മുംബൈയില്‍ കോണ്‍ഗ്രസ് കറുത്ത കുതിരകളാവുമോ: പ്രതീക്ഷ ബിജെപി ശിവസേന പോരാട്ടത്തിനിടയില്‍
മുംബൈ: കോണ്‍ഗ്രസിന്റെ ജന്മ സ്ഥലമാണെങ്കിലും മുംബൈ കോണ്‍ഗ്രസ് വലിയ സ്വാധീന ശക്തിയല്ലാതായി മാറിയിട്ട് വർഷം കുറേയായി. 1885 ഡിസംബർ 28-ന് മുംബൈയിലെ ഗോകുൽദാസ് തേജ്പാൽ ഹാളിൽ സ്ഥാപിതമായതിന് ശേഷം കോണ്‍ഗ്രസിന്റെ ഈറ്റില്ലമായിരുന്നു കോണ്‍ഗ്രസ്. സ്വാതന്ത്ര സമര കാലത്തെ ദേശീയ പ്രസ്ഥാനമായും അതിന് ശേഷം ഇന്നത്തെ നാഷണല്‍ കോണ്‍ഗ്രസ് ആയി മാറിയതിന് ശേഷവും മുംബൈയില്‍ കോണ്‍ഗ്രസ് സ്വാധീനം ശക്തമായിരുന്നു.
എന്നാല്‍ മറാത്ത വാദവുമായി ബാല്‍താക്കറെ ഉദയം ചെയ്തതോടെ ക്രമേണ മുംബൈയിലെ കോണ്‍ഗ്രസിന്റെ സ്വാധീന ശക്തി കുറഞ്ഞ് വരികയായിരുന്നു. പാർട്ടി പിളർന്ന് ശരദ് പവാർ എന്‍ സി പി രൂപീകരിച്ചും കൂടുതല്‍ ക്ഷീണമായി. എന്നാല്‍ ഇപ്പോഴിതാ അതേ എന്‍ സി പിയുടേയും ബാല്‍താക്കറെ സ്ഥാപിച്ച ശിവസേനയുടേയും സഖ്യത്തിലിരുന്നുകൊണ്ട് മുംബൈയില്‍ ശക്തമായ തിരിച്ച് വരവ് നടത്തിക്കൊണ്ടിരിക്കുകയാണ് കോണ്‍ഗ്രസ്.
പഞ്ചാബില്‍ ഞെട്ടിക്കാന്‍ ക്യാപ്റ്റനും ബിജെപിയും; അണിയറയില്‍ ഒരുങ്ങുന്നത് നിര്‍ണായക നീക്കങ്ങള്‍
തകർച്ചയുടെ കാലത്ത് ന്യൂനപക്ഷ വോട്ടർമാരായിരുന്നു കോണ്‍ഗ്രസിനെ ചില കോണുകളിലെങ്കിലും പിടിച്ച് നിർത്തിയിരുന്നത്. മറാത്തി വോട്ടർമാരും ഇടത്തരക്കാരും എല്ലാം കോൺഗ്രസിനെ ഉപേക്ഷിച്ചു, ഗുജറാത്തികളും കച്ചവടക്കാരും ഹിന്ദി സംസാരിക്കുന്നവരും ഭാരതീയ ജനതാ പാർട്ടിയിലേക്ക് (ബി ജെ പി) കൂറ് മാറി. മുസ്‌ലിംകൾക്ക് പുറമെ ന്യൂനപക്ഷങ്ങൾ, ദലിതുകൾ, പ്രത്യേകിച്ച് ബുദ്ധ ദലിതുകൾ എന്നിവയ്‌ക്കിടയിലും കോണ്‍ഗ്രസിന് പിന്തുണയുണ്ട്. പക്ഷേ ഇതിനിടയിലാണ് അസദുദ്ദീന്‍ ഒവൈസിയുടെ ഓൾ ഇന്ത്യ മജ്‌ലിസ് ഇ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ ഐ എം ഐ എം) പോലുള്ള കക്ഷികള്‍ കോണ്‍ഗ്രസിന്റെ ശേഷിക്കുന്ന് വോട്ട് വിഹിത്തില്‍ കൂടി പിളർപ്പുകള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയത്.
വോട്ട് വിഹിതത്തിലെ സ്ഥിരമായ ഈ തകർച്ച പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തിലും പ്രതിഫലിച്ചു. 2009-ലെ 17 എം എൽ എമാരിൽ നിന്ന് ഒരു ദശാബ്ദത്തിന് സംസ്ഥാന നിയമസഭയിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ എണ്ണം കേവലം നാലായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ശിവസേന, എന്‍ സി പി തുടങ്ങിയ കക്ഷികളുമായി ചേർന്ന് സംസ്ഥാനത്ത് ഭരണത്തിലേറാന്‍ സാധിച്ചതോടെ മുംബൈയിലും ശക്തമായ തിരിച്ചു വരവിനുള്ള ഒരുക്കമാണ് കോണ്‍ഗ്രസ് നടേത്തുന്നത്.

2022-ന്റെ തുടക്കത്തിൽ തന്നെ നടക്കാന്‍ പോവുന്ന ബി എം സി തെരഞ്ഞെടുപ്പിൽ സ്വന്തം ശക്തിയിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോൾ കോണ്‍ഗ്രസിന്റെ പ്രതീക്ഷയ്ക്ക് ഒട്ടും കുറവില്ല. ശിവസേനയും പ്രതിപക്ഷമായ ഭാരതീയ ജനതാ പാർട്ടിയും തമ്മിലുള്ള ഭാഷാടിസ്ഥാനത്തിൽ ധ്രുവീകരിക്കപ്പെട്ടേക്കാവുന്ന ഒരു പോരാട്ടത്തിൽ കറുത്ത കുതിരകളായി ഉയർന്ന് വരാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ബി ജെ പിക്കും ശിവസേനക്കും പോയ വോട്ടുകള്‍ ഇത്തവണ ഭിന്നിച്ച് പോവും. ഇതിനിടയിലൂടെ തങ്ങളുടെ സ്ഥാനാർത്ഥികള്‍ക്കും വിജയിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു.
1992-ലാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോർപ്പറേഷനില്‍ അവസാനമായി കോണ്‍ഗ്രസ് വിജയം നേടിയത്. കോൺഗ്രസ് കോർപ്പറേറ്റർമാരുടെ എണ്ണം 2007-ൽ 75 ആയിരുന്നെങ്കില്‍ പിന്നീട് അത് ക്രമേണ കുറഞ്ഞ് വന്നു. 2012-ൽ 52 ആയി കുറഞ്ഞെങ്കില്‍ 2017ൽ അത് 31 ലേക്ക് താഴ്ന്നു. അംഗങ്ങളുടെ കൊഴിഞ്ഞ് പോക്കും ഇതിനിടയില്‍ ശക്തമായിരുന്നു. പാർട്ടിയുടെ മുംബൈ ഘടകം മുൻ സിറ്റി ചീഫ് കൃപാശങ്കർ സിംഗ് ഉൾപ്പെടെ നിരവധി പേരെ കൂറുമാറി. കൂടുതൽ പേർ കൂറുമാറ്റത്തിനായി ഒരുങ്ങി നില്‍ക്കുന്നതായും റിപ്പോർട്ടുണ്ട്.

ഇത്തരം വെല്ലുവിളികള്‍ നേരിടുന്നതിനിടയില്‍ തന്നെ പാർട്ടിയിലെ പിളർപ്പും സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീർണ്ണമാക്കുന്നു. മുംബൈ റീജിയണൽ കോൺഗ്രസ് കമ്മിറ്റി (എം ആർ സി സി) പ്രസിഡന്റ് ഭായ് ജഗ്‌താപും എംഎൽഎ സീഷൻ സിദ്ദിഖിയും തമ്മിലുള്ള വാക്പോരിൽ നിന്ന് ഇത് വ്യക്തമാണ്. കോർപ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഇതിനെയെല്ലാം അതിജീവിച്ച് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. ബിഎംസി തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ "ശിവസേനയുമായി സഖ്യമുണ്ടാക്കുന്നതിൽ അർത്ഥമില്ല, അതിനാൽ ഞങ്ങൾ ഒറ്റയ്ക്ക് മത്സരിക്കുന്നു, ഇത് ന്യൂനപക്ഷ വോട്ടുകള്‍ ഉറപ്പിക്കാനും വിശാലമായ അർത്ഥത്തില്‍ ബി ജെ പിയെ പരാജയപ്പെടുത്താനും സാധിക്കും" ഒരു കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

"നമ്മുടെ ചില നേതാക്കൾ നരേന്ദ്ര മോദി സർക്കാരിനെതിരായ ഭരണ വിരുദ്ധത കോൺഗ്രസിന് വോട്ടായി മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ഇത് ഒരു ദേശീയ തിരഞ്ഞെടുപ്പല്ല. ഏറ്റവും പ്രധാനം പ്രാദേശിക വിഷയങ്ങള്‍ തന്നെയായിരിക്കും" മുൻ നിയമസഭാംഗമായ കോൺഗ്രസ് നേതാവ് പറഞ്ഞു. കോസ്‌മോപൊളിറ്റൻ വോട്ടറും ഗുജറാത്തികളും ജൈനരും ഉത്തരേന്ത്യക്കാരും പോലുള്ള മറാഠികളല്ലാത്ത വോട്ടർമാരും ബി ജെ പിയിലെ അതൃപ്‌തിയെ തുടർന്ന് കോൺഗ്രസിലേക്ക് മാറുമെന്നാണ് കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍.

കോർപ്പറേഷന്‍ പരിധിയില്‍ അമീൻ പട്ടേൽ (മുംബാദേവി), വർഷ ഗെയ്‌ക്‌വാദ് (ധാരാവി), സിദ്ദിഖി (വാന്ദ്രേ ഈസ്റ്റ്), അസ്ലം ഷെയ്ഖ് (മലാഡ് വെസ്റ്റ്)) എന്നീ 4 എംഎൽഎമാരാണ് കോണ്‍ഗ്രസിനുള്ളത്. നാലും ശക്തമായ ന്യൂനപക്ഷ കേന്ദ്രങ്ങളാണ്. ഈ കോട്ടകള്‍ നിലനിർത്തുന്നതിനൊപ്പം മറ്റ് കേന്ദ്രങ്ങളിലേക്ക് കൂടി കടന്ന് കയറാന്‍ സാധിച്ചാല്‍ ശക്തമായ തിരിച്ച് വരാന്‍ കഴിയുമെന്നും വിലയിരുത്തുന്നു. ഈ പ്രതീക്ഷകള്‍ക്കിടയിലും കോണ്‍ഗ്രസിന് പ്രധാന വെല്ലുവിളിയായി മാറു നയിക്കാന്‍ ശക്തമായ നേതൃത്വമില്ലായ്മയാണ്.