മുഹമ്മദ് സുബൈർ അറസ്റ്റിലായതിന് പിന്നിലെ അജ്ഞാത ട്വിറ്റർ യൂസറെ കിട്ടി, ദില്ലിയിലെ ബിസിനസ്സുകാരൻ
ദില്ലി: ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിന്റെ അറസ്റ്റിന് പിറകിലെ ട്വിറ്റര്‍ യൂസര്‍ ദില്ലിയിലുളള ഒരു റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാരനാണെന്ന് പോലീസ്. 36കാരനായ ഇയാള്‍ രാജസ്ഥാനിലെ അജ്മീറില്‍ നിന്നുളളയാളാണ് എന്നും പോലീസ് പറയുന്നു. ഇയാളുട പേര് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ഹനുമാന്‍ ഭക്ത് എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നാണ് മുഹമ്മദ് സുബൈര്‍ മതവികാരം വ്രണപ്പെടുത്തി എന്ന് ആരോപിക്കുന്ന പോസ്റ്റില്‍ ദില്ലി പോലീസിനെ ടാഗ് ചെയ്തിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദില്ലി പോലീസ് സ്വമേധയാ സുബൈറിനെതിരെ കേസ് എടുത്തത്.
@balajikijaiin എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ ആയിരുന്നു ഹനുമാന്‍ ഭക്ത് എന്ന പേരില്‍ ട്വിറ്റര്‍ ഉപയോഗിച്ചിരുന്നത്. വ്യക്തിവിവരങ്ങളൊന്നും ഈ ഐഡിയില്‍ ലഭ്യമായിരുന്നില്ല. 2021ലാണ് ഈ ട്വിറ്റര്‍ ഹാന്‍ഡില്‍ തുടങ്ങിയത്. 2018ലെ മുഹമ്മദ് സുബൈറിന്റെ ട്വീറ്റിലാണ് ഇയാള്‍ ദില്ലി പോലീസിനെ ടാഗ് ചെയ്തത്. ഇയാള്‍ക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുളളതിന് തെളിവുകളൊന്നും ഇല്ലെന്ന് പോലീസ് പറയുന്നു.

ഈ അജ്ഞാതനായ ട്വിറ്റര്‍ യൂസര്‍ ധ്വാരകയില്‍ താമസിക്കുന്ന 36കാരനായ ബിസ്സിനസ്സുകാരനാണ് എന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്നാണ് പോലീസ് ഭാഷ്യം. മുഹമ്മദ് സുബൈര്‍ അറസ്റ്റിലായി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഇയാള്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം പഴയ അതേ പേരില്‍ തന്നെ അക്കൗണ്ട് ആരംഭിക്കുകയും ചെയ്തു. ഇപ്പോള്‍ ഈ അക്കൗണ്ട് നിലവിലില്ല. ഐപി അഡ്രസ് ഉപയോഗിച്ച് ഇയാളെ കണ്ടെത്തിയ പോലീസ് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇയാളുടെ മൊഴി ഇതിനകം പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഹമ്മദ് സുബൈറിന്റെ ട്വീറ്റിലൂടെ തന്റെ മതവികാരം വ്രണപ്പെട്ടതായി ഇയാള്‍ മൊഴി നല്‍കിയെന്നാണ് സൂചന. എപ്പോഴാണ് ഇയാള്‍ക്ക് നോട്ടീസ് അയച്ചത് എന്നോ എപ്പോഴാണ് മൊഴി രേഖപ്പെടുത്തിയത് എന്നോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. ജൂണ്‍ 27നാണ് മുഹമ്മദ് സുബൈറിനെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് വേണ്ടി വിളിച്ച് വരുത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. 2018ലെ ഒരു ട്വീറ്റ് മതവികാരം വ്രണപ്പെടുത്തുന്നതാണ് എന്നതാണ് കേസ്. 24 ദിവസം കസ്റ്റഡിയിലായിരുന്ന സുബൈര്‍ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്.












Click it and Unblock the Notifications