പള്ളിക്കല്‍ ബസാര്‍ മസ്ജിദ് അക്രമം: കാന്തപുരം അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് സമസ്ത
മലപ്പുറം: പള്ളിക്കല്‍ ബസാര്‍ മസ്ജിദില്‍ കയറി മഹല്ല് പ്രസിഡന്റിനെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കാന്തപുരം വിഭാഗം അക്രമികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. പ്രതികളുടെ അക്രമ ദൃശ്യം കൈമാറിയിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാനും കേസെടുക്കാനും പൊലീസ് അധികാരികള്‍ ശ്രമിക്കാത്തത് പ്രതിഷേധാര്‍ഹമാണ്.
പള്ളിക്കല്‍ ബസാര്‍ മസ്ജിദ് ഭരണ നടത്തിപ്പ് അവകാശവുമായി ബന്ധപ്പെട്ട് വഖഫ് ബോര്‍ഡ് നേരിട്ട് നടത്തിയ തെരഞ്ഞെടുപ്പില്‍ 98% വോട്ടുകള്‍ നേടി സമസ്ത പാനലില്‍ മത്സരിച്ച 21 പേരും വിജയിച്ചതാണ്. തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും എ.പി. വിഭാഗം കോടതിയെ സമീപിച്ചിരുന്നു. 45 കേസുകളാണ് വിവിധ കോടതികളില്‍ എ.പി വിഭാഗം നലകിയിരുന്നതെങ്കിലും എല്ലാ കേസിലും ഇവര്‍ പരാജയപ്പെടുകയാണുണ്ടായത്. ഇതോടെയാണ് ഇവര്‍ അക്രമം പതിവാക്കിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് റിസീവറായിരുന്ന തിരൂര്‍ ആര്‍.ഡി.ഒ. പള്ളി ഭരണം തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്ക് കൈമാറിയിരുന്നു. അന്ന് മുതല്‍ പള്ളിയില്‍ നിരന്തരം ആക്രമം നടത്തി പളളി പൂട്ടിക്കാന്‍ ഭരണത്തിന്റെ സ്വാധീനത്തില്‍ എ.പി. വിഭാഗം ശ്രമം നടത്തി വരികയാണ്. അഞ്ച് തവണ നമസ്‌ക്കരിക്കാനെത്തിയവരെ ആക്രമിക്കുകയും ചെയ്തിരുന്നു.

അതിനെ തുടര്‍ന്ന് പളളി കമ്മറ്റി ഹൈക്കോടതിയില്‍ പോയി പോലീസ് സംരക്ഷണം നേടി. എന്നാല്‍ ഇതൊന്നും വകവെക്കാതെ എ.പി വിഭാഗം ആക്രമം തുടര്‍ന്നു. സി.സി ടി.വി പോലും അടിച്ചു തകര്‍ത്തു. കേസ് എടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. എന്നാല്‍ മര്‍ദ്ദനമേറ്റ പള്ളി കമ്മറ്റി ഭാരവാഹികളടക്കം നിരപരാധികളായ സമസ്ത പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് ചാര്‍ത്തി ജയിലിലടക്കുകയായിരുന്നു. ആക്രമം നടത്തിയവര്‍ക്കാകട്ടെ നിസാരവകുപ്പുകളാണ് ചാര്‍ത്തിയത്.
