'രഞ്ജിത്തിനെ തള്ളാൻ പാർട്ടിക്ക് ഇച്ചിരി ബുദ്ധിമുട്ടുണ്ട്, ക്ഷമ വേണം, സമയമെടുക്കും'; പരിഹസിച്ച് വിടി ബൽറാം
ലൈംഗികാരോപണ വിവദാത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിന്റെ രാജി വൈകുന്നതിൽ പരിഹാസവുമായി മുൻ കോൺഗ്രസ് എംഎൽഎ വിടി ബൽറാം. സഖാവായ രഞ്ജിത്തിനിടെ ഒറ്റയടിക്ക് തള്ളിപ്പറയാൻ സർക്കാരിന് മടി കാണുമെന്നും ഇനിയും സമയമെടുത്തേക്കാമെന്നുമായിരുന്നു പരിഹാസം. ഫേസ്ബുക്കിൽ പങ്കിട്ട കുറിപ്പ് ഇങ്ങനെ
'"ഒരു രഞ്ജിത്ത് ചിത്രം" ആയ 'ലീല'യുടേയും "A Ranjith Cinema" ആയ 'പുത്തൻപണ'ത്തിൻ്റേയും പോസ്റ്ററുകൾ ഇവിടെ ഇടുന്നു. 1977ലെ എസ്എഫ്ഐ ബന്ധം മാത്രമല്ല, സംവിധാന സഹായിയായി കൂടെയുള്ള യുവ സഖാവ് വഴി സിപിഎം സംസ്ഥാന നേതൃത്ത്വവുമായുള്ള നേർബന്ധമാണ് സഖാവ് രഞ്ജിത്തിന്റെ കരുത്ത്. അതാണയാളെ സർക്കാരിന്റെ ചുവപ്പു ബോർഡ് വച്ച ഔദ്യോഗിക കാറൊക്കെയുള്ള പദവിയിലെത്തിച്ചതും ഇതുവരെ നിലനിർത്തിയതും ഇപ്പോഴും നിലനിർത്തിപ്പോരുന്നതും. അതായത്, സഖാവിനെ ഒറ്റയടിക്ക് തള്ളിപ്പറയാൻ പാർട്ടിക്ക് ഒരിച്ചിരി ബുദ്ധിമുട്ടുണ്ട്. ക്ഷമ വേണം സമയമെടുക്കും', വിടി കുറിച്ചു.

പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇന്ന് രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ചലച്ചിത്ര അക്കാദമി അധ്യക്ഷ പദം രഞ്ജിത്ത് ഒഴിയുമെന്നാണ് കരുതുന്നത്. രഞ്ജിത്തിന് എതിരായ ആരോപണം അന്വേഷിക്കണം. കാര്‍ക്കശ്യം നിറഞ്ഞ സ്ത്രീപക്ഷ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. നിരപരാധികളെ മോശക്കാരാക്കണമെന്നും ആഗ്രഹമില്ല. പക്ഷെ അന്വേഷിക്കില്ലെന്ന സര്‍ക്കാര്‍ നടപടിയാണ് സിനിമാ ലോകത്തെയാകെ കരിനിഴലില്‍ നിര്‍ത്തുന്നത്. പരാതി നല്‍കിയാലെ കേസെടുക്കൂവെന്ന സര്‍ക്കാര്‍ നിലപാട് വെറും വാശിയാണ് എന്നായിരുന്നു സതീശന്റെ വിമർശനം.
രഞ്ജിത്ത് രാജിവെച്ചില്ലെങ്കിൽ കോൺഗ്രസ് വലിയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരനും വ്യക്തമാക്കിയിരുന്നു. '1976 ൽ SFI യിൽ തുടങ്ങിയ ജീവിതം ആണെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കൂടുതലായി ഈ വിഷയത്തിൽ ഒന്നും അറിയേണ്ടതില്ല. പി ശശിയും പികെ ശശിയും അരങ്ങു വാഴുന്ന പാർട്ടിയിൽ അവർക്ക് ഒത്ത എതിരാളി ഉണ്ടായതിൽ സിപിഎമ്മിന് സന്തോഷം കാണും.
പക്ഷെ കേരളത്തിന് ഈ അശ്ലീല ഭാരം ചുമക്കാൻ സൗകര്യമില്ല. പിണറായി വിജയൻ മുഖ്യമന്ത്രി ആയ മന്ത്രിസഭയ്ക്ക് രഞ്ജിത്ത് എന്ന അക്കാദമി ചെയർമാൻ അലങ്കാരമാണ്..ആത്മാഭിമാനമുള്ള മലയാളിക്ക് അപമാനവും.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തു നിന്ന് രാജി വയ്ക്കുക എന്നത് നാടിന്റെ ഏറ്റവും ചെറിയ ആവശ്യമാണ്. ഇല്ലെങ്കിൽ വലിയ പ്രക്ഷോഭങ്ങളുമായി ഞങ്ങളിറങ്ങും', എന്നായിരുന്നു സുധാകരൻ പറഞ്ഞത്.












Click it and Unblock the Notifications