കാലവർഷം! ദുരന്തങ്ങൾ ആവർത്തിക്കരുത്; കരുതലോടെ ദുരന്തനിവാരണ സേന തയ്യാറെടുപ്പിൽ
മലപ്പുറം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഴ കനക്കുന്നതോടെ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലുമുളള സാധ്യതയേറുന്നു. ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേന ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സന്ദർശനം ആരംഭിച്ചു.
നിലമ്പൂരിൽ ക്യാംപ് ചെയ്യുന്ന ആരക്കോണത്തെ എൻ ഡി ആർ എഫ് നാലാം ബറ്റാലിയനിലെ 17 അംഗ സേനയാണ് കാലവർഷം ആരംഭിക്കുന്നതിന് മുൻപ് വിവിധ സ്ഥലങ്ങളിൽ എത്തി ഒരുക്കങ്ങൾ ആരംഭിച്ചത്.
പോത്തുകൽ , വാണിയമ്പുഴ , പാതാർ , കവളപ്പാറ, വഴിക്കടവിലെ വെള്ളക്കട്ട എന്നീ പ്രദേശങ്ങളിലായിരുന്നു ഇതിന് മുൻപ് വെള്ളപ്പൊക്കവും, മണ്ണിടിച്ചിലും ഉണ്ടായിട്ടുളളത്. ഈ സ്ഥലങ്ങളിലേയ്ക്കാണ് ദുരന്ത നിവാരണ സേന എത്തിയത്. കാലവർഷം പ്രമാണിച്ച്, ഇനിയും ദുരന്തം ആവർത്തിക്കാൻ വേണ്ടിയാണ് ദുരന്ത നിവാരണ സേന പല സ്ഥലങ്ങളിലും സന്ദർശനം നടത്തുന്നത്. അപകട സാധ്യതാ മേഖലകളിൽ രക്ഷാ പ്രവർത്തനത്തിന് തയാറെടുപ്പ് ആസൂത്രണം ചെയ്യുമെന്ന് സേന വ്യക്തമാക്കി.
തഹസിൽദാർ എം പി സിന്ധു നിർദേശം നൽകി. ഡെപ്യൂട്ടി തഹസിൽദാർ കെ പി പ്രമോദ്, അബ്ദുല്ല പാറയ്ക്കൽ, മുഹമ്മദ് അഷ്റഫ്, സിയാദ് സമീർ തുടങ്ങിയവർ സേനയ്ക്കൊപ്പം സ്ഥലത്ത് എത്തിയിരുന്നു. വരും ദിവസങ്ങളിലും സന്ദർശനം ഉണ്ടാകുമെന്നാണ് വിവരം.
അതേസമയം, ജില്ലയിൽ കനത്ത മഴ തുടരുന്നതിൽ പ്രതിസന്ധിയിലായത് മത്സ്യ ബന്ധന മേഖലയാണ്. കാലാവസ്ഥ പ്രതികൂലമായതിനാൽ, അഴിമുഖത്ത് ജങ്കാർ സർവീസ് നിർത്തിയിട്ടു. ഇതിനു പുറമേ, മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും കരയിൽ നങ്കൂരമിട്ടു. കനത്ത മഴയക്കൊപ്പം കാറ്റും ഉണ്ടായേക്കാം എന്ന സാഹചര്യം കണക്കിലെടുത്താണ് മത്സ്യത്തൊഴിലാളികൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അതേസമയം, കേരളത്തിൽ വരും ദിവസങ്ങളിലും ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
തിരുവനന്തപുരവും കൊല്ലവും ഒഴികെ , ബാക്കി എല്ലാ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, നാളെ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളില്‍ ഓറഞ്ച് അലർട്ടാണ്. എന്നാൽ, നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മെയ് 21 വരെ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും തീരദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നും കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വേണ്ടി പോകരുതെന്നും മുന്നറിയിപ്പിലൂടെ വ്യക്തമാക്കുന്നു. അതേസമയം , കാലവര്‍ഷം മെയ് 27 - ന് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. കനത്ത മഴയിൽ കൊച്ചിയുടെ വിവിധ ഭാഗങ്ങൾ വെളളക്കെട്ടിലായി. കൊച്ചി - കളമശേരി - വി.ആർ തങ്കപ്പൻ റോഡിൽ 60 ലധികം വീടുകളിൽ വെള്ളം കയറിയെന്നാണ് വിവരം. ഫയർഫോഴ്‌സ് സ്‌കൂബ ഉപയോഗിച്ച് ആളുകളെ മാറ്റുകയാണ്.
'സുധാകരനെ ഇപ്പോൾ അറസ്റ്റ് ചെയ്യില്ല, വീഡിയോ ശേഖരിച്ച് പരിശോധന പൂർത്തിയാകട്ടെ'; സി എച്ച് നാഗരാജു
എന്നാൽ, തിരുവല്ല പെരിങ്ങര വരാല്‍ പാട ശേഖരത്തിലെ 17 ഏക്കര്‍ നെല്‍ കൃഷി കനത്ത മഴയെ തുടർന്ന് നശിച്ചു. കൊയ്ത്തിന് പാകമായ നെല്‍ച്ചെടികളാണ് നശിച്ചത്. നെല്‍ച്ചെടികള്‍ മുഴുവന്‍ വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്. കോഴിക്കോട് ജില്ലയിൽ നൈനാംവളപ്പ് തീരത്ത് സ്ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തി തകര്‍ന്നു. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച ഗാബിയോണ്‍ കടല്‍ഭിത്തിയാണ് നശിച്ചത്. നൈനാംവളപ്പ്, കണ്ണം പറമ്പ്, മുഖദാര്‍ തീരത്തായി ഒരു കിലോ മീറ്റര്‍ നീളത്തില്‍ കെട്ടിയ കടല്‍ ഭിത്തിയാണ് തകര്‍ന്നത്. ഇതോടെ തീര ദേശപാത ഉള്‍പ്പടെ അപകടത്തിലായെി എന്നാണ് വിവരം.