കഴിഞ്ഞ ദിവസം നടന്നത് ആസൂത്രിത ശ്രമമാണ്. രാവിലെ മരണപ്പെട്ട വ്യകതിയുടെ മയ്യിത്ത് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് വീട്ടിലെത്തുന്നതിനും മണിക്കൂറുകള്‍ക്ക് മുമ്പേ ഒരു സംഘം മയ്യത്ത് കട്ടില്‍ ആവശ്യപ്പെട്ട് എത്തുകയായിരുന്നു. അതിരാവിലെ ആരും ഉണ്ടാവില്ലെന്ന് മുന്‍കൂട്ടി കണ്ടാണ് സംഘം എത്തിയത്. മുക്രി മാത്രമാണ് പള്ളിയില്‍ ഉണ്ടായിരുന്നത്. മുക്രി വിവരമറിയിച്ചതനുസരിച്ചാണ് മഹല്ല് പ്രസിഡന്റായ കോയ കുട്ടി ഹാജി പള്ളിയിലെത്തിയത്. മുകള്‍ നിലയില്‍ സൂക്ഷിച്ച കട്ടില്‍ എടുത്ത് കൊടുക്കാന്‍ കയറിയ അദ്ദേഹത്തെ മുകള്‍നിലയില്‍ നേരത്തെ തയ്യാറായി നിന്ന 4 അംഗ സംഘം അടിച്ച് വീഴ്ത്തുകയും കുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. കത്തി കൈ കൊണ്ട് തടുത്തതിനാലാണ് ജീവന്‍ രക്ഷപ്പെട്ടത് (ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സി.സി ടി.വി യില്‍ വ്യക്തമാണ്) എ.പി വിഭാഗക്കാര്‍ അടുത്തടുത്ത ദിവസങ്ങളിലായി മരണപ്പെട്ടിരുന്നു. എന്നാല്‍ മയ്യത്ത് കട്ടില്‍ ആര്‍ക്കും നിഷേധിക്കാറില്ല. പളളിക്ക് നല്‍കേണ്ട വരിസംഖ്യ പോലും നല്‍കാതിരിന്നിട്ടും പള്ളി കമ്മറ്റി നിസ്സഹകരിക്കാറില്ല. നാളിത് വരെ ഇത്തരമൊരു പരാതി ആരും ഉന്നയിച്ചിട്ടും ഇല്ല. ഒരു പ്രതിയെ പിടികൂടിയ പോലിസ് ഇപ്പോള്‍ അന്വേഷണം മരവിപ്പിച്ചിരിക്കുകയാണ്.
ഫറോഖിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായ ഒന്നാം പ്രതി സി.കെ മൊയ്തു അടക്കമുള്ള 2 പ്രതികള്‍ പോലിസ് കാവലിലായിരുന്നു. എന്നാല്‍ അവര്‍ ഡിസ്ചാര്‍ജ് ആയിട്ടും പോലീസ് അറസ്റ്റ് ചെയ്തില്ല എന്ന് മാത്രമല്ല കുത്തേറ്റ പള്ളി പ്രസിഡണ്ടിന് എതിരെ കേസ് എടുക്കുവാന്‍ ശ്രമം നടക്കുകയും ചെയ്യുന്നു. ഈയൊരു നിലപാട് പൊലീസ് തുടരുകയും കുറ്റക്കാരായ ക്രിമിനലുകളെ സംരക്ഷിക്കാനുള്ള നീക്കം നടത്തുകയും ചെയ്താല്‍ പക്ഷോഭത്തിന് സമസ്ത രംഗത്തിറങ്ങും. ഇപ്പോള്‍ റിമാന്റിലായ പ്രതിയടക്കം നേരത്തെ വധശ്രമ കേസില്‍ പിടിയിലായി ജാമ്യത്തില്‍ ഇറങ്ങിയവരാണ്. പൊലിസിന്റെ സംരക്ഷണമുള്ള പള്ളിയില്‍ ആക്രമം നടത്തിയിട്ടും ആക്രമികളെ പിടികൂടാത്തതാണ് പ്രതികള്‍ക്ക് വീണ്ടും വീണ്ടും പ്രേരണയാകുന്നത്. പോലീസ് കര്‍ശന നടപടി എടുക്കണം. തെരഞെടുക്കപ്പെട്ട കമ്മറ്റിക്ക് പളളി പരിപാലനം നടത്താന്‍ മതിയായ സംരക്ഷണം നല്‍കണം.
അതേ സമയം പള്ളിക്കല്‍ ബസാറിലുണ്ടായ അക്രമം അത്യന്തം അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. പള്ളിയും ഖബറിസ്ഥാനും മയ്യിത്ത് കട്ടിലുമെല്ലാം എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന കേരള വഖഫ് ബോര്‍ഡ് തീരുമാനം ലംഘിച്ച് മഹല്ലിലെ മുന്‍ പ്രസിഡന്റിന് മയ്യിത്ത് കട്ടില്‍ നിഷേധിക്കുകയും ആവശ്യപ്പെട്ടവരെ സംഘം ചേര്‍ന്ന് ആക്രമിക്കുകയും മഹല്ലില്‍ വീണ്ടും കുഴപ്പമുണ്ടാക്കുകയും ചെയ്ത കുറ്റവാളികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അകാരണമായി അറസ്റ്റ് ചെയ്യപ്പട്ട സുന്നി പ്രവര്‍ത്തകരെ വിട്ടയക്കണമെന്നും അധികൃതരോട് ആവശ്യപ്പെട്ടു. ക്യാമ്പ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.












Click it and Unblock the Notifications