പത്തനംതിട്ടയില്‍ ജോസിന് നിരാശ; രാജു എബ്രഹാം, വീണ ജോര്‍ജ്, ജനീഷ് കുമാര്‍ വീണ്ടും മത്സരിച്ചേക്കും
പത്തനംതിട്ട: ഓരോ ജില്ലയിലെ സ്ഥാനാര്‍ത്ഥി സാധ്യത പട്ടിക തയ്യാറാക്കി അന്തിമ പ്രഖ്യാപനത്തിലേക്ക് കടക്കാനുള്ള ശ്രമത്തിലേക്കാണ് ഇടതുമുന്നണി. മന്ത്രിമാര്‍, രണ്ട് തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ എന്നിവര്‍ ഒഴികേയുള്ളവരുടെ കാര്യത്തില്‍ മിക്കയിടങ്ങളിലും അന്തിമ തീരുമാനം ആയിട്ടുണ്ട്. പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പത്തനംതിട്ട ഉള്‍പ്പടേയുള്ള ജില്ലയിലെ സാധ്യത പട്ടികകള്‍ ആണ് ഇടതുമുന്നണി ഇതിനോടകം തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ആറന്‍മുള, കോന്നി
പത്തനംതിട്ടയില്‍ ആറന്‍മുള, കോന്നി, റാന്നി എന്നീ മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. ഇതില്‍ റാന്നി ഒഴികേയുള്ള മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാരായ വീണാ ജോര്‍ജും ജനീഷ് കുമാറും തുടരാനാണ് തീരുമാനം. മണ്ഡലത്തിലെ വിജയ സാധ്യതയും സാമുദായിക സമവാക്യവും പരിഗണിച്ചാണ് രണ്ട് മണ്ഡലത്തിലും നിലവിലെ അംഗങ്ങള്‍ തന്നെ തുടരാന്‍ സിപിഎം തീരുമാനിച്ചത്.

കോന്നിയിലും ആറന്‍മുളയിലും
കോന്നിയിലും ആറന്‍മുളയിലും സിപിഎമ്മില്‍ നിന്നും മറ്റ് പേരുകളൊന്നും ശക്തമായി ഉയര്‍ന്ന് വന്നില്ല എന്നതും തീരുമാനം എടുക്കുന്നത് എളുപ്പമാക്കി. അതേസമയം റാന്നിയുടെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. റാന്നിക്കായി കേരള കോണ്‍ഗ്രസ് ശക്തമായി രംഗത്ത് ഉണ്ടെങ്കിലും സീറ്റ് വിട്ടുകൊടുക്കേണ്ടതില്ലെന്ന നിലപാടാണ് സിപിഎം ജില്ലാ ഘടകത്തിന്‍റെ നിലപാട്.

റാന്നിയിൽ രാജു എബ്രഹാം
റാന്നിയിൽ രാജു എബ്രഹാമിന് ആറാം തവണയും അവസരം നൽകാൻ സെക്രട്ടറിയേറ്റ് നിർദ്ദേശം വന്നു. റാന്നിയില്‍ ഏറ്റവും കൂടുതല്‍ വിജയ സാധ്യത രാജു എബ്രഹാമിനാണെന്നാണ് മന്ത്രി തോമസ് ഐസക്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെജെ തോമസ് എന്നിവർ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് ഉയര്‍ന്ന വികാരം. ഇതോടെ ഇക്കാര്യത്തില്‍ സംസ്ഥാന ഘടകത്തിന്‍റെ തീരുമാനം കൂടി അറിഞ്ഞതിന് ശേഷമായിരിക്കും തീരുമാനം.

തിരുവല്ലയില്‍ മാത്യു ടി തോമസ്
തിരുവല്ലയില്‍ മാത്യു ടി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി തുടര്‍ന്നേക്കും. സീറ്റിനായി ജെഡിഎസിലെ ചില നേതാക്കള്‍ രംഗത്ത് ഉണ്ടെങ്കിലും സിപിഎമ്മിനും താല്‍പര്യം മാത്യു ടി തോമസിനോടാണ്. മണ്ഡലത്തിലെ നിര്‍ണ്ണായകമായ ഘടകമായ മാര്‍ത്തോമ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് മാത്യു ടി തോമസ് എന്നതാണ് അദ്ദേഹത്തിന്‍റെ അനുകൂല ഘടകം.

അടൂരില്‍ ചിറ്റയം
ജില്ലയില്‍ സിപിഐ മത്സരിക്കുന്ന ഏക സീറ്റ് അടൂര്‍ ആണ്. സംവരണ മണ്ഡലമായ അടൂരില്‍ ഇത്തവണയും ചിറ്റയം ഗോപകുമാര്‍ തന്നെ രംഗത്തിറങ്ങിയേക്കും. പ്രഖ്യാപനങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കിലും മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമായിരിക്കുകയാണ് ചിറ്റയം ഗോപകുമാര്‍. മുന്നണി പ്രാദേശിക നേതൃത്വത്തിനും താല്‍പര്യം ചിറ്റയം ഗോപകുമാറിനോടാണ്.

കോന്നിയില്‍ തര്‍ക്കം
അതേസമയം മറുവശത്ത് കോണ്‍ഗ്രസിലും ചര്‍ച്ചകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കോന്നിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തന്നെയുണ്ടായി. അടൂര്‍ പ്രകാശിന്‍റെ പിന്തുണയില്‍ സീറ്റുറപ്പിക്കാന്‍ ശ്രമിക്കുന്ന റോബിന്‍ പീറ്ററിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസിക്ക് കത്തയച്ചു. റോബിന്‍ പീറ്ററെ കോന്നിയില്‍ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ടാണ് കെപിസിസി അംഗം ഉള്‍പ്പടെ 17 പേര്‍ കത്തയച്ചത്.

ആറന്‍മുളയില്‍ മൂന്ന് പേര്‍
മുന്‍ ഡിസിസി പ്രസിഡന്റ് പി. മോഹന്‍രാജ്, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, മുന്‍ എംഎല്‍എ കെ.ശിവദാസന്‍ നായര്‍ എന്നിവരുടെ പേരുകളാണ് ആറന്‍മുളയിലേക്ക് പരിഗണിക്കുന്നത്. ശക്തമായ മത്സരം കാഴ്ചവെച്ചാല്‍ പിടിച്ചെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുള്ള മണ്ഡലമാണ് ആറന്‍മുള. തിരുവല്ല സീറ്റിന്‍റെ കാര്യത്തില്‍ ഇതുവരെ തീരുമാനം ആയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

കേരള കോണ്‍ഗ്രസ് ജോസഫ്
തിരുവല്ല സീറ്റ് വിട്ടുതരില്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം വ്യക്തമാക്കുമ്പോള്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ തന്നെ മത്സരിക്കണമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. എന്നാല്‍ ജില്ലയിലെ ഏക സീറ്റ് എന്ന നിലയില്‍ തിരുവല്ലയില്‍ ഉറച്ച് നില്‍ക്കുകയാണ് ജോസഫ് വിഭാഗം. ജോസഫ് വിഭാഗത്തില്‍ തന്നെ തിരുവല്ല സീറ്റിനായി ജോസഫ് എം പുതുശ്ശേരിയും വിക്ടര്‍ തോമസും ശക്തമായ നീക്കമാണ് നടത്തുന്നത്.
മല്ലിക ഷെരാവത്തിന്റെ ഗ്ലാമര്‍ ഫോട്ടോകള്‍ കാണാം