അട്ടപ്പാടി മധു കേസിൽ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടി; കൂറ് മാറി 19ാം സാക്ഷി.. ഇതുവരെ 9 പേർ
പാലക്കാട്:അട്ടപ്പാടി മധു വധക്കേസിൽ കൂറുമാറ്റം തുടരുന്നു. വിചാരണ തുടരവേ ശനിയാഴ്ച മറ്റൊരു സാക്ഷി കൂടി കൂറുമാറി. 19ാം സാക്ഷി കക്കി മൂപ്പനാണ് കൂറുമാറിയത്. കേസിൽ ഇതുവരെ 9 പേരാണ് ഇതുവരെ കൂറുമാറിയത്. സാക്ഷികൾക്ക് പോലീസ് സംരക്ഷണം നൽകി വരുന്നതിനിടയിലാണ് പ്രോസിക്യൂഷനെ ആശങ്കയിലാക്കി കൂറുമാറ്റം തുടരുന്നത്.
നേരത്തേ മധുവിനെ പ്രതികൾ മർദ്ദിക്കുന്നത് കണ്ടു എന്നായിരുന്നു കക്കി മൂപ്പൻ പോലീസിന് മൊഴി നൽകിയത്. എന്നാൽ പോലീസിന്റെ സമ്മർദ്ദം മൂലമാണ് താൻ അങ്ങനെ മൊഴി നൽകിയതെന്നാണ് കക്കി മൂപ്പൻ കോടതിയിൽ പറഞ്ഞത്.

കഴിഞ്ഞ ദിവസം കേസിലെ 18ാം സാക്ഷിയായ കാളിമൂപ്പനും കേസിൽ കൂറുമാറിയിരുന്നു. വനംവകുപ്പില്‍ താത്കാലിക വാച്ചറാണ് കാളിമൂപ്പൻ. കൂറുമാറിയതോടെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. വണ്ടിക്കടവ് പൊട്ടിക്കലിൽ ഭക്ഷണം കഴിക്കുന്ന ഷെഡിൽ വെച്ച് മധുവിനെ ആള്‍ക്കൂട്ടം ഉപദ്രവിച്ച് കൊണ്ടുവരുന്നതും 15-ാം സാക്ഷി മെഹറുന്നീസ അവശനായ മധുവിന് വെള്ളം കൊടുക്കുന്നതും കണ്ടെന്നായിരുന്നു കാളിമൂപ്പൻ പോലീസിന് നൽകിയ ആദ്യ മൊഴി.
കേസിൽ ആകെ 122 സാക്ഷികളാണ് ആകെയുളളത്. ഇതിൽ 10 മുതൽ 19 വരെയുള്ള സാക്ഷികളുടെ വിസ്താരം പൂർത്തിയായി.ഇതിൽ ഒരാൾ മാത്രമാണ് മൊഴിയിൽ ഉറച്ച് നിന്നത്. പതിമൂന്നാം സാക്ഷിയായ സുരേഷ് ആണ് പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകിയത്. പാക്കുളം സ്വദേശി ഹുസൈനാണ് മധുവിനെ ചവിട്ടതയെന്നും മധു തലയടിച്ച് വീണത് കണ്ടിരുന്നുവെന്നുമാണ് സുരേഷ് നൽകിയ മൊഴി. ഹുസൈനെ തിരിച്ചറിഞ്ഞതായും സുരേഷ് കോടതിയിൽ വ്യക്തമാക്കി.
അതേസമയം കൂറുമാറിയ സാക്ഷികളിൽ നിന്നുൾപ്പെടെ പ്രോസിക്യൂഷന് അനൂകൂലമായ കാര്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ രാജേഷ് എം മേനോന്‍ പറഞ്ഞു. 2018 ഫെബ്രുവരി 22നാണ് ഒരു സംഘം അക്രമികൾ ചേർന്ന് മധുവിനെ തല്ലിക്കൊല്ലുന്നത്. മണ്ണാർക്കാട് ജില്ലാ സ്പെഷ്യൽ കോടതി ജഡ്ജി കെഎം രതീഷ് കുമാറാണ് കേസ് പരിഗണിക്കുന്നത്.












Click it and Unblock the Notifications