ധോണിയിൽ ഭീതി പടർത്തിയ കാട്ടാനയെ പിടികൂടും; വയനാട്ടിൽ നിന്നുള്ള എലിഫന്റ് സ്‌ക്വാഡ് 4 ന് എത്തും
പാലക്കാട്: പാലക്കാട് ധോണി മേഖലയിൽ ഭീതി പരത്തുന്ന പിടി 7 എന്ന കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ വയനാട്ടിൽ നിന്നുള്ള സംഘം ജനുവരി 4ന് ജില്ലയിൽ എത്തും. ചീഫ് വൈൽഡ് ലൈഫ് വാർഡൻ്റെ ഉത്തരവ് പ്രകാരമാണ് നടപടി. പിടികൂടിയശേഷം ആനയെ ധോണി ആന ക്യാമ്പിൽ കൂടൊരുക്കി നിർത്തുന്നതിനും ഉത്തരവായിട്ടുണ്ട്. ഇതിനായുള്ള പ്രത്യേക കൂടും സംഘം സജ്ജീകരിക്കും.

വയനാട്ടിൽ നിന്നുള്ള ഭരത്, വിക്രം എന്നീ കുങ്കിയാനകൾ ഉൾപ്പെട്ട 26 അംഗ എലിഫൻ്റ് സ്ക്വാഡ് ആണ് എത്തുന്നതെന്ന് പാലക്കാട് ഡി.എഫ്.ഒ ബി. രഞ്ജിത്ത് അറിയിച്ചു. സ്ക്വാഡിനൊപ്പം ചീഫ് വെറ്റിനറി ഓഫീസർ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ, എലിഫന്റ് സ്‌ക്വാഡ് റെയിഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് എത്തുന്നത്. കൂടൊരുക്കുന്നതിന് നടപടികൾ ആരംഭിച്ചതായും പാലക്കാട് ഡി.എഫ്.ഒ അറിയിച്ചു.
നേരത്തെ ആനയെ മുത്തങ്ങയിലേക്ക് മാറ്റാനായിരുന്നു ആലോചന. എന്നാൽ താത്കാലിക കൂടൊരുക്കി ആനയെ അങ്ങോട്ടേക്ക് മാറ്റുന്നതിലെ മനുഷ്യാധ്വാനവും അപകടസാധ്യതകളും കണക്കിലെടുത്താണ് പുതിയ തീരുമാനം. പാലക്കാട്ടുനിന്ന് 200 കിലോമീറ്ററകലെയുള്ള മുത്തങ്ങയിലേക്ക് മാറ്റുന്നത് ആനയുടെ ആരോഗ്യസ്ഥിതിക്ക് ദോഷമാകുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.
ധോനി മേഖലയിൽ വലിയ ഭീതിയാണ് കാട്ടാന സൃഷ്ടിക്കുന്നത്. കൃഷി നശിപ്പിക്കുന്നതും തുടരുകയാണ്. കഴിഞ്ഞ ദിവസം പ്രദേശത്തെ പാടം ചവിട്ടി നശിപ്പിച്ചതായി കർഷകർ പറയുന്നു. ചേലക്കോട് വടുത്തലക്കുഴിയിൽ വി ടി മാത്യു പാട്ടത്തിനെടുത്തു നടത്തുന്ന കൃഷിയാണ് ഇന്നലെ കാട്ടാന നശിപ്പിച്ചത്. ഏഴേക്കർ നെൽപ്പാടാണ് ഇവിടെയുള്ളത്. ഇത് പലപ്പോഴായി ആന നശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications