സത്യപ്രതിജ്ഞ ചെയ്‌തത് പിപിഇ കിറ്റ് ധരിച്ച്; വണ്ടൂര്‍ പഞ്ചായത്തംഗം ന്യുമോണിയ ബാധിച്ച് മരിച്ചു
വണ്ടൂര്‍: പഞ്ചായത്തംഗവും മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുമായ സികെ മുബാറക് (61) അന്തരിച്ചു. ന്യുമോണിയയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
തിരഞ്ഞെടുപ്പിന് തലേന്ന് അദ്ദേഹം കൊവിഡ് ബാധിതനായിരുന്നു. തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് നെഗറ്റീവായി. ശനിയാഴ്‌ച്ച രാവിലെ കടുത്ത ന്യുമോണിയയെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച്ച രാവിലെ കടുത്ത ന്യുമോണിയയെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. ഉച്ചയോടെയാണ് അന്തരിച്ചത്.
വണ്ടൂര്‍ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍നിന്ന് വിജയിച്ച അദ്ദേഹം ഡിസംബര്‍ 21 ന് ആംബുലന്‍സില്‍ പിപിഇ കിറ്റ് ധരിച്ചെത്തി അവിടെക്കിടന്നാണ് സ്‌ത്യപ്രതിജ്ഞ ചെയ്‌തത്. ഒപ്പിടാനുള്ള സമയത്ത് പിപിഇ കിറ്റ് താത്‌കാലികമായി മാറ്റിയിരുന്നു.
യുഡിഎഫിന് 12 സീറ്റും എല്‍ഡിഎഫിന് 11 സീറ്റും ലഭിച്ച 23 വാര്‍ഡുള്ള വണ്ടൂര്‍ പഞ്ചായത്തില്‍ മുബാറക്കിന്റെ മരണത്തോടെ രണ്ട് കക്ഷികളുടേയും സീറ്റ് നില തുല്യമായി. വണ്ടൂര്‍ സഹ്യ കോളേജ് മാനേജിങ് പ്രസിഡന്റ് , നിലമ്പൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഡയറക്ടര്‍, വാണിയമ്പലം റൂറല്‍ സഹകരണ സംഘം ഡയറക്ടര്‍ എന്നീ സ്ഥാനങ്ങളുമുണ്ട്.
ഭാര്യ: അനീസ മുബാറക്. മക്കള്‍: ഡോ.ജിനു മുബാറക്(കെഎംസിടി ഹോസ്‌പിറ്റല്‍ മുക്കം) മനു മുബാറക്( ചാട്ടേര്‍ഡ് അക്കൗണ്ടന്റ്, എറാണാകുളം) മീനു മുബാറക്. മരുമക്കള്‍: ഷേബ, ഫരീഹ, അദീബ് ജലീല്‍( കരുനാഗപ്പള്ളി) ഖബറടക്കം കൊവിഡ് പ്രൊട്ടോക്കോള്‍ അനുസരിച്ച് നടത്തി.