106 ല്‍ 75 പഞ്ചായത്തും എംവിഎ സഖ്യത്തിന്: മഹാരാഷ്ട്രയില്‍ ബിജെപിക്ക് വീണ്ടും തിരിച്ചടി
മുംബൈ: മഹാരാഷ്ട്രയിലെ നഗർ പഞ്ചായത്ത് അധ്യക്ഷ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കെതിരെ ഒന്നിക്കാന്‍ തീരുമാനിച്ച് ശിവസേന - എന്‍സിപി - കോണ്‍ഗ്രസ് സഖ്യം. തിരഞ്ഞെടുപ്പില്‍ പലയിടത്തും ഒറ്റയ്ക്കായിരുന്നു മത്സരിച്ചതെങ്കിലും ബി ജെ പി പരമാവധി നഗർ പഞ്ചായത്ത് ഭരണസമിതികളില്‍ നിന്നും അകറ്റി നിർത്താനാണ് സംസ്ഥാന തലത്തിലെ സഖ്യം തദ്ദേശ തലത്തിലേക്കും വ്യാപിപ്പിക്കുന്നത്.
സഖ്യരൂപീകരണം സംബന്ധിച്ച് സംസ്ഥാന എൻ സി പി അധ്യക്ഷൻ ജയന്ത് പാട്ടീൽ, ശിവസേന നേതാവ് സുഭാഷ് ദേശായി, സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ എന്നിവർ അനുനയത്തില്‍ എത്തുകയും ചെയ്തിട്ടുണ്ട്. ഇതോടെ നഗർ പഞ്ചായത്തുകളില്‍ ഭൂരിപക്ഷവും സ്വന്തമാക്കാന്‍ എം വി എ സഖ്യത്തിന് സാധിക്കും.

"സംസ്ഥാന സർക്കാർ എന്ന നിലയിൽ എം വി എയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. നഗരപഞ്ചായത്തുകളിലും ബി ജെ പിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തുന്നത് ഉറപ്പാക്കേണ്ടതുണ്ട്. എം വി എ നോമിനികൾ മാത്രമേ പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെടുകയുള്ളൂവെന്ന് ഞങ്ങൾ ഉറപ്പാക്കണം"- ബുധനാഴ്ച് മൂന്ന് പാർട്ടികളും കൂടി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മഹാരാഷ്ട്രിയിലെ 106 നഗർ പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പ് രണ്ടാഴ്ച മുമ്പാണ് നടന്നത്. എംവിഎ ബാനറിന് കീഴിൽ ശിവസേനയും കോൺഗ്രസും എൻസിപിയും ഭൂരിപക്ഷം സീറ്റുകളും നേടിയെങ്കിലും ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. 106 നഗർ പഞ്ചായത്തുകളിലെ 1,802 സീറ്റുകളിൽ ബി ജെ പി 420, കോൺഗ്രസ് 355, ശിവസേന 298, സ്വതന്ത്രർ 218, മറ്റുള്ളവർ 111 എന്നിങ്ങനെയായിരുന്നു നേടിയ സീറ്റുകളുടെ എണ്ണം.

സഖ്യത്തിലൂടെ 75 കൗൺസിലുകളെങ്കിലും വിജയിക്കുക എന്നത് എംവിഎയ്ക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നാണ് എൻ സി പി വക്താവ് നവാബ് മാലിക് അഭിപ്രായപ്പെടുന്നു. "എൻസിപി 28 കൗൺസിലുകളിലും കോൺഗ്രസിന് 18ലും ശിവസേന എട്ടിലും വ്യക്തമായ ഭൂരിപക്ഷം നേടിയിട്ടുണ്ട്.

കൂടാതെ, ചില കൗൺസിലുകളിൽ എൻ സി പിയും കോൺഗ്രസും ശിവസേനയും സ്വതന്ത്രമായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഇവിടങ്ങളിലും എം വി എ ബാനർ രൂപപ്പെട്ടാല്‍ ബി ജെ പിക്ക് അത് വലിയ തിരിച്ചടിയായിരിക്കും"-അദ്ദേഹം കൂട്ടിച്ചേർത്തു. എൻസിപി 1,700 സീറ്റുകളിൽ മത്സരിച്ച് 420 സീറ്റുകൾ നേടിയപ്പോൾ എൻസിപിയുടെ പ്രകടനത്തെ ബിജെപിയുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്ന് മാലിക് പറഞ്ഞു.

സ്ട്രൈക്ക് റേറ്റിന്റെയും ശതമാനത്തിന്റെയും കാര്യത്തിൽ, എൻ സി പിയുടെ പ്രകടനം ഏറെ മികച്ചതാണ്. 30 മുനിസിപ്പൽ കൗൺസിലുകളിൽ വ്യക്തമായ ഭൂരിപക്ഷം നേടിയ ബി ജെ പിക്ക് സ്വതന്ത്രരുടെയും ഏതാനും എൻ സി പി, ശിവസേന സ്ഥാനാർത്ഥികളുടെയും പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാൽ, മാജിക് ഫിഗറായ 50ൽ എത്താൻ ബി ജെ പിക്ക് ബുദ്ധിമുട്ടാണ്. മൂന്ന് സഖ്യകക്ഷികൾ വീണ്ടും ഒന്നിക്കുന്നതോടെ ശ്രമം തീർത്തും വിഫലമാവും. മിക്ക കൗൺസിലുകളിലും എംവിഎ നോമിനികൾ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് ശിവസേന നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. നഗർ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ശിവസേനയുടെ മോശം പ്രകടനത്തിൽ താക്കറെ അടുത്തിടെ അതൃപ്തി പ്രകടിപ്പിക്കുകയും അലംഭാവം വെച്ചുപൊറുപ്പിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.












Click it and Unblock the Notifications