• search
 • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കോവിഡ് 19 : മെഗാ മേളകളും ഷോപ്പിംഗ് ഫെസ്റ്റിവലുകളും രണ്ടാഴ്ചത്തേയ്ക്ക് നീട്ടാന്‍ നിര്‍ദേശം

പാലക്കാട്; കോവിഡ് 19 രോഗവ്യാപന പ്രതിരോധം ലക്ഷ്യമിട്ട് ജില്ലയില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനോടനുബന്ധിച്ച് മെഗാ മേളകള്‍ / ഷോപ്പിംഗ് ഫെസ്റ്റിവലുകള്‍ എന്നിവ രണ്ടാഴ്ചത്തേയ്ക്ക് നീട്ടി വെയ്ക്കാന്‍ നിര്‍ദേശം. കലക്ടറേറ്റില്‍ ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനുമായ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ഷോപ്പുകളും, മാളുകളും രാത്രി ഒമ്പതിന് അടയ്ക്കണം. കഴിയുന്നിടത്തോളം ഡോര്‍ ഡെലിവറിയായി സാധനങ്ങള്‍ നല്‍കാന്‍ കടയുടമകള്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.

ഷോപ്പ് / മാളിനകത്ത് ഒരേ സമയം പ്രവേശിക്കേണ്ട ആളുകളുടെ എണ്ണം ഷോപ്പിന്റെ/ മാളിന്റെ വിസ്തീര്‍ണത്തിനനുസരിച്ച് ഷോപ്പുടമ നിശ്ചയിക്കണം. പ്രവേശിക്കുന്ന ആളുകളുടെ പേര്, സ്ഥലം, ഫോണ്‍ നമ്പര്‍ എന്നിവ രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ഷോപ്പിനകത്ത് പ്രവേശിക്കുന്നവരും പുറത്ത് നില്‍ക്കുന്നവരും നിര്‍ബന്ധമായും കൃത്യമായി മാസ്‌ക് ധരിക്കുകയും ശാരീരിക അകലം പാലിക്കുകയും ചെയ്യണം. ഒരേ സമയം പ്രവേശിക്കാവുന്ന ആളുകളുടെ എണ്ണം രേഖപ്പെടുത്തിയ ബോര്‍ഡും ബ്രേയ്ക്ക് ദ ചെയിന്‍ ബോര്‍ഡും ഷോപ്പിന്റെ / മാളിന്റെ മുന്‍വശത്ത് സ്ഥാപിക്കണം. ജീവനക്കാരും, മാളിനകത്ത് പ്രവേശിക്കുന്നവരും നിര്‍ബന്ധമായും സാനിറ്റൈസ് ചെയ്യുകയും വായും മൂക്കും മറയത്തക്ക വിധം മാസ്‌ക് ധരിക്കുകയും ചെയ്യണം. ഹോട്ടലുകളിലും, റെസ്റ്റോറന്റുകളിലും ഹോം ഡെലിവറി അല്ലെങ്കില്‍ ടേക്ക് ഹോം സംവിധാനം ഏര്‍പ്പെടുത്തണം. ആകെ സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെ മാത്രമേ ഒരേസമയം അകത്ത് അനുവദിക്കാന്‍ പാടുള്ളൂ.

നഗരസഭാ പരിധിയിലുള്ള ഷോപ്പുകള്‍, മാളുകള്‍, പൊതുജനങ്ങള്‍ കൂടുന്ന സ്ഥലങ്ങള്‍ എന്നിവ നഗരസഭയിലെ ആരോഗ്യ വിഭാഗം പരിശോധിക്കേണ്ടതും കോവിഡ് രോഗപ്രതിരോധ മാനദണ്ഡപ്രകാരമാണോ പ്രവര്‍ത്തിക്കുന്നതെന്ന് ഉറപ്പു വരുത്തണമെന്നും നഗരസഭാ സെക്രട്ടറിമാര്‍ ഇതിന് മേല്‍നോട്ടം വഹിക്കണമെന്നും യോഗത്തില്‍ നിര്‍ദേശിച്ചു.
ജനങ്ങള്‍ കൂട്ടമായി നില്‍ക്കരുത്- പരിപാടികളില്‍ നിശ്ചിത എണ്ണത്തില്‍ കൂടുതലുള്ളവര്‍ക്ക് ടെസ്റ്റ് നെഗറ്റീവ്/ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം

ജനങ്ങള്‍ കൂട്ടമായി നില്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം. കല്യാണങ്ങള്‍, മീറ്റിംഗുകള്‍, മരണാനന്തര ചടങ്ങുകള്‍, ഉത്സവങ്ങള്‍, കലാകായിക സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ നടത്തുന്നത് അകത്തളങ്ങളിലാണെങ്കില്‍ പരമാവധി 100 പേരും പുറത്താണെങ്കില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം. ഇതില്‍ കൂടുതല്‍ പേര്‍ പങ്കെടുക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഒന്നാം ഘട്ടം വാക്സിനേഷന്‍ പൂര്‍ത്തീകരിച്ച സര്‍ട്ടിഫിക്കറ്റോ കൈവശമുണ്ടായിരിക്കണം. കല്യാണങ്ങള്‍, മീറ്റിംഗുകള്‍, മരണാനന്തര ചടങ്ങുകള്‍, ഉത്സവങ്ങള്‍, കലാ, കായിക, സാംസ്‌ക്കാരിക പരിപാടികള്‍ എന്നിവ നടത്തുന്ന വിവരം അതത് പഞ്ചായത്ത് / നഗരസഭ സെക്രട്ടറിമാരെയും ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെയും പങ്കെടുക്കുന്ന ആളുകളുടെ എണ്ണം സഹിതം മുന്‍കൂട്ടി അറിയിക്കണം.

മേല്‍ പരിപാടികള്‍ സര്‍ക്കാര്‍ മാനദണ്ഡപ്രകാരമാണ് നടത്തുന്നതെന്ന വിവരം പോലീസ്, നഗരസഭ / പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പു വരുത്തണം. പരിപാടികളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്ക് നല്‍കുകയും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. ജില്ലയില്‍ 100 സെക്ടറല്‍ മജിസ്ട്രേറ്റുമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. എല്ലാ പരിപാടികളും പരമാവധി രണ്ടു മണിക്കൂറിനുള്ളില്‍ പൂര്‍ത്തീകരിക്കണം. പരമാവധി പായ്ക്ക് ചെയ്ത ഭക്ഷണങ്ങള്‍ അനുവദിക്കുക. ഇത് മാസ്‌ക് മുഖത്തു നിന്നു മാറ്റി കൂട്ടം ചേര്‍ന്നിരിക്കുന്ന അവസരങ്ങള്‍ കുറയ്ക്കുവാനും സഹായിക്കും. ആളുകള്‍ ഒരുമിച്ചു കൂടുന്ന എല്ലാ സ്ഥലങ്ങളിലും സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍, പോലീസ് എന്നിവരുടെ സാന്നിധ്യം എപ്പോഴും ഉണ്ടായിരിക്കും.കുട്ടികളും 60 നു മുകളിലുള്ളവരും പൊതുസ്ഥലങ്ങളില്‍ വരരുത്
തിരക്കുള്ള പൊതുസ്ഥലങ്ങള്‍, പൊതു പരിപാടികള്‍, ഉത്സവങ്ങള്‍, ഷോപ്പുകള്‍, മാളുകള്‍ എന്നീ സ്ഥലങ്ങളില്‍ 10 വയസ്സിനു താഴെയുള്ള കുട്ടികള്‍, 60ന് മുകളില്‍ പ്രായമുള്ളവര്‍ എന്നിവര്‍ പ്രവേശിക്കുന്നത് തടയുന്നതിനും നിര്‍ദേശമുണ്ട്. റംസാന്‍ മാസത്തില്‍ നോമ്പുതുറ സമയത്തുള്ള സാമുദായിക ഒത്തു ചേരല്‍ ഒഴിവാക്കാനുള്ള നടപടികള്‍ മതാചാര്യന്‍മാര്‍ സ്വീകരിക്കണം. ബസുകള്‍ ഉള്‍പ്പെടെയുള്ള പൊതുഗതാഗത വാഹനങ്ങളില്‍ ആളുകള്‍ നിന്നു യാത്ര ചെയ്യരുത്. പരമാവധി സീറ്റിംഗ് കപ്പാസിറ്റി ആളുകളെ മാത്രമേ കയറ്റാന്‍ പാടുള്ളൂ. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും സ്വകാര്യ / പൊതു സ്ഥാപനങ്ങളിലും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കേണ്ടതും ഇത് സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് മാനേജര്‍ ഉറപ്പു വരുത്തേണ്ടതുമാണ്.

മീറ്റിംഗുകള്‍ ഓണ്‍ലൈനാക്കണം
പഞ്ചായത്ത് / നഗരസഭാ തലത്തിലുള്ള കോവിഡ് പ്രതിരോധ സമിതികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തണം. കഴിയുന്നതും ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കണം. കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കുക, യഥാസമയം കോവിഡ് ടെസ്റ്റ് നടത്തുക, വാക്സിനേഷന്‍ എടുക്കുക എന്നീ കാര്യങ്ങള്‍ വളരെ ഗൗരവമായി ജില്ലയില്‍ നടപ്പാക്കിയെങ്കില്‍ മാത്രമേ കോവിഡ് രോഗ വ്യാപനത്തിന്റെ തോത് കുറയ്ക്കാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യ വകുപ്പ്, പോലീസ്, പഞ്ചായത്ത് / നഗരസഭാ സെക്രട്ടറിമാര്‍ ഉറപ്പു വരുത്തണമെന്നും യോഗം നിര്‍ദേശിച്ചു. യോഗത്തില്‍ എ.ഡി.എം എന്‍.എം. മെഹ്റലി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ.പി. റീത്ത, ഡെപ്യൂട്ടി കലക്ടര്‍ & കോവിഡ് നോഡല്‍ ഓഫീസര്‍ വി.കെ.രമ, നഗരസഭാ സെക്രട്ടറിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

cmsvideo
  Kerala to do massive RTPCR tests | Oneindia Malayalam

  English summary
  Covid 19: Proposal to extend mega fairs and shopping festivals for two weeks
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X