ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ്: എടിഎം കാര്‍ഡുകളുമായി അറസ്റ്റില്‍
മലപ്പുറം: ഉത്തരേന്ത്യ കേന്ദ്രീകരിച്ചുളള ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പ് സംഘത്തിന്റെ കേരളത്തിലെ കണ്ണികളായ മൂന്ന് പേര്‍ 60 എ.ടി.എം കാര്‍ഡുകളുമായി അറസ്റ്റില്‍. പെരിന്തല്‍മണ്ണയിലെ പട്ടാണി സക്കീര്‍ ഹുസൈന്‍(30), അത്തിക്കാട്ടില്‍ മുഹമ്മദ് തസ്ലീം(28), മണ്ണാര്‍മല സ്വദേശി അയിലക്കര അബ്ദുള്‍ ബാരിസ്(27) എന്നിവരാണ് അറസ്റ്റിലായത്.
ഓണ്‍ലൈന്‍ തട്ടിപ്പുവഴി കറന്‍സി രൂപത്തില്‍ തന്നെ പണം കൈക്കലാക്കാന്‍ ഉത്തരേന്ത്യന്‍ സംഘം നിയോഗിച്ച പെരിന്തല്‍മണ്ണയിലെ ഏജന്റുമാരാണിവര്‍. നേരത്തെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തന്നെയുളള വ്യാജ അക്കൗണ്ട് വഴി ഓണ്‍ലൈന്‍ പര്‍ച്ചേസിനാണ് പണം ഉപയോഗിച്ചിരുന്നത്. കറന്‍സി രൂപത്തില്‍ പണം കൈക്കലാക്കാന്‍ ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആളുകളെ വച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ പിടിയിലായവരില്‍ നിന്നും, പല പേരിലായി ഇവര്‍ സംഘടിപ്പിച്ച പ്രമുഖ ബാങ്കുകളുടെ അറുപതോളം എ.ടി.എം കാര്‍ഡുകളും മൂന്ന് ലക്ഷത്തിലധികം രൂപയും പിടിച്ചെടുത്തു.
അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രധാന ടൗണുകളിലെ എ.ടി.എം കൗണ്ടറുകളുടെ സമീപത്തും പരിസരങ്ങളിലും പൊലീസ് മഫ്തിയില്‍ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതുവഴി പ്രതികളുടെ വാഹന രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ വിദഗ്ദ്ധ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.
ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തുന്ന ഉത്തരേന്ത്യന്‍ സംഘം ബാംഗ്‌ളൂര്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. പാവപ്പെട്ട ആളുകളെക്കൊണ്ട് എക്കൗണ്ട് തുറപ്പിക്കാന്‍ ഇവര്‍ക്ക് വിവിധ സംസ്ഥാനങ്ങളില്‍ ഏജന്റുമാരുണ്ട്. അക്കൗണ്ട് തുറന്നാല്‍ ചെറിയ തുക നല്‍കി എ.ടി.എം കാര്‍ഡും പാസ് ബുക്കും ഏജന്റുമാര്‍ കൈവശപ്പെടുത്തുകയും ഇവ ബാംഗ്‌ളൂരിലെ ടീമിന് കൈമാറുകയും ചെയ്യും. പിന്നീടുളള ജോലികള്‍ ബാംഗ്‌ളൂര്‍ ടീമിന്റേതാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ച് എല്ലാ എ.ടി.എം കാര്‍ഡുകളുടെയും പിന്‍നമ്പര്‍ ഒന്നാക്കി തട്ടിപ്പിലൂടെ എക്കൗണ്ടിലെത്തുന്ന പണം പിന്‍വലിക്കാനായി നിയോഗിച്ച കണ്ണികള്‍ക്ക് കൈമാറും. അക്കൗണ്ടുകള്‍ തുടങ്ങാന്‍ ആളുകളെ കണ്ടെത്തുന്നതും പിന്നീട് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതും വ്യത്യസ്ത കണ്ണികളാണ്.
ഓണ്‍ലൈന്‍ വഴി ബാങ്ക് ഇടപാടുകാരുടെ വിവരങ്ങള്‍ ശേഖരിച്ച് മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ട് പ്രമുഖ കമ്പനികളുടെ ലക്ഷക്കണക്കിന് രൂപ സമ്മാനമുള്ള ഓണ്‍ലൈന്‍ ലക്കി ബമ്പര്‍ ലോട്ടറിയടിച്ചിട്ടുണ്ടെന്നും അതിന്റെ ജി.എസ്.ടി ടാക്‌സ് ആയി 25,000 മുതല്‍ 50,000 രൂപ വരെ അടയ്ക്കാനാവശ്യപ്പെടുന്നതുമാണ് തട്ടിപ്പിന്റെ അടുത്തഘട്ടം. ഇതു സംബന്ധിച്ച രേഖകളും വ്യാജമായി നിര്‍മ്മിച്ച് അയച്ചുകൊടുക്കും. പണമടയ്ക്കാന്‍, നേരത്തെ ഏജന്റുമാര്‍ വഴി ഉണ്ടാക്കിയ അക്കൗണ്ടുകളുടെ നമ്പര്‍ ആണ് നല്‍കുക. അക്കൗണ്ടില്‍ പണം നിക്ഷേപിച്ചാലുടന്‍ പല ഭാഗത്തായി എ.ടി.എം കൗണ്ടറിനടുത്ത് നിലയുറപ്പിച്ച സംഘാംഗങ്ങളെ വിവരമറിയിക്കും. ഉടന്‍ അതതു എ.ടി.എം കാര്‍ഡുകളുപയോഗിച്ച് അവര്‍ പണം പിന്‍വലിക്കും. ഈ പണം ഭായി എന്നറിയപ്പെടുന്ന ആളുകള്‍ വൈകിട്ട് ഏജന്റുമാരില്‍ നിന്ന് കൈപ്പറ്റും. ഇന്റര്‍നെറ്റ് കാള്‍, വാട്‌സപ്പ് കാള്‍ എന്നിവ വഴിയാണ് ഏജന്റുമാരുമായി ബന്ധപ്പെടുക. ഒരു വിഹിതം ഏജന്റുമാര്‍ക്ക് ലഭിക്കും.
പെരിന്തല്‍മണ്ണയിലെ മൂന്നംഗ സംഘത്തെ പിടികൂടിയതോടെ ഓണ്‍ലൈന്‍ തട്ടിപ്പിന്റെ പുതിയ മുഖം വെളിച്ചത്ത് കൊണ്ടുവരാന്‍ കഴിഞ്ഞതായി അന്വേഷണ സംഘം പറഞ്ഞു. സംഘത്തിലെ മറ്റു ജില്ലകളിലെ കണ്ണികളെ കുറിച്ച് വിവരം ലഭിച്ചതായും പ്രതികളുടെ കൈയില്‍ നിന്നും ലഭിച്ച എ.ടി.എം കാര്‍ഡുകളുപയോഗിച്ച് നടത്തിയ മുഴുവന്‍ ഇടപാടുകളും പരിശോധിക്കുമെന്നും പ്രത്യേക അന്വേഷണസംഘത്തലവനായ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍ അറിയിച്ചു.