കൊലക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വിഐപി പരിഗണനയെന്ന്: സഹോദരന്റെ പരാതിയില്‍ ജയില്‍ വകുപ്പ് അന്വേഷണം
മലപ്പുറം: മനാഫ് വധക്കേസിലെ പ്രതികള്‍ക്ക് ജയിലില്‍ വി.ഐ.പി പരിഗണന നല്‍കുന്നത് സംബന്ധിച്ച സഹോദരന്റെ പരാതിയില്‍ ജയില്‍വകുപ്പ് പ്രാഥമികാന്വേഷണം ആരംഭിച്ചു. കഴിഞ്ഞ സെപറ്റംബര്‍ 22നാണ് ജയിലില്‍ പ്രതികള്‍ക്ക് എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതായി ചൂണ്ടിക്കാട്ടി മനാഫിന്റെ സഹോദരന്‍ പള്ളിപ്പറമ്പന്‍ അബ്ദുല്‍റസാഖ് ജയില്‍ ഡി.ജി.പി ആര്‍. ശ്രീലേഖക്ക് പരാതി നല്‍കിയത്.
കോഴിക്കോട് സബ്ജയിലില്‍ കഴിയുന്ന പ്രതികള്‍ മഞ്ചേരി സബ്ജയിലിലാണെന്നാണ് ചൂണ്ടിക്കാട്ടിയാണ് സഹോദരന്‍ പരാതി നല്‍കിയിരുന്നത്. ഈപിശകു ചൂണ്ടിക്കാട്ടി ജയില്‍ ഡി.ജി.പിക്കു മറ്റൊരു പരാതിയും സഹോദരന്‍ അയച്ചു.

മനാഫിന്റെ സഹോദരന്റെ പരാതി കഴിഞ്ഞ ഫയല്‍ചെയ്തിട്ടുണ്ടെന്നും ഇതിന്റെ തുടര്‍നടപടികള്‍ നടന്നുവരുന്നതായും ജയില്‍വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രാഥമികാന്വേഷണത്തിന് ശേഷം വിഷയത്തില്‍ എന്തുനടപടിയെടുക്കണമെന്നു തീരുമാനിക്കും. കൊലപാതകം നടന്ന് 23വര്‍ഷത്തിനു ശേഷം കോടതിയില്‍ കീഴടങ്ങിയ എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍ (45), നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ്(45) എന്നിവര്‍ക്കാണ് കോഴിക്കോട് സബ് ജയിലില്‍ എല്ലാവിധ സുഖസൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സഹോദരന്‍ പരാതി നല്‍കിയത്.
.
1995 ഏപ്രില്‍ 13ന് പട്ടാപ്പകലാണ് യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന മനാഫിനെ ഒതായി അങ്ങാടിയില്‍വെച്ച് കുത്തിയും അടിച്ചും കൊലപ്പെടുത്തിയത്. പ്രോസിക്യൂഷനുമായി ഒത്തുകളിച്ച് ഒന്നാം സാക്ഷിയെ കൂറുമാറ്റിയതോടെയാണ് പി.വി.അന്‍വര്‍ എം.എല്‍.എയടക്കം 21 പ്രതികളെയും വിചാരണക്കോടതി വെറുതെവിട്ടത്. കേസില്‍ രണ്ടാം പ്രതിയായിരുന്ന അന്‍വര്‍ അടക്കമുള്ളവരെ വെറുതെ വിട്ട മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊലപാതകം നടന്ന് 23 വര്‍ഷമായിട്ടും അന്‍വറിന്റെ രണ്ട് സഹോദരീ പുത്രന്‍മാരടക്കം നാലു പ്രതികളെ പിടികൂടാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്നു കാണിച്ച് അബ്ദുല്‍റസാഖ് മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ്, മാലങ്ങാടന്‍ ഷെരീഫ് എന്നിവരെയും എളമരം മപ്രം ചെറുവായൂര്‍ പയ്യനാട്ട്‌തൊടിക എറക്കോടന്‍ ജാബിര്‍ എന്ന കബീര്‍, നിലമ്പൂര്‍ ജനതപ്പടിയിലെ കോട്ടപ്പുറം മുനീബ് എന്നിവരെയും ലുക്കൗട്ട് നോട്ടീസ് ഇറക്കി മൂന്നു മാസത്തിനകം ഇവരെ പിടികൂടാന്‍ നടപടി സ്വീകരിക്കണമെന്ന് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ജൂലൈ 25ന് മലപ്പുറം ജില്ലാ പോലീസ് ചീഫിനോട് ഉത്തരവിട്ടിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ആഗസ്റ്റ് 30തിന് കബീറും മുനീബും മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയത്. ഇവരുടെ ജാമ്യാപേക്ഷ നേരത്തെ മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയും തള്ളിയിരുന്നു. തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി ജില്ലാ കോടതിയെ സമീപിച്ചത്. കേസില്‍ അന്‍വര്‍ എം.എല്‍.എയുടെ സഹോദരീ പുത്രന്‍മാരായ എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷഫീഖ് , മാലങ്ങാടന്‍ ഷെരീഫ് എന്നിവരെ പിടികൂടാനുണ്ട്.












Click it and Unblock the Notifications