പാലക്കാടിനെ ഞെട്ടിച്ച് മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് കൊലപാതകങ്ങള്‍
പാലക്കാട്: ജില്ലയെ നടുക്കി ഒറ്റ ദിവസം രണ്ട് കൊലപാതകം. പാലക്കാട് പുതുനഗരം ചോറക്കോടില്‍ യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെ ആലത്തൂരില്‍ അയല്‍വാസി 63 കാരനെ തലക്കടിച്ച് കൊലപ്പെടുത്തി.
വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസികള്‍ തമ്മിലുണ്ടായ കശപിശയാണ് 63 കാരനായ അമ്പാട്ടുപറമ്പ് ബാപ്പുട്ടിയുടെ കൊലപാതകത്തില്‍ കലാശിച്ചത്. കാലിതൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട് അമ്പാട്ടുപറമ്പ് ബാപ്പുട്ടിയും അയല്‍വാസിയും ബന്ധുവുമായ അബ്ദുല്‍ റഹ്മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
ഇതിനിടെയാണ് അബ്ദുല്‍ റഹ്മാന്‍ ബാപ്പുട്ടിയെ ആക്രമിച്ചത്. സംഭവത്തില്‍ അബ്ദുല്‍ റഹ്മാനേയും മകന്‍ ഷാജഹാനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതിന് മുമ്പും അബ്ദുല്‍ റഹ്മാന്‍ ബാപ്പുട്ടിയെ ആക്രമിച്ചിട്ടുണ്ട്. ഈ കേസില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചയാളാണ് അബ്ദുല്‍ റഹ്മാന്‍. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്.

അതേസമയം പുതുനഗരം ചോറക്കോടില്‍ ഇന്ന് രാവിലെയാണ് യുവതിയെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ്. ഇവര്‍ക്ക് കൈയ്ക്കും വെട്ടേറ്റിട്ടുണ്ട്. 40 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടുകാരിയായ നാടോടി സ്ത്രീയാണ് കൊല്ലപ്പെട്ടതെന്നാണ് സംശയം.
പാലക്കാട് ടൗണ്‍ പൊലീസ് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തിയിട്ടുണ്ട്. യുവതിയുടെ മൃതശരീരത്തിന് സമീപത്തു നിന്ന് മദ്യ കുപ്പികളും വെട്ടുകത്തിയും മറ്റും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
സമീപ പ്രദേശങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണ് പൊലീസ്. അതേസമയം കൊല്ലപ്പെട്ട സ്ത്രീയുടെ പേരു വിവരങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. എന്നാല്‍ പല്ലശ്ശന സ്വദേശിയായ സ്ത്രീ സമീപ പ്രദേശങ്ങളിലെ വീട്ടുജോലികള്‍ ചെയ്താണ് കഴിഞ്ഞിരുന്നതെന്നും ആറുമാസം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയതെന്നുമാണ് നാട്ടുകാരെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ പ്രദേശത്ത് ടെന്റടിച്ച് താമസിച്ച് വരികയായിരുന്നു ഇവരെന്നാണ് വിവരം.
ഇന്നലെ രാത്രി എട്ടേ മുക്കാലോടെ സ്ത്രീയെ ഇവിടെ കണ്ടതായും ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നുവെന്നും നാട്ടുകാരന്‍ പറയുന്നു. ഇയാള്‍ക്കായി പൊലീസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. സ്ത്രീയുടെ കൊലപാതകത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് പാലക്കാട് എസ് പി അറിയിച്ചു. മണിക്കൂറുകളുടെ ഇടവേളയില്‍ രണ്ട് സ്ഥലങ്ങളിലുണ്ടായ കൊലപാതകം പൊലീസിനും തലവേദന സൃഷ്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications