'ആ മനപ്രയാസം അങ്ങ് മാറി കിട്ടി'; തിരഞ്ഞെടുപ്പ് മാറ്റിയത് ആർക്ക് ഗുണം? കൽപ്പാത്തിക്കാർ പറയുന്നു
ഒടുവിൽ പാലക്കാട് ഉപതിരഞ്ഞെടുപ്പ് നവംബർ 20 ലേക്ക് മാറ്റിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. കൽപ്പാത്തി രഥോത്സവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ രാഷ്ട്രീയ പാർട്ടികൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിൽ നന്ദി അറിയിക്കുകയാണ് കൽപ്പാത്തിക്കാർ. തങ്ങളെ സംബന്ധിച്ച് ഇതിലും സന്തോഷം നൽകുന്ന മറ്റൊരു തീരുമാനം ഇല്ലെന്ന് അവർ വൺ ഇന്ത്യ മലയാളത്തിനോട് പ്രതികരിച്ചു. കൽപ്പാത്തിക്കാരുടെ വാക്കുകൾ ഇങ്ങനെ
നാടിന് നല്ലത് ചെയ്യുന്നവർ വിജയിക്കട്ടെ- -ജയകൃഷ്ണൻ (ബിസിനസ്)
'തിരഞ്ഞെടുപ്പ് മാറ്റിവെച്ചത് വല്യ സന്തോഷം തന്നെ.കൽപ്പാത്തി ഉത്സവത്തിനായാണ് വർഷത്തിൽ ഒരിക്കൽ പുറംനാട്ടിലുള്ള ഇവിടുത്തുകാർ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഉള്ളവരടക്കം വരുന്ന സമയമാണിത്. 13 ഒന്നാം തേര് ദിവസമാണ്. ഇവിടുത്തുകാർക്ക് ദൈവികമായ കാര്യങ്ങൾക്കായിരിക്കുമല്ലോ പ്രധാന്യം. തിരഞ്ഞെടുപ്പൊക്കെ രണ്ടാമതാണ്. ഇനി എല്ലാവർക്കും സമാധാനമായി വോട്ട് ചെയ്യാമല്ലോ.

പാലക്കാട് നിഷ്പക്ഷരായ ആളുകളാണ്. മികച്ച സ്ഥാനാർത്ഥി ആരാണോ അവർ ജയിക്കും. പണ്ടൊക്കെ രാഷ്ട്ര സേവനം അല്ലേ, ഇപ്പോ രാഷ്ട്രീയം അധികാരം നേടിയെടുക്കലാണ്. എന്തായാലും നാടിന് ആര് നല്ലത് ചെയ്യും അവരാണ് ജയിക്കേണ്ടത്'
ബിജെപി ജയിച്ചാൽ കേന്ദ്രസഹായം കിട്ടും-, രാജൻ (മുൻ പ്രവാസി)
'കൊല്ലത്തിൽ ഒരിക്കൽ സംഭവിക്കുന്ന ആഘോഷമല്ലേ, അതുകൊണ്ട് ആഘോഷവും വോട്ടെടുപ്പും ഒരുമിച്ച് കൊണ്ടുപോക്ക് ബുദ്ധിമുട്ടാണ്. രാവിലെ മുതൽ തുടങ്ങിയാൽ രാത്രി വരെയാണ് ചടങ്ങുകൾ. തിരഞ്ഞെടുപ്പ് മാറ്റിയ തീരുമാനം രാഷ്ട്രീയക്കാർക്ക് ഗുണം ചെയ്യുമോയെന്ന് അറിയില്ല. കൽപ്പാത്തിയിൽ ബിജെപിക്ക് സ്വാധീനമുണ്ട്. എന്റെ വോട്ട് എൻഡിഎയ്ക്കാണ്. കോൺഗ്രസ് മറ്റ് പലർക്കൊപ്പവും ചേർന്നാണ് ഇപ്പോൾ ഭരിക്കുന്നത്. മോദി എല്ലാവർക്കും വേണ്ടിയാണ് പ്രവർത്തിക്കുന്നത്. സി കൃഷ്ണകുമാർ ജയിക്കണമെന്നാണ് ആഗ്രഹം. കൃഷ്ണകുമാറിന് അല്ല ബിജെപിക്കാണ് വോട്ട് കൊടുക്കുന്നത്. കൃഷ്ണകുമാർ വന്നാൽ കേന്ദ്രത്തിൽ നിന്നുള്ള കൂടുതൽ പിന്തുണ ഉണ്ടാകും'
രാഹുൽ പത്തനംതിട്ടക്കാരനല്ലേ, സരിന് സ്ഥാനമോഹം-ശിവദാസൻ (എൻആർഐ)
'ഉത്സവ ദിവസം കൽപ്പാത്തിക്കാർക്ക് രാഷ്ട്രീയത്തെ കുറിച്ച് ചിന്തിക്കാൻ സമയം കിട്ടില്ല. തിരഞ്ഞെടുപ്പ് മാറ്റിയത് ആർക്കും അങ്ങനെ പ്രത്യേകിച്ച് ഗുണം ചെയ്യാനൊന്നും പോകുന്നില്ല. മൂന്ന് സ്ഥാനാർത്ഥികളിൽ സി കൃഷ്ണകുമാർ കൗൺസിലറായിരുന്നു. നിയമസഭ , ലോക്സഭ എല്ലാത്തിലും മത്സരിച്ചിട്ടുണ്ട്. പുള്ളിക്ക് മുനിസിപ്പാലിറ്റിയിൽ ചെയ്യാൻ ഒരുപാട് ഉണ്ട്. രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ടക്കാരനാണല്ലോ. ഇവിടെ പാലക്കാട് ഒരു നേതാവ് ഇല്ലാഞ്ഞിട്ടല്ലാലോ. ഇത്രയും ദൂരത്ത് നിന്ന് കൊണ്ടുവരേണ്ട കാര്യമുണ്ടോ. അവിടെ നിന്ന് വന്നിട്ട് രാഹുൽ ഇവിടുത്തുകാർക്ക് എന്തെങ്കിലും ചെയ്യുമോയെന്ന സംശയം പാലക്കാട്ടുകാർക്കുണ്ട്.

മൂന്നാമത്തെ വ്യക്തി സരിനാണ്, പെട്ടെന്ന് മറുകണ്ടം ചാടി സ്ഥാനാർത്ഥിയായി. സ്ഥാനമോഹം കൊണ്ട് ചാടിയതല്ലേയെന്നാണ് ചോദ്യം. എന്തായാലും പാർട്ടി വോട്ട് ചെയ്യുന്നവർ അവരുടെ പാർട്ടികൾക്ക് തന്നെ ഇത്തവണേം വോട്ട് കൊടുക്കും. അല്ലാതെ നിഷ്പക്ഷമായി ചിന്തിക്കുന്ന കൽപ്പാത്തിക്കാർ ഇപ്പോൾ ഒന്നും ആലോചിച്ചിട്ടില്ല. മൂന്ന് നേതാക്കളും ഇതിനോടകം കഴിവ് തെളിയിച്ചവരല്ല.
കൽപാത്തിയുടെ കുടിവെള്ള പ്രശ്നം, പൈതൃക ഗ്രാമമായി സംരക്ഷിക്കേണ്ട കാര്യങ്ങൾ, കൽപ്പാത്തി പുഴയിലെ മാലിന്യ പ്രശ്നങ്ങൾ ഇവയ്ക്കെല്ലാം പരിഹാരമാണ് ഞങ്ങൾ തേടുന്നത്.ഖരമാലിന്യനിർമ്മാർജനമൊക്കെ പ്രശ്നമാണ്. പാലക്കാട് വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ പറ്റിയ ഇടമാണ്. എന്നാൽ ഒരാൾ ഇതുകൊണ്ടുവരുമ്പോൾ മറ്റേയാൾ മുടക്കുകയാണ്.എന്തായാലും നല്ല വ്യക്തി തന്നെ ജനപ്രതിനിധി ആകട്ടെയെന്നാണ്.
സരിൻ ചതിച്ചു, രാഹുൽ മാങ്കൂട്ടത്തിൽ മിടുക്കൻ- രാജേഷ് (ഓട്ടോഡ്രൈവർ)
'മാറ്റിയത് നന്നായി. അന്നേ ദിവസം എല്ലാവരും തേരിന് പുറകിൽ ആകില്ലേ. എന്തായാലും ഇത്തവണ രാഹുൽ മാങ്കൂട്ടത്തിലിനാണ് സാധ്യത. രാഹുൽ പാലക്കാട്ടുകാരനല്ലെങ്കിലും നല്ല വ്യക്തിയാണ്. ബി ജെ പി ഇവിടെ രണ്ടാം സ്ഥാനത്താണ്. പി സരിൻ ചതിച്ചു. അതുകൊണ്ട് വോട്ട് കിട്ടില്ല',

തൃശൂർ പൂരവിവാദം കണ്ടതല്ലേ, മാറ്റിയത് നന്നായി- ശ്രീനിവാസ് (ബിസിനസ്)
'നല്ല തിരിക്ക് വരുന്ന സമയമാണ്. ലോ ആന്റ് ഓഡർ വിഷയമൊക്കെ വന്നാൽ പ്രശ്നമാകുമല്ലോ. തൃശൂർ പൂരവുമായി ബന്ധപ്പെട്ട വിവാദമൊക്കെ നമ്മൾ കണ്ടതല്ലേ. ഇക്കുറി എല്ലാവർക്കും സാധ്യതയുണ്ട്',ശ്രീനിവാസ് പറയുന്നു.
'രഥോത്സവ സമയത്ത് തിരഞ്ഞെടുപ്പ് മാറ്റിവെച്ചതിനെ സ്വാഗതം ചെയ്യുകയാണ്. കാരണം ഇവിടുത്തെ തിരക്ക് ഞങ്ങൾക്കറിയാലോ. പിന്നെ പുറത്തുന്നൊക്കെ വിരുന്നുകാർ വരും. അവരെ നോക്കാതെ പോളിംഗ് ബൂത്തിൽ പോയി നീണ്ട ക്യൂ നിൽക്കാൻ സാധിക്കില്ല. വ്യക്തിയെ നോക്കിയാണ് വോട്ട് നൽകാറുള്ളത്. ഷാഫിക്ക് പകരം രാഹുൽ വന്നതിൽ പ്രശ്നമില്ല, സ്വാഗതം ചെയ്യുകയാണ്', ഭാര്യ ലതാ ശ്രീനിവാസ് പറഞ്ഞു.

കൽപാത്തിയിൽ മൂന്ന് പാർട്ടികൾക്കും സ്വാധീനമുണ്ട്- ശ്രീധർ (പൂജാരി)
'തിരഞ്ഞെടുപ്പ് മാറ്റിയത് നല്ലതാണ്. തേര് വരുമ്പോൾ ആര് വോട്ട് ഇടാൻ പോകും. ഇവിടെ മൂന്ന് പാർട്ടിക്കും വോട്ടുണ്ട്. കോൺഗ്രസിനാണ് ഇവിടെ മുൻതൂക്കം. ബിജെപിക്കും വോട്ടുണ്ട്. 52 മുനിസിപ്പാലിറ്റിയും മൂന്ന് പഞ്ചായത്തുമാണ് ഇവിടെ ഉള്ളത്. ബിജെപിക്ക് മുനിസിപ്പാലിറ്റിയിൽ വോട്ടുണ്ട്. കൽപ്പാത്തിയിൽ കഴിഞ്ഞ തവണ ശ്രീധരൻ ആറായിരം വോട്ടിന്റെ ലീഡ് ചെയ്തിരുന്നു. പക്ഷെ മൂന്ന് പഞ്ചായത്തിൽ വോട്ട് എണ്ണിയപ്പോൾ വീണു. വികസന കാര്യങ്ങൾക്ക് മുൻതൂക്കം നൽകുന്നവർക്ക് വോട്ട് കിട്ടും. ഇവിടെ ഓവുചാലുകളുടെ അപര്യാപ്തത ഉണ്ട്. മഴ വരുമ്പോഴൊക്കെ വെള്ളം കയറും വൃത്തികേടാകും. അത് പരിഹരിക്കണമെന്നത് കൽപ്പാത്തിക്കാരുടെ ആവശ്യമാണ്. ബാക്കിയൊക്കെ ക്ലിയർ ആണ്. ആര് ജയിക്കുമെന്ന് പറയാൻ പറ്റില്ല'.












Click it and Unblock the Notifications