പത്തനംതിട്ട വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല തീര്‍ഥാടനം : ജില്ലയിലെ എല്ലാ ഇടത്താവളങ്ങളും പൂര്‍ണസജ്ജമാക്കാന്‍ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

ശബരിമല: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല ക്ഷേത്രം 16ന് തുറക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ എല്ലാ ഇടത്താവളങ്ങളും പൂര്‍ണസജ്ജമാക്കുവാന്‍ ജില്ലാ കളക്ടര്‍ പിബി നൂഹ് തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദേ്യാഗസ്ഥരുടെയും സംഘടനകളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.

<strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍</strong>ആചാരലംഘനമുണ്ടായെങ്കില്‍ തില്ലങ്കേരിയെ 41 ദിവസം ഭജനമിരുത്താം.... മറുപടിയുമായി സുരേന്ദ്രന്‍

പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ പമ്പയിലും സന്നിധാനത്തും തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഉണ്ടായാല്‍ തീര്‍ഥാടകരെ ഇടത്താവളങ്ങളില്‍ താമസിപ്പിക്കുന്നതിന് പൂര്‍ണ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതിനായി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും ദേവസ്വംബോര്‍ഡിന്റെയും ഉടമസ്ഥതയിലുള്ള എല്ലാ ഇടത്താവളങ്ങളും 16ന് മുമ്പ് പൂര്‍ണസജ്ജമാക്കണം.

Sabarimala

പത്തനംതിട്ട നഗരസഭയുടെ ശബരിമല ഇടത്താവളത്തില്‍ 1000 പേര്‍ക്കെങ്കിലും വിരിവയ്ക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ മുനിസിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യമുണ്ടായാല്‍ ജില്ലയിലെ സ്വകാര്യ, പൊതു കല്യാണമണ്ഡപങ്ങള്‍ ഉള്‍പ്പെടെയുള്ളവ ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുത്ത് തീര്‍ഥാടകരുടെ ആവശ്യത്തിനായി ഉപയോഗിക്കുമെന്നും കളക്ടര്‍ പറഞ്ഞു.

എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തീര്‍ഥാടക സഹായകേന്ദ്രങ്ങളാകും

പമ്പ, നിലയ്ക്കല്‍, സന്നിധാനം എന്നിവിടങ്ങളിലുള്ള റവന്യു വകുപ്പിന്റെ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തീര്‍ഥാടക സഹായക കേന്ദ്രങ്ങളായികൂടി പ്രവര്‍ത്തിക്കും. ഡെപ്യൂട്ടി കളക്ടര്‍മാരുടെ ചുമതലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഇഒസികള്‍ ഇനി മുതല്‍ വിവിധ വകുപ്പുകളുടെ ഏകോപനം കൂടി നിര്‍വഹിക്കും. ഓരോ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിന്റെയും പരിധികളില്‍ ജോലി ചെയ്യുന്ന വിവിധ ഉദേ്യാഗസ്ഥര്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളിലും റിപ്പോര്‍ട്ട് ചെയ്യണം. ഭക്ഷണം, കുടിവെള്ളം, ബസ് സൗകര്യം തുടങ്ങി ഏതുവിധത്തിലുള്ള പ്രയാസങ്ങളും തീര്‍ഥാടകര്‍ക്ക് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകളില്‍ അറിയിക്കാം.

പരാതിപരിഹരിക്കേണ്ട വകുപ്പുമായി ഇഒസിയിലെ ഉേദ്യാഗസ്ഥര്‍ ബന്ധപ്പെട്ട് ഉടന്‍ പ്രശ്‌നത്തിന് പരിഹാരം കാണും. പരാതികളുടെ പരിഹാരം ഓണ്‍ലൈനായി ജില്ലാ കളക്ടര്‍ ഉള്‍പ്പെടെയുള്ള റവന്യു ഉദേ്യാഗസ്ഥര്‍ക്ക് പരിശോധിക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തും. ഇഒസികളുമായി ബന്ധപ്പെടുന്നതിന് പ്രേത്യക ടോള്‍ഫ്രീ നമ്പരുകളും ഏര്‍പ്പെടുത്തും. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ള ഐഎഎസ് ഉദേ്യാഗസ്ഥന്റെ ചുമതലയിലായിരിക്കും നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഇഒസികള്‍ പ്രവര്‍ത്തിക്കുക. എല്ലാ ഇഒസികളുംം ഡെപ്യൂട്ടി കളക്ടര്‍മാരുടെ ചുമതലയിലായിരിക്കുംപ്രവര്‍ത്തിക്കുക.

ശുചീകരണത്തിന് 1000 വിശുദ്ധി സേനാംഗങ്ങള്‍

മണ്ഡല-മകരവിളക്ക് തീര്‍ഥാടന കാലത്ത് സന്നിധാനം, പമ്പ, നിലയ്ക്കല്‍, പന്തളം തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണത്തിനായി അയ്യപ്പസേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി 1000 വിശുദ്ധിസേനാംഗങ്ങളെ നിയോഗിക്കും. മുന്‍ വര്‍ഷം 800 അംഗങ്ങളെയാണ് നിയോഗിച്ചിരുന്നത്. പ്രളയത്തില്‍ പമ്പയിലെ അടിസ്ഥാന സൗകര്യങ്ങള്‍ നഷ്ടപ്പെട്ടിട്ടുളളതിനാല്‍ നിലയ്ക്കല്‍ ബേസ് ക്യാമ്പായിട്ടുള്ള സാഹചര്യത്തില്‍ 350 വിശുദ്ധിസേനാംഗങ്ങളെയാണ് നിലയ്ക്കലില്‍ വിന്യസിക്കുന്നത്.

വാഹന അപകടങ്ങള്‍ ഒഴിവാക്കുന്നതിന് സേഫ്‌സോണ്‍ പദ്ധതി

വാഹനാപകടങ്ങള്‍ ഒഴിവാക്കുന്നതിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ സേഫ്‌സോണ്‍ പദ്ധതി നടപ്പാക്കും. ഇലവുങ്കല്‍ കേന്ദ്രീകരിച്ചുള്ള സേഫ്‌സോണ്‍ പദ്ധതിയുടെ കണ്‍ട്രോള്‍ ഓഫീസില്‍ നിന്ന് വാഹന അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള പട്രോളിംഗുകളും ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്ക്കരണം, കേടാകുന്ന വാഹനങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനുള്ള സഹായം, ഡ്രൈവര്‍മാര്‍ ഉറങ്ങാതിരിക്കുന്നതിനുള്ള ചുക്കുകാപ്പി വിതരണം തുടങ്ങി സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മോട്ടോര്‍ വാഹനവകുപ്പ് ഏര്‍പ്പെടുത്തും.

ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ലാഘനീയമാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പ്രളയത്തില്‍ വന്‍ നാശം സംഭവിച്ച ജില്ലയിലെ റോഡുകള്‍ പുനരുദ്ധരിക്കാന്‍ പൊതുമരാമത്ത് വകുപ്പ് യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ളാഹ മുതല്‍ ചാലക്കയം വരെയുള്ള ഭാഗങ്ങളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു. ഇവയൊക്കെത്തന്നെ തീര്‍ഥാടന കാലത്തിന് മുമ്പ് ഗതാഗതയോഗ്യമാക്കുവാന്‍ കഴിഞ്ഞു. ഇതോടൊപ്പം ജില്ലയിലെ മറ്റ് പ്രധാന ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികളും പൂര്‍ത്തിയായി വരുന്നു.

തീര്‍ഥാടന കാലത്ത് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ ഭക്ഷണ സാധനങ്ങളുടെ വില നിശ്ചയിച്ചിട്ടുണ്ട്. വിലവിവരം എല്ലാ ഹോട്ടലുകളും പ്രദര്‍ശിപ്പിക്കണം. തീര്‍ഥാകര്‍ക്ക് നല്‍കുന്ന ഭക്ഷണ സാധനങ്ങളുടെ ഗുണനിലവാരം, അളവ്, വില എന്നിവ ഉറപ്പുവരുത്തുന്നതിന് ഭക്ഷ്യസുരക്ഷ, സിവില്‍ സപ്ലൈസ്,റവന്യു, ആരോഗ്യം വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡുകള്‍ പരിശോധന നടത്തും. പ്ലാസ്റ്റിക് വിരുദ്ധ ബോധവത്ക്കരണം ജില്ലാ ഭരണകൂടം നടത്തും.

തീര്‍ഥാടന കാലത്ത് ജില്ലയില്‍ ടിപ്പര്‍ ലോറികളുടെ ഓവര്‍സ്പീഡ്, ഓവര്‍ലോഡ് എന്നിവ നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ ആര്‍ടിഒയ്ക്ക് നിര്‍ദേശം നല്‍കി. തിരുവല്ല ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടന്ന ശബരിമല സുരക്ഷായാത്രയില്‍ ബോധ്യപ്പെട്ട സുരക്ഷാ പിഴവുകള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ അടിയന്തരമായി സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. അടൂര്‍ ആര്‍ഡിഒ എം.എ റഹിം, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, വിവിധ വകുപ്പ് ഉദേ്യാഗസ്ഥര്‍, അയ്യപ്പസേവാസംഘം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
District collector's order about Sabarimala Pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X