ഇനി 'സർ','മാഡം' വിളികൾ വേണ്ട...'അപേക്ഷിക്കാതെ' അവകാശപെടാം;പ്രമേയം പാസാക്കി മാത്തൂർ പഞ്ചായത്ത്
പാലക്കാട്; ഇനി മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരേയും ഭരണസമിതി അംഗങ്ങളെയും സര്‍, മാഡം എന്ന് വിളിക്കേണ്ടതില്ല. ബ്രിട്ടീഷ് കാലത്തിന്റെ ശേഷിപ്പുകളായ ഇത്തരം വാക്കുകൾ ഒഴിവാക്കാന്‍ ഭരണസമിതി തീരുമാനിച്ചു. ഗ്രാമ പഞ്ചായത്തില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്കുള്ള കത്തിടപാടുകളില്‍ സര്‍, മാഡം എന്നീ അഭിസംബോധനകളും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു എന്നീ പദങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പകരം ജനങ്ങളുടെ അവകാശമായതിനാല്‍ തന്നെ അവകാശപ്പെടുന്നുവെന്നോ, താത്പര്യപ്പെടുന്നുവെന്നോ എഴുതിയാല്‍ മതിയാകും.ആഗസ്റ്റ് 31 ന് നടന്ന പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്.
ബ്രിട്ടീഷ് ഭരണകാലത്തെ പദപ്രയോഗങ്ങളാണ് സര്‍, മാഡം എന്നിവ. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം പിന്നിടുന്ന കാലത്ത് ഇത്തരം പദങ്ങള്‍ ഉപയോഗിക്കുന്നത് പുന പരിശോധിക്കപ്പെടേണ്ടതാണെന്ന ചിന്തയാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്ന് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ച
മാത്തൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിആർ പ്രസാദ് പറയുന്നു.

പഞ്ചായത്തില്‍ എത്തുന്ന ഏതൊരു പൗരനും പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണസമിതിയെയോ ജീവനക്കാരേയോ സര്‍ എന്നതിന് പകരം ഉപയോഗിക്കേണ്ട പദം ഔദ്യോഗികഭാഷാ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് ലഭിക്കുന്നതുവരെ ഉദ്യോഗസ്ഥരുടെ തസ്തികയോ പേരോ വിളിച്ച് അഭിസംബോധന ചെയ്യാം.ഉദ്യോഗസ്ഥരുടെ തസ്തികകളും പേരും എല്ലാ ടേബിളിലും പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ അറിവിലേക്ക് സര്‍ വിളി വിലക്കി ബോര്‍ഡും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രതിഭ അറിയിച്ചു.
ഒരു വ്യക്തിയെ 'സാർ' അല്ലെങ്കിൽ 'മാഡം' എന്ന് വിളിക്കാൻ വിസമ്മതിച്ചതിനാൽ ഏതെങ്കിലും സേവനം തടഞ്ഞുവയ്ക്കുകയാണെങ്കിൽ പൊതു ജനങ്ങള്‍ക്ക് പ്രസിഡന്റ്/ സെക്രട്ടറി എന്നിവരോട് പരാതിപ്പെടാവുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പറയുന്നു.
കറുപ്പ് സാരിയില്‍ വെള്ളത്തില്‍ നിറഞ്ഞാടി ദൃശ്യ രഘുനാഥ്; വൈറലായി പുതിയ ഫോട്ടോഷൂട്ട്
Recommended Video
പ്രായമായവർ നമുക്ക് മുന്നിൽ വന്ന് സർ എന്നോ മാഡം എന്നോ വിളിച്ച് എന്തെങ്കിലും ആവശ്യപ്പെടുമ്പോൾ വളരെ ബുദ്ധിമുട്ട് തോന്നാറുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രതിഭ പറയുന്നു.യഥാർത്ഥത്തിൽ അവരുടെ അവകാശങ്ങളാണ് അവർ ചോദിക്കുന്നത്. അതിനായി ആരുടേയെങ്കിലും മുൻപിൽ അവർ വണങ്ങേണ്ടതില്ല. മാത്രമല്ല, ഇതൊരു കൊളോണിയൽ രീതിയാണ്. ഇത്തരം വാക്കുകളുടെ ഉപയോഗം പുനർവിചിന്തനം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.ഈ വാക്കുകൾ ഒരു യജമാന-അടിമ മനോഭാവമാണ് നിലനിർത്തുന്നത്. ജനാധിപത്യത്തിൽ ജനങ്ങളാണ് യജമാനന്മാർ,പ്രതിഭ വ്യക്തമാക്കി.
ഉദ്യോഗസ്ഥരെയും വിശ്വാസത്തിലെടുത്ത ശേഷമാണ് ഇത്തരമൊരു തിരുമാനം കൈക്കൊണ്ടതെന്ന് വൈസ് പ്രസിഡന്റ് പിആർ പ്രസാദ് പറഞ്ഞു. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ പഞ്ചായത്ത് സമിതി ഒറ്റക്കെട്ടായാണ് പ്രമേയം പാസിക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications