'പാലക്കാടിന്റെ ഹൃദയത്തുടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പ് സഹായിക്കും..ചങ്കിടിപ്പും'; പി സരിൻ
പാലക്കാട്: ഇടതുസ്വതന്ത്രൻ ഡോ പി സരിന് ചിഹ്നമായി. സ്റ്റെതസ്കോപ്പ് ചിഹ്നമാണ് സരിന് അനുവദിച്ചത്. തന്റെ ജോലിയുടെ ഭാഗമായുള്ള ഉപകരണം തന്നെ ചിഹ്നമായി ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പാലക്കാട്ടെ ഹൃദയത്തുടിപ്പ് അറിയാൻ സ്റ്റെതസ്കോപ്പ് സഹായിക്കുമെന്നും സരിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ചിഹ്നം പ്രധാനവിഷയമായിരുന്നു. മുഖവും പേരും ഇത് തന്നെയായിരിക്കും ചിഹ്നം ആയിട്ടില്ലെന്നായിരുന്നു വോട്ടർമാരോട് പറഞ്ഞത്. എന്തായാലും ഇപ്പോൾ ആവശ്യപ്പെട്ട ചിഹ്നം തന്നെ ലഭിച്ചു', സരിൻ പറഞ്ഞു. അതിനിടെ
ഉപതിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥി കൂടി നാമനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ ആണ് അവസാന ദിവസമായ ഇന്ന് പത്രിക പിന്‍വലിച്ചത്. കെ ബിനുമോള്‍ (സി പി എം- ഡെമ്മി) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു. ഇതോടെ മത്സര രംഗത്തുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം അന്തിമമായി. 10 സ്ഥാനാര്‍ത്ഥികളാണ് ഉപതിരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാവുക.

വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനാണ് ഇപ്പോൾ പാലക്കാട് കളമൊരുങ്ങിയിരിക്കുന്നത്. 13 നാണ് തിരഞ്ഞെടുപ്പ്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയ തീരുമാനത്തെ ചൊല്ലി യുവ നേതാവായ പി സരിൻ പാർട്ടി വിട്ടതും എൽ ഡി എഫ് സ്ഥാനാർത്ഥിയായി രംഗത്തെത്തിയതുമാണ് തിരഞ്ഞെടുപ്പ് പോരാട്ടം കൂടുതൽ വീറുറ്റതാക്കിയത്. ബി ജെ പി രണ്ടാം സ്ഥാനത്തുള്ള മണ്ഡലത്തിൽ ഇക്കുറി ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇതോടെ കളമൊരുങ്ങിയത്.
സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്ക് ഇപ്പോഴും കോൺഗ്രസിൽ അറുതിയായിട്ടില്ലെന്നത് പാർട്ടിയുടെ നെഞ്ചിടിപ്പ് ഉയർത്തുന്നുണ്ട്. കെ മുരളീധരനെ സ്ഥാനാർത്ഥിയാക്കാൻ ആവശ്യപ്പെട്ട് കൊണ്ട് ഡി സി സി നൽകിയ കത്തും നേതാക്കളുടെ തുടർ പ്രതികരണങ്ങളും എതിർപക്ഷങ്ങൾ ആയുധമാക്കുന്നുണ്ട്. എന്നാൽ എന്തൊക്കെ സംഭവിച്ചാലും മണ്ഡലത്തിൽ ഇക്കുറിയും യാതൊരു അട്ടിമറിയും ഉണ്ടാകില്ലെന്നും പാലക്കാട് നിലനിർത്തുമെന്നാണ് യു ഡി എഫ് കേന്ദ്രങ്ങൾ അവകാശപ്പെടുന്നത്.
അതേസമയം പി സരിന്റെ വരവ് എൽ ഡി എഫിന്റെ പ്രതീക്ഷ ഉയർത്തിയെന്നാണ് ഇന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതികരിച്ചത്. സരിനിലൂടെ മണ്ഡലം തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ ശോഭ സുരേന്ദ്രൻ പ്രചാരണത്തിന് എത്തിയതോടെ ആഭ്യന്തര തർക്കങ്ങൾ ഇല്ലെന്ന പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞെന്ന വിലയിരുത്തലിലാണ് ബി ജെ പി. സി കൃഷ്ണകുമാറിലൂടെ ചരിത്രം കുറിക്കാമെന്നാണ് നേതൃത്വം പ്രതീക്ഷ പുലർത്തുന്നത്.












Click it and Unblock the Notifications