സിപിഐ ജില്ലാ കൗൺസിലിൽ നിന്നും മുഹമ്മദ് മുഹ്സിൻ എംഎൽഎ രാജിവെച്ചു; കൂടുതൽ പേർ രാജിവെച്ചേക്കും
പാലക്കാട്: സി പി ഐ ജില്ലാ കൗൺസിലിൽ നിന്നും എം എൽ എ മുഹമ്മദ് മുഹ്സിൻ രാജിവെച്ചു. ജില്ലാ കൗൺസിലിന്റെ ഏകപക്ഷീയമായ നിലപാടിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്നാണ് രാജിക്കത്തിൽ പറയുന്നത്. മുൻ ജില്ലാ പഞ്ചായത്ത് അംഗം സീമ കൊങ്ങശേരി ഉൾപ്പെടെ മറ്റ് ആറ് പേർ കൂടി ജില്ലാ കൗൺസിലിൽ നിന്നും രാജിവെച്ചിട്ടുണ്ട്. നേതാക്കളുടെ രാജി ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും.
പാർട്ടിയിലെ മുതിർന്ന നേതാക്കളിലൊരാളായ ഇ പി ഗോപാലന്റെ മകൾ കെസി അരുണ പട്ടാമ്പി മണ്ഡലം സെക്രട്ടറിയേറ്റിൽ നിന്നും രാജിവെച്ചു. സി പി ഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങുകയാണെന്നും റിപ്പോർട്ടുണ്ട്.

വിഭാഗീയ പ്രവർത്തനം ആരോപിച്ച് നേരത്തേ മുഹമ്മദ് മുഹ്സിനെ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും ജില്ലാ കൗൺസിലിലേക്ക് തരംതാഴ്ത്തിയിരുന്നു. നടപടിയിൽ പാർട്ടിയിൽ വലിയ അമർഷം പുകയുന്നുണ്ട്. മുഹ്സിനെ തരംതാഴ്ത്തിയ പിന്നാലെ മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകർ കൂട്ടത്തോടെ രാജിവെച്ചിരുന്നു. ഇനിയും കൂടുതൽ രാജികൾ ഉണ്ടായേക്കാമെന്നാണ് റിപ്പോർട്ടുകൾ.
ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു മുഹമ്മദ് മുഹ്സിനെ തരം താഴ്ത്തിയത്. മുന്‍ ജില്ലാ സെക്രട്ടറി ടി സിദ്ധാര്‍ഥന്‍ കണ്‍വീനറായ മൂന്നംഗ സമിതിയായിരുന്നു റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയിരുന്നു. എ ഐ ടി യു സി സംസ്ഥാന നേതാവ് കെ സി ജയപാലനുള്‍പ്പെടെ ഏതാനും ജില്ലാ കമ്മിറ്റി അംഗങ്ങളെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ജില്ലാ കൗൺസിൽ അംഗങ്ങളായ 22 പേർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിന്റെ സമയം ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് ഇപ്പോൾ പെട്ടെന്നുളള നേതാക്കളുടെ രാജി.
കാനം പക്ഷക്കാരനായ സി പി ഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എം എൽ എ അടക്കമുള്ളവർക്കെതിരെ നടപടിയെടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കാനം പക്ഷത്തിനാണ് മുൻതൂക്കം. എതിർപക്ഷത്താണ് മുഹമ്മദ് മുഹ്സിൻ.












Click it and Unblock the Notifications