ബിജെപി എംപി സ്‌റ്റേഷനില്‍ കയറി എസ്‌ഐയെ തല്ലി
മുംബൈ: പോലീസ് സ്‌റ്റേഷനില്‍ കയറി എസ് ഐയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും മര്‍ദ്ദിക്കുകയും ചെയ്ത ബി ജെ പി എം പിക്കെതിരെ പോലീസ് കേസെടുത്തു. മുംബൈ നോര്‍ത്ത് - ഈസ്റ്റ് എം പിയും ബി ജെ പി നേതാവുമായ കിരിത് സൊമാനിയയ്‌ക്കെതിരെയാണ് കേസെടുത്തത്. ആഗസ്ത് 21 ന് നവ്ഗഡ് പോലീസ് സ്‌റ്റേഷനിലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ആഗസ്ത് പതിനാറിന് ബി ജെ പി പ്രവര്‍ത്തകരും എന്‍ സി പി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഈ സംഭവത്തില്‍ സൊമാനിയയെക്കിരെ പോലീസ് കേസെടുത്തിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനായി സ്‌റ്റേഷനില്‍ വിളിപ്പിച്ചപ്പോഴാണ് എം പി പോലീസ് ഇന്‍സ്‌പെക്ടറുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. പിന്നീട് ഇയാള്‍ പോലീസ് സ്‌റ്റേഷനില്‍ വെച്ച് ഇന്‍സ്‌പെക്ടറെ കൈയേറ്റം ചെയ്യുകയായിരുന്നു.

ഇന്‍സ്‌പെക്ടര്‍ എസ് ആര്‍ മുണ്ടെയായിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കേസില്‍ മൊഴിയെടുക്കാന്‍ വേണ്ടിയാണ് മുണ്ടെ കിരിത് സൊമാനിയയെ വിളിപ്പിച്ചത്. ഇന്‍സ്‌പെക്ടറെ കൈയേറ്റം ചെയ്ത എം പിക്കെതിരെ പോലീസ് കേസെടുത്തതായി ഡെപ്യൂട്ടി കമ്മീഷണര്‍ വിനയകുമാര്‍ റാത്തോഡ് പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഇന്‍സ്‌പെക്ടറെ മര്‍ദ്ദിച്ചതിനാണ് കേസ്.
എന്‍ സി പി പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിലായ ബി ജെ പി പ്രവര്‍ത്തകരെയാണ് ആദ്യം പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് എം പി കിരിത് സൊമാനിയ സ്റ്റേഷനിലെത്തിയത്. തുടര്‍ന്നായിരുന്നു സംഘര്‍ഷം. ഐ പി സി 332, 353, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്. എം പിയെ അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടില്ല.












Click it and Unblock the Notifications