അപകടരമായ ഡ്രൈവിംഗ്; ബൈക്ക് അപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; സഹപാഠി അറസ്റ്റില്‍

മലപ്പുറം: കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ തിരൂർക്കാട്ട് ബൈക്കുകളും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ബൈക്കോടിച്ച സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശൂർ വന്നുക്കാരൻ അശ്വിൻ (21)ന്റെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. തിങ്കളാഴ്ച രാവിലെ 6.50നാണ് ദേശീയ പാതയിൽ തിരൂർക്കാട് ഐടിസിക്ക് സമീപം അപകടം ഉണ്ടായത്.
സംഭവത്തിൽ എംഇഎസ് മെഡിക്കൽ കോളജിലെ വിദ്യാർഥിനിയായ അൽഫോൻസ (22) മരിച്ചിരുന്നു. ഇരുവരും സഞ്ചരിച്ച ബൈക്ക് വളവിൽവെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിക്കുകയായിരുന്നു. അശ്രദ്ധമായി ബൈക്കോടിച്ച് അപകടമുണ്ടാക്കിയതിനാണ് അശ്വിനെതിരെ പൊലീസ് കേസെടുത്തിരുന്നു. പരിക്കേറ്റ് ആശുപത്രിയിലായ അശ്വിൻ ആശുപത്രി വിട്ടതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌റ്റേഷൻ ജാമ്യത്തിൽ വിടാവുന്ന വകുപ്പുകളാണ് പ്രതിക്കെതിരെ എടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ട്.
അശ്വിനും അൽഫോൺസയും കോഴിക്കോട് നിന്നും വരുന്ന വഴിയാണ് അപകടം ഉണ്ടായത്. മരിച്ച അൽഫോൻസയും ബൈക്കോടിച്ചിരുന്ന അശ്വിനും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിലെ അവസാനവർഷ എംബിബിഎസ് വിദ്യാർഥികളാണ്. ആലപ്പുഴ വടക്കൽ പൂമതൃശ്ശേരി നിക്സന്റെ മകളാണ് അൽഫോൻസ. . അപകടം എങ്ങനെയാണ് ഉണ്ടായത് എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. വിദ്യാർഥിനിയുടെ മൃതദേഹം പോലീസ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
കോഴിക്കോട് ഭാഗത്തുനിന്നു വരുകയായിരുന്ന അൽഫോൻസയും അശ്വിനും സഞ്ചരിച്ച ബൈക്ക് എതിരെ വന്ന ബൈക്കിലും പിന്നീട് കെഎസ്ആആർടിസി ബസിലും ഇടിക്കുകയായിരുന്നു. വാഹനം ഓടിക്കുന്നതിനിടെ വന്ന വളവ് ശ്രദ്ധിക്കാതെ അശ്വിൻ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പോലീസ് കണ്ടെത്തിയത്. വളവിൽ റോങ് സൈഡിൽ കയറിപ്പോയ ബൈക്ക് മറ്റുവാഹനങ്ങളിൽ ഇടിച്ചതോടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ ഉടനെ അൽഫോൻസയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications