്ടമുണ്ടായി. എളങ്കൂറില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു. 35000 രൂപയുടെ നഷ്ടമുണ്ടായി. ആലുങ്ങല്‍ ആലിയുടെ മകള്‍ ചീരാന്തൊടിക ആയിശയുടെതാണ് വീട്. മലപ്പുറം കുട്ടപ്പുലാന്‍ മുഹമ്മദലിയുടെ വീടിനു മുകളില്‍ മണ്ണിടിഞ്ഞ് നാശ നഷ്ടമുണ്ടായി. ആനക്കയത്ത് കോട്ടമ്മല്‍ അബ്ദുല്‍ റസാഖിന്റെ വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് 10000 രൂപയുടെ നഷ്ടമുണ്ടായി. കൈതക്കോടന്‍ മുഹമ്മദലിയുടെ മകന്‍ അബുബക്കറിന്റെ വീടിനു മുകളിലും മണ്ണിടിഞ്ഞു കേടുപാടുകള്‍ സംഭവിച്ചു. പെരകമണ്ണ പടിഞ്ഞാറെ ചാത്തല്ലൂരില്‍ ആനക്കല്ല് രണ്ടാം കയ്യില്‍ കുട്ടാടന്‍ മലയില്‍ ഉരുള്‍പൊട്ടിയതിനാല്‍ ആറു കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഇന്നലെ പുലര്‍ച്ചെ 3.30നാണ് ഉരുള്‍പൊട്ടിയത്. ഒരു കിലോമീറ്ററോളം റോഡ് തകര്‍ന്നു. ബൈക്ക് ഒലിച്ചു പോയി. മുരടന്‍ ചാത്തന്റെ ഭാര്യ ജാനകി (50), കാന്‍സര്‍ രോഗിയായി കുമ്പളവന്‍ കറുപ്പന്‍ (60), തേവശ്ശേരി അബ്ദുവിന്റെ ഭാര്യ നഫീസ (55), കളത്തില്‍ ജാഫറലി (66), പി കെ ഹാറൂണ്‍ റഷീദ് (40), പി കെ ആമിര്‍ (50) എന്നിവരുടെ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു.

നിലമ്പൂരില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കനത്ത മഴയില്‍ നിലമ്പൂര്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ മുഴുവന്‍ വെള്ളത്തിനടിയിലായി. ചാലിയാര്‍, കുതിരപ്പുഴ, കലക്കന്‍പുഴ എന്നിവയെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. ജനതപ്പടി, വെളിയംതോട് എന്നിവിടങ്ങളില്‍ഡ റോഡ് വെള്ളത്തില്‍ മുങ്ങിയതോടെ കെ.എന്‍.ജി (കോഴിക്കോട്- നിലമ്പൂര്‍- ഗൂഡല്ലൂര്‍) റോഡില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. റെയില്‍വെ സ്റ്റേഷന് സമീപം മട്ടിയില്‍ വെള്ളംകയറി 10 വീടുകള്‍ ഒറ്റപ്പെട്ടു. അശാസ്ത്രീയ ഓട നിര്‍മ്മാണമായിരുന്നു പ്രശ്‌നം. മണ്ണുമാന്തി ഉപയോഗിച്ച് ചാലുകീറി വെള്ളം ഒഴുക്കിവിട്ടു.മുദീരി, രാമംകുത്ത്, വെളിയെതോട് ഭാഗങ്ങളില്‍ കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. കാഞ്ഞിരപ്പുഴയില്‍ നിന്നും വെള്ളം കയറി മതില്‍മൂല കോളനിയിലെ 10 കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. ഇവരെ റവന്യൂ വകുപ്പ് ചാലിയാര്‍ പെരുമ്പത്തൂര്‍ ജി.എല്‍.പി സ്‌കൂളില്‍ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി.

പൊന്നാനിയില്‍ വീട് തകര്‍ന്നു

ശക്തമായ കാറ്റിലും മഴയിലും പൊന്നാനിയില്‍ വീട് തകര്‍ന്നു. പൊന്നാനി അഴീക്കല്‍ നടുമുറ്റം മദ്‌റസക്ക് സമീപത്തെ വീടാണ് തകര്‍ന്നത്

വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്.അഴീക്കല്‍ സ്വദേശി ആല്യാമാക്കാന കത്ത്കുഞ്ഞീവിയുടെ വീടിന്റെ മേല്‍ക്കൂരയാണ് പൂര്‍ണ്ണമായും നിലംപൊത്തിയത്.അപകടസമയത്ത് കുഞ്ഞീവി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. റംസാനിലെ അത്താഴം കഴിച്ചു കൊണ്ടിരിക്കെ മേല്‍ക്കൂരയില്‍ നിന്നും ശബ്ദം കേട്ടതോടെ കുഞ്ഞീവി പുറത്തേക്കോടി. ഈ സമയം മേല്‍ക്കൂര ഒന്നാകെ നിലംപതിക്കുകയും ചെയ്തു.ശബ്ദം കേട്ട് അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. വീടിനകത്ത് കൂടുതല്‍ ആളുകളില്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.രാവിലെ പൊന്നാനി വില്ലേജ് ഓഫീസര്‍ സ്ഥലത്തെത്തി നാശ നഷ്ടങ്ങള്‍ വിലയിരുത്തി

ഇടിമിന്നലില്‍ തെങ്ങുകള്‍ കരിഞ്ഞുണങ്ങി


കാലവര്‍ഷം കനക്കുന്നു. വിവിധയിടങ്ങളില്‍പ്രകൃതിക്ഷോഭവും, നാശനഷ്ടവും .മാറഞ്ചേരി പുറങ്ങില്‍ ഇടിമിന്നലില്‍ തെങ്ങുകള്‍ കരിഞ്ഞുണങ്ങി

രണ്ടാഴ്ചയായി മഴ ശക്തമായതോടെ മഴക്കെടുതികളും പെരുകുന്നു. ഇടിമിന്നലില്‍ ഇലക്ട്രിക് ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതിന് പുറമെ ശക്തമായ കാറ്റില്‍ മരം വീണ് പലയിടത്തും വീടുകള്‍ക്ക് കേടുപാടുകളും സംഭവിക്കുന്നുണ്ട്. മാറഞ്ചേരി പഞ്ചായത്തിലെ പുറങ്ങില്‍ ഇടിമിന്നലേറ്റ് നിരവധി തെങ്ങുകള്‍ കരിഞ്ഞുണങ്ങി. മണലൂര്‍ മൊയ്തുണ്ണി, പടിഞ്ഞാറെപ്പാട്ടയില്‍ ഹംസ എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങുകളാണ് മിന്നലേറ്റ് കരിഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം.രാവിലെയാണ് കായ്ഫലമുള്ള തെങ്ങുകള്‍ക്ക് മിന്നലേറ്റതായി കണ്ടത്.തുടര്‍ന്ന് വില്ലേജില്‍ വിവരമറിയിക്കുകയും, അധികൃതരെത്തി നാശനഷ്ടം വിലയിരുത്തുകയും ചെയ്തു.

തീരദേശവാസികള്‍ ആശങ്കയില്‍

പൊന്നാനി താലൂക്കില്‍ ശക്തമായ കടലാക്രമണം; ലൈറ്റ് ഹൗസ് കോമ്പൗണ്ടിലേക്ക് തിരമാലകള്‍ അടിച്ചു കയറി.തീരദേശവാസികള്‍ ആശങ്കയില്‍. കാലവര്‍ഷം കനത്തതോടെയാണ്കടലാക്രമണം വര്‍ധിച്ചത്. പൊന്നാനി ലൈറ്റ് ഹൗസ് മുതല്‍ ജില്ലാ തിര്‍ത്തിയായ കാപ്പിരിക്കാട് വരെയുള്ള ഭാഗങ്ങളില്‍ ശക്തമായ കടലേറ്റമാണ് ഉണ്ടായത്. വേലിയേറ്റ സമയങ്ങളിലാണ് കടലാക്രമണമുണ്ടാകുന്നത്. കടല്‍ഭിത്തിയില്ലാത്ത സ്ഥലങ്ങളില്‍ കരയിലേക്ക് തിരമാലകള്‍ ആഞ്ഞടിക്കുകയാണ് .പൊന്നാനി ലൈറ്റ് ഹൗസ് പരിസരം, മരക്കടവ്, അലിയാര്‍ പള്ളി, തെക്കേകടവ് ,മുറിഞ്ഞഴി, പുതുപൊന്നാനി മുനമ്പം ബീവി ജാറം, വെളിയങ്കോട് തണ്ണിത്തുറ, കാപ്പിരിക്കാട് എന്നിവിടങ്ങളിലാണ് ശക്തമായ കടലാക്രമണമുണ്ടാകുന്നത്. പൊന്നാനി ലൈറ്റ് ഹൗസിനു മുന്നില്‍ താല്ക്കാലികമായി ഇട്ട കരിങ്കല്ലുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നതോടെ തിരമാലകള്‍ ലൈറ്റ് ഹൗസ് കോമ്പൗണ്ടിലേക്ക് നേരിട്ട് കടക്കുകയാണ്.കൂടാതെ ചുറ്റുമതില്‍ തകര്‍ന്നതും ലൈറ്റ് ഹൗസിന് ഭീഷണിയാവുന്നുണ്ട്.ശക്തമായ തിരമാലകളെ പ്രതിരോധിക്കാന്‍ വീടുകള്‍ക്ക് മുന്നില്‍ വലിയ മണല്‍ക്കൂനകള്‍ നിര്‍മ്മിച്ച് രക്ഷതേടുകയാണ് തീരവാസികള്‍



ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യത.

സംസ്ഥാനത്ത് ജൂണ്‍ 18 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. തിരൂര്‍ കൂട്ടായില്‍ നിന്ന് കാണാതായ കുട്ട്യാമുവിന്റ പുരയ്ക്കല്‍ ഹംസയുടെ മൃതദേഹം ചാവക്കാട് കടപ്പുറത്തു നിന്ന് കണ്ടെത്തി. നിലമ്പൂരില്‍ കാണാതായ ആളെ കണ്ടെത്താന്‍ ജില്ലാ കലക്ടര്‍ നാവികസേനയുടെ സഹായം അഭ്യര്‍ഥിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലെ ശക്തമായ മഴയില്‍ ജില്ലയുടെ വിവിധ മേഖലകളില്‍ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും ഉണ്ടായി. ഏറനാട് താലൂക്കിലെ രണ്ടിടങ്ങളില്‍ ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. നിലമ്പൂര്‍ താലൂക്കില്‍ മതില്‍മൂലയില്‍ മലവെള്ളപ്പാച്ചില്‍ മൂലം 13 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഏറനാട് താലൂക്കില്‍ വെറ്റില പ്പാറ വില്ലേജിലെ വെങ്ങോട്ടുപൊയില്‍, പെരുകമണ്ണ വില്ലേജിലെ പടിഞ്ഞാറെ ചാത്തല്ലൂര്‍ എന്നിവടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി. പ്രദേശത്ത് നിന്ന് ആളുകളെ മാറ്റി പാര്‍പ്പിച്ചു.

വിനോദ സഞ്ചാരികള്‍ കടലില്‍ ഇറങ്ങരുതെന്ന് നിര്‍ദേശമുണ്ട്. ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും തോടുകളിലും ഇറങ്ങരുത്. മരങ്ങള്‍ക്ക് താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. കുട്ടികള്‍ വെള്ളക്കെട്ടിലും കുളത്തിലും ചിറകളിലും പുഴകളിലും കളിക്കുന്നത് ഒഴിവാക്കുവാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. അടിയന്തിര സഹായത്തിനായി ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്പറില്‍ വിളിക്കാം - 1077

വരുന്ന അവധി ദിവസങ്ങളില്‍ താലൂക്ക് ഓഫീസുകളും വില്ലേജ് ഓഫീസുകളും പ്രവര്‍ത്തിയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ എന്നിവയുടെ സാധ്യതയുള്ള പ്രദേശങ്ങളില്‍ അനൗണ്‍സ്‌മെന്റ് വഴി ബോധവത്കരണം നടത്താന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ മലയോര യാത്ര പരമാവധി ഒഴിവാക്കണമെന്നും രാത്രി 7 മുതല്‍ രാവിലെ 7 വരെ മലയോര യാത്ര പൂര്‍ണമായി നിയന്ത്രിക്കണമെന്നും നിര്‍ദേശമുണ്ട്.

താലൂക്ക് കണ്‍ട്രാള്‍ റൂം നമ്പറുകള്‍: പൊന്നാനി 04942666038, തിരൂര്‍ 04942422238തിരൂരങ്ങാടി 04942461055, ഏറനാട്:04832766121, പെരിന്തല്‍മണ്ണ:04933227230, നിലമ്പൂര്‍:04931221471, കൊണ്ടോട്ടി:04832713311

കൂടാതെ ജില്ലാ ദുരിതാശ്വാസ വകുപ്പിന്റെ 04832736320, 04832736326 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.



കാലവര്‍ഷക്കെടുതി: മുന്നറിയിപ്പുകള്‍ പാലിക്കുക

നീണ്ടു നില്‍ക്കുന്ന മഴയില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും പാലിക്കുകയും വേണമെന്നും ഫീഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ലൈഫ് ജാക്കറ്റ് പോലുള്ള ജീവന്‍ രക്ഷാ മാര്‍ഗ്ഗങ്ങള്‍ കരുതണമെന്നും ശക്തമായ കാറ്റും തിരമാലകളും ഉണ്ടാകാന്‍ സാധ്യത യുണ്ടെന്നും അറിയിച്ചിട്ടുണ്ട്. മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വളളം, വഞ്ചി എന്നിവ രജിസ്റ്റര്‍ ചെയ്യണം. ഇവയുടെ ലൈസന്‍സ് പുതുക്കുകയും ബയോമെട്രിക് കാര്‍ഡ് മത്സ്യ ബന്ധന സമയങ്ങളില്‍ കൈയ്യില്‍ കരുതുകയും വേണം.

ശക്തമായ മഴയും കാറ്റും മൂലം പൊന്നാനി മേഖലയില്‍ ഒരു വീട് തകര്‍ന്നു. പൊന്നാനി സ്വദേശി അബ്ദുള്ള ബാവയുടെ വീടാണ് പൂര്‍ണമായും തകര്‍ന്നത്. കഴിഞ്ഞ ആഴ്ച്ചയില്‍ ഉണ്ടായ ശക്തമായ മഴയില്‍ പൊന്നാനി മേഖലയിലെ കാപ്പിരിക്കാട്ട് നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നിരുന്നു. കുടുംബങ്ങളെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.

Malappuram
English summary
travel ban to tourist centres in malappuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